പാരിസ്: 1989ൽ ചൈനയിൽനിന്ന് ചിലിയിലേക്ക് ചേക്കേറിയതാണ് ടേബിൾ ടെന്നിസ് (ടി.ടി) താരമായ സെങ് ഷിയിങ്. ടാനിയ സെങ് എന്ന് പേര് മാറ്റിയ ഈ കളിക്കാരി ഒളിമ്പിക്സിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. 58ാം വയസ്സിലാണ് ഈ അരങ്ങേറ്റം. കഴിഞ്ഞ വർഷം സാന്റിയാഗോയിൽ നടന്ന പാൻ അമേരിക്കൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ടാനിയ വർഷങ്ങൾക്ക് മുമ്പേ ടേബിൾ ടെന്നിസിൽനിന്ന് വിരമിച്ചതായിരുന്നു. ബിസിനസിലും കുടുംബത്തിലും ശ്രദ്ധ പുലർത്താനായി അന്ന് ടി.ടി ഉപേക്ഷിക്കുകയായിരുന്നു. കോവിഡ് കാലത്ത് വീണ്ടും കളിയിലേക്കെത്തി. ഒളിമ്പിക്സിൽ പങ്കെടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ടാനിയ പറഞ്ഞു. മത്സരങ്ങളിൽ ജയിച്ച് മുന്നേറിയതോടെ ആത്മവിശ്വാസമേറിയെന്നും കൂടുതൽ കളിക്കാൻ ഇഷ്ടമായെന്നും ടാനിയ പറഞ്ഞു. ഒളിമ്പിക്സ് യോഗ്യത എന്ന വമ്പൻ സ്വപ്നം നിറവേറിയതിലും ഏറെ സന്തോഷത്തിലാണെന്ന് ടാനിയ പറഞ്ഞു.
തെക്കൻ ചൈനയിലെ ഫോഷനിൽ ജനിച്ച ടാനിയയുടെ പിതാവ് ടി.ടി പരിശീലകനായിരുന്നു. എന്നാൽ, 1989ൽ ചിലിയിലെ അരിക്കയിൽ യുവ കായികതാരങ്ങളെ പഠിപ്പിക്കാനുള്ള ക്ഷണം സ്വീകരിച്ചതോടെ അവളുടെ ജീവിതം വഴിത്തിരിവായി.
നിലവിൽ 151 ആണ് ടാനിയയുടെ ലോക റാങ്കിങ്. ഹൃദയത്തിലും ആത്മാവിലും താൻ ചിലിക്കാരിയായി മാറിയെന്ന് ടാനിയ പറയുന്നു. പ്രായമായതിനാൽ തന്റെ പ്രകടനത്തെ പരിക്കുകളൊന്നും ബാധിക്കില്ലെന്ന് അവർ പ്രതീക്ഷിക്കുന്നു. ‘ഒളിമ്പിക് മുത്തശ്ശി’യുടെ ആദ്യ മത്സരം ഇന്നാണ്. ചിലിയിലുള്ളവർ മാത്രമല്ല, അങ്ങ് ചൈനയിൽനിന്ന് സഹോദരനും 92 വയസ്സുള്ള പിതാവും ടാനിയയുടെ വിജയത്തിനായി കാത്തിരിക്കുകയാണ്. യോഗ്യത നേടിയെന്ന് അറിഞ്ഞപ്പോൾ പിതാവ് അലറിവിളിച്ച് കസേരയിൽനിന്ന് ചാടിയതായി ടാനിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.