പാരിസ്: വളരെ ആവേശകരമായ പാരിസ് ഒളിമ്പിക്സ് അതിന്‍റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. നാല് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ മെഡൽ കണക്കുകൾ. ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായ നീരജ് ചോപ്രക്ക് വെള്ളി നേടാനെ സാധിച്ചുള്ളൂ. പാകിസ്താന്‍റെ അർഷാദ് നദീമായിരുന്നു നീരജിനെ മറികടന്ന് സ്വർണം നേടിയത്. ഈ ഒരു റിസൾട്ടിന് ശേഷം റാങ്കിങ്ങിൽ ഇന്ത്യക്ക് മുകളിൽ പോകുകയാണ് പാകിസ്താൻ.
13-ാം ദിനത്തിലെ മത്സരം കഴിഞ്ഞപ്പോൾ ഒരേയൊരു ഗോൾഡ് മെഡലുമായി പാകിസ്താൻ 53-ാം സ്ഥാനത്താണ്. നാല് വെങ്കലവും ഒരു വെള്ളിയുമായി ഇന്ത്യ 64-ാം സ്ഥാനത്താണ് നിലകൊള്ളുന്നത്. മെഡൽ കൂടുതലുണ്ടായിട്ടും പാകിസ്താനെക്കാളും 11 സ്ഥാനം താഴെയാണ് ഇന്ത്യ റാങ്കിങ്ങിൽ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ റാങ്കിങ് രീതി കാരണമാണിത്. ഒളിമ്പിക് ഗെയിംസിലെ രാജ്യങ്ങളുടെ വിജയം നിർണ്ണയിക്കുന്നതിനുള്ള പൊതു രീതി, നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ് ക്രമമാണ്. ഒരു രാജ്യത്തിന് 10 വെള്ളിയോ വെങ്കലമോ ഉണ്ടെങ്കിൽപ്പോലും, അത് ഒരു ഒറ്റപ്പെട്ട സ്വർണ്ണ മെഡലിനേക്കാൾ താഴെയായിരിക്കും. നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ സമനിലയുണ്ടാകുമ്പോൾ മാത്രമേ വെള്ളി, വെങ്കല മെഡലുകളുടെ എണ്ണം പ്രാബല്യത്തിൽ വരികയുള്ളൂ.
പാകിസ്താന്‍റെ ചരിത്രത്തിലെ തന്നെ ആദ്യ വ്യക്തിഗത സ്വർണമാണ് അർഷാദ് നേടിയത്. 92.07 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞ അദ്ദേഹം ഒളിമ്പിക് റെക്കോഡ് സ്വന്തമാക്കിക്കൊണ്ടാണ് സ്വർണം നേടിയത്. 1992ൽ ഹോക്കിയിൽ മെഡൽ സ്വന്തമാക്കിയതിന് ശേഷമുള്ള പാകിസ്താന്‍റെ ആദ്യ മെഡൽ നേട്ടാണ് അർഷാദിലൂടെ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.