ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ത്രില്ലർ പോരിൽ 3-2ന് ന്യൂസിലൻഡിനെ വീഴ്ത്തി

പാരിസ്: ഒളിമ്പിക് സുവർണ വഴിയിൽ വരാനിരിക്കുന്നതിന്റെ വലിയ സൂചനകളുമായി കോട്ടകെട്ടി മുന്നിൽനിന്ന കിവികളെ പറത്തിവിട്ട് ഇന്ത്യൻ ഹോക്കിപ്പട. ഇഞ്ചോടിഞ്ച് പോരാട്ടവുമായി എതിരാളികൾ ഒപ്പംനിന്ന തകർപ്പൻ പോരാട്ടത്തിൽ പെനാൽറ്റി സ്ട്രോക്ക് ഗോളാക്കി ക്യാപ്റ്റൻ ഹർമൻപ്രീതാണ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

നീണ്ട നാലു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് അറുതി കുറിച്ച് ടോക്യോയിൽ അടിച്ചെടുത്ത വെങ്കലത്തിന് അതേക്കാൾ മികച്ച തുടർച്ച തേടിയിറങ്ങിയ ഇന്ത്യക്ക് എല്ലാ അർഥത്തിലും മികച്ച എതിരാളികളായിരുന്നു ന്യൂസിലൻഡ്. മൂന്നാം റാങ്കുകാരായ ബെൽജിയം, തൊട്ടുപിറകിലുള്ള ആസ്ട്രേലിയ, ആറാമന്മാരായ അർജന്റീന എന്നിങ്ങനെ ഇനി മുഖാമുഖം വരുന്ന എല്ലാവരും കൂടുതൽ കരുത്തരായതിനാൽ ജയത്തിൽ കുറഞ്ഞതൊന്നും ടീമിന് മതിയാകുമായിരുന്നില്ല. അത് തിരിച്ചറിഞ്ഞ് പോര് കനപ്പിച്ചെങ്കിലും തുടക്കത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്നത് കിവികൾ.

അവസാന ഒളിമ്പിക്സിനിറങ്ങിയ പി.ആർ. ശ്രീജേഷിനെ കീഴടക്കി ആദ്യ പാദത്തിൽ സാം ലെയിൻ ന്യൂസിലൻഡിനെ മുന്നിലെത്തിക്കുകയും ചെയ്തു. എട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലായിരുന്നു ഇന്ത്യയെ ഞെട്ടിച്ച ഗോൾ. ഒരു വട്ടം പെനാൽറ്റി നഷ്ടപ്പെടുത്തിയ ഇന്ത്യ രണ്ടാം പാദത്തിൽ ലഭിച്ച പെനാൽറ്റിയിൽ ഗോൾ മടക്കി. 24ാം മിനിറ്റിൽ മൻദീപായിരുന്നു റീബൗണ്ടിൽ ലക്ഷ്യം കണ്ടത്.

ഇടവേള കഴിഞ്ഞ് ജയം ലക്ഷ്യമാക്കിയ ഗോൾനീക്കങ്ങളുമായി ഇരു ടീമും നിറഞ്ഞുകളിച്ചതിനിടെ ഇന്ത്യ ലീഡെടുത്ത രണ്ടാം ഗോൾ പിറന്നു. ഒരുവട്ടം ഗോളി രക്ഷകനായ നീക്കത്തിനുപിന്നാലെയായിരുന്നു ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിൽ വിവേക് സാഗർ പ്രസാദ് വക ഗോൾ. ഗോൾലൈൻ സേവെന്ന തോന്നിച്ചതിനാൽ ന്യൂസിലൻഡ് പരിശോധന ആവശ്യപ്പെട്ടെങ്കിലും ഗോൾ നിലനിന്നു. നേരത്തെ പച്ച കാർഡ് കണ്ട് ഹ്യൂഗോ ഇൻഗ്‍ലിസ് പുറത്തായ കിവി നിര എന്തുവില കൊടുത്തും തിരിച്ചടിക്കാൻ ശ്രമം നടത്തിയതിനൊടുവിൽ പെനാൽറ്റി കോർണറിൽ വീണ്ടും സമനില ഗോളെത്തി. പലവട്ടം പെനാൽറ്റി കോർണറുകൾ അനുകൂലമായി ലഭിച്ചിട്ടും ശ്രീജേഷും നിർഭാഗ്യവും വഴിമുടക്കിയതിനൊടുവിലായിരുന്നു സിമോൺ ചൈൽഡ് വക ഗോൾ.

എന്നിട്ടും തളരാതെ പറന്നുനടന്ന ഇന്ത്യൻ സ്റ്റിക്കുകൾ അവസാന മിനിറ്റുകളിൽ വിജയ ഗോളും കണ്ടെത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് പെനാൽറ്റി സ്ട്രോക്ക് ലക്ഷ്യത്തിലെത്തിക്കുമ്പോൾ കളിയവസാനിക്കാൻ രണ്ടുമിനിറ്റ് മാത്രമായിരുന്നു ബാക്കി. എതിരാളികളെ ശരിക്കും പിടിച്ചുകെട്ടി ടീം ഉറച്ചുനിന്നതോടെ ജയം ഇന്ത്യക്ക് സ്വന്തം. ഹോക്കിയിൽ ഒരുകാലത്ത് മുടിചൂടാ മന്നന്മാരായിരുന്നു ഇന്ത്യ. 1928ൽ നെതർലൻഡ്സിനെ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്ക് വീഴ്ത്തി ഒളിമ്പിക് സ്വർണം ചൂടിയവർ 1932, 1936, 1948, 1952, 1956, 1964 വർഷങ്ങളിലും ഒടുവിൽ 1980ലും കനകവുമായാണ് മടങ്ങിയത്. അതിനിടെ, മൂന്നുവട്ടം മറ്റു മെഡലുകൾ കൂടി നേടിയവർ 2020ലും വെങ്കലം നേടി. പാരിസിൽ ആദ്യ ജയം കുറിച്ചുകഴിഞ്ഞ ടീം ഇതേ പ്രകടനവുമായി സ്വർണവുമായി മടങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags:    
News Summary - Olympics 2024: India Beat NZ In Thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.