പാരിസ്: ഇന്നലേക്ക് കൃത്യം മൂന്ന് വർഷം മുമ്പ്, അതായത് 2021 ആഗസ്റ്റ് ഏഴിനാണ് ഇന്ത്യൻ അത് ലറ്റിക്സിന് അന്നോളമില്ലാത്ത സുവർണനേട്ടം കൈവന്നത്. നീരജ് ചോപ്രയെന്ന 23കാരൻ ടോക്യോ ഒളിമ്പിക്സ് പുരുഷ ജാവലിൻ ത്രോ ഫൈനലിലെ രണ്ടാം ശ്രമത്തിൽ എറിഞ്ഞ 87.58 മീറ്റർ ദൂരം മറികടക്കാൻ ശേഷിയും കരുത്തുമുള്ള വമ്പന്മാർ കൂടെ മത്സരിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല. ഫലം സ്വതന്ത്ര ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന് ട്രാക്ക് ആൻഡ് ഫീൽഡിൽനിന്ന് മെഡൽ. കായിക ലോകത്തെ വിസ്മയിപ്പിച്ച് നീരജ് കഴുത്തിലണിഞ്ഞത് കനകം തന്നെ. ആ സുവർണ നിമിഷത്തിന് മൂന്നാണ്ട് തികഞ്ഞതിന്റെ പിറ്റേന്നാൾ നീരജ് വീണ്ടും ജാവലിനുമായി ഒളിമ്പിക്സ് ഫൈനലിനിറങ്ങുകയാണ്.
നീരജിന്റെ കുന്തം സ്വർണത്തിൽതന്നെയാണ് ചെന്ന് പതിക്കുന്നതെങ്കിൽ സമീപകാലത്തൊന്നും ഒരു ഇന്ത്യക്കാരനും എത്തിപ്പിടിക്കാനാവാത്ത റെക്കോഡ് 26കാരൻ സ്വന്തം പേരിലാക്കുമെന്ന് ഉറപ്പ്. വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 11.55നാണ് ഫൈനൽ. 12 പേരാണ് മത്സരിക്കുന്നത്.
84 മീറ്ററാണ് ഒളിമ്പിക്സ് ജാവലിൻ ത്രോ ഫൈനലിലേക്കുള്ള സ്വാഭാവിക യോഗ്യതാ ദൂരം. ടോക്യോയിൽ ഇത് മറികടന്നത് ആറുപേരായിരുന്നെങ്കിൽ പാരിസിൽ ഒമ്പത് താരങ്ങൾ 84 കടന്നു. ഒമ്പതിൽ നീരജടക്കം അഞ്ചുപേരുടെയും ആദ്യ ശ്രമം തന്നെ 84ന് മുകളിലായിരുന്നു. നീരജ് 89.34 മീ., ഗ്രാനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സൻ 88.63, ജർമനിയുടെ ജൂലിയൻ വെബർ 87.76, പാകിസ്താന്റെ അർഷദ് നദീം 86.59, കെനിയയുടെ ജൂലിയസ് യെഗോ 85.97, ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ 85.91, ചെക് റിപ്പബ്ലിക്കിന്റെ ജാകുബ് വാദ് ലെച് 85.63, ഫിൻലൻഡിന്റെ ടോണി കെരാനെൻ 85.27, മൊൾഡോവ ആൻഡ്രിയൻ മാർഡാരെ 84.13 എന്നിങ്ങനെയാണ് എറിഞ്ഞത്.
ഫൈനലിൽ മത്സരിക്കുന്ന ആൻഡേഴ്സൻ പീറ്റേഴ്സൻ (93.07), ജൂലിയസ് യെഗോ (92.72), ജാകുബ് വാദ് ലെച് (90.88), അർഷദ് നദീം (90.18) എന്നിവരുടെയെല്ലാം മികച്ച വ്യക്തിഗത പ്രകടനം നീരജിന് മുകളിലാണ്. ഇന്നോളം 90 മീറ്ററെന്ന മാന്ത്രിക സംഖ്യ പിന്നിടാൻ നീരജിനായിട്ടില്ല. എന്നാൽ, നിലവിലെ സീസണിലെ കൂടിയ ദൂരം സ്വന്തമാക്കിയാണ് ഇന്ത്യൻ താരം ഒളിമ്പിക്സ് മെഡൽ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്, 89.34. വാദ് ലെചിന്റെ 88.65 മീറ്ററാണ് 2024ൽ രണ്ടാം സ്ഥാനത്തുള്ളത്. 88.63 മീറ്ററുമായി മൂന്നാമതാണ് ആൻഡേഴ്സൻ. 2023ലെ ലോക ചാമ്പ്യൻഷിപ് ഫൈനലിൽ നീരജ് (88.17), നദീം (87.82), വാദ് ലെച് (86.67), വെബർ (85.79) എന്നിങ്ങനെയായിരുന്നു ആദ്യ നാല് സ്ഥാനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.