പാരിസ്: ഒളിമ്പിക്സിലെ ഗ്ലാമർ പോരാട്ടമായ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ വേഗരാജാവിനെ ഇന്നറിയാം. ഞായറാഴ്ച രാത്രി 11.35 സെമി ഫൈനലും 1.20ന് ഫൈനലും നടക്കും. ശനിയാഴ്ച നടന്ന പ്രിലിമിനറി റൗണ്ടും ഒന്നാം റൗണ്ടും കഴിഞ്ഞപ്പോൾ മുന്നിലെത്തിയ 27 പേരാണ് സെമിയിൽ മത്സരിക്കുക. 100 മീറ്ററിൽ മേധാവിത്വം പുലർത്തുന്ന യു.എസിന്റേയും ജമൈക്കയുടേയും മൂന്ന് താരങ്ങൾ വീതം സെമിയിലെത്തി. അഞ്ച് താരങ്ങൾ 10 സെക്കൻഡിന് മുമ്പ് ഫിനിഷിങ് ലൈൻ തൊട്ടു.
യു.എസിന്റെ കെന്നത്ത് ബെഡ്നാരകാണ് സെമിയിൽ എത്തിയവരിൽ മികച്ച സമയം കുറിച്ചത് (9.97). ടോക്യോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവ് ഫ്രെഡ് കെർലിയും ഇതേസമയം കുറിച്ചു. ബ്രിട്ടന്റെ ലൂയി ഹിഞ്ചിലിഫെ (9.98), കാമറൂണിന്റെ ഇമ്മാനുവൽ എസമെ (9.98), ഒബ്ലിക് സെവില്ലെ (9.99) എന്നിവരാണ് 10 സെക്കൻഡിൽ താഴെ ഓടിയെത്തിയവർ.
ടോക്യോയിലെ ചാമ്പ്യൻ ഇറ്റലിയുടെ ലാമന്റ് മാഴ്സൽ ജേക്കബ് 10.05 സെക്കൻഡിലാണ് ഓടിയെത്തിയത്. ടോക്യോയിൽ വെങ്കലം നേടിയ കാനഡയുടെ ആൻന്ദ്രെ ഡി ഗ്രാസ്സെ 10.07 സെക്കൻഡിലും ഫിനിഷിങ് ലൈൻ തൊട്ടു. ഇരുവരും സെമിയിലെത്തി.
100, 200 മീറ്ററുകളിൽ നിലവിലെ ലോക ചാമ്പ്യനായ നോഹ ലൈൽസ് ഒന്നാം ഹീറ്റ്സിൽ രണ്ടാമതായി. 10.04 സെക്കൻഡെടുത്തു ഓടിയെത്താൻ. സെമിയിലെത്തിയവരിൽ 12ാമതാണ് നോഹയുടെ സ്ഥാനം. ഒന്നാം റൗണ്ടിൽ എട്ട് ഹീറ്റ്സിലായി 72 പേരാണ് സെമിയിൽ യോഗ്യത നേടാനായി മത്സരിച്ചത്.
ഓരോ ഹീറ്റ്സിലേയും ആദ്യ മൂന്ന് സ്ഥാനക്കാരും ഹീറ്റ്സിൽ കൂടുതൽ വേഗം കൈവരിച്ച മൂന്നുപേർക്കുമാണ് സെമിയിലേക്ക് യോഗ്യത ലഭിച്ചത്.
സെമിയിൽ മൂന്ന് ഹീറ്റ്സിലായി മത്സരിക്കുന്നവരിൽനിന്ന് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവരും മികച്ച സമയം കൈവരിക്കുന്ന രണ്ടുപേരുമാണ് ഫൈനലിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.