പാരിസ്: ഗ്ലാമർ പോരാട്ടവേദികൾ പലതുകടന്ന് പാരിസിലെ ഒളിമ്പിക് കളിമുറ്റത്ത് മെഡലുകൾ തേടി റാക്കറ്റേന്തുന്നത് പ്രമുഖർ. പുരുഷ, വനിത സിംഗ്ൾസ്, ഡബ്ൾസ് ഇനങ്ങൾക്ക് പുറമെ അഞ്ചാമതൊരിനമായി മിക്സഡ് ഡബ്ൾസിലും മെഡൽ തേടിയാകും ലോകം മുഴുക്കെ ആരാധകർ കൺപാർത്തുനിൽക്കുന്ന താരപ്പട ഇറങ്ങുക. ഫ്രഞ്ച് ഓപൺ വേദിയായ റൊളാങ് ഗാരോസിലാകും മത്സരങ്ങൾ.
കന്നി ഒളിമ്പിക്സിനെത്തുന്ന കാർലോസ് അൽകാരസ് എന്ന യുവനായകൻ തന്നെയാണ് പുരുഷന്മാരിൽ കിരീട സാധ്യത കൽപിക്കപ്പെടുന്നവരിൽ മുന്നിൽ. ഫ്രഞ്ച് ഓപണിലും തൊട്ടുപിറകെ വിംബ്ൾഡണിലും കിരീടവുമായി ഇതിനകം നാല് ഗ്രാൻഡ് സ്ലാമുകൾ സ്വന്തമാക്കി കുതിക്കുന്ന 21കാരൻ സ്പെയിനിന് ടെന്നിസിൽ സ്വർണം ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ്. വിംബ്ൾഡൺ ഫൈനലിൽ അൽകാരസിനെതിരെ പ്രായത്തിന്റെ മിന്നലാട്ടവുമായി തളർച്ച കാണിച്ച സെർബിയൻ വെറ്ററൻ താരം നൊവാക് ദ്യോകോവിച്ചാണ് പങ്കെടുക്കുന്ന മറ്റൊരു പ്രമുഖൻ. ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളുടെ റെക്കോഡ് തനിക്ക് കൂടിയാക്കിയിട്ടും ഒളിമ്പിക്സിൽ താരത്തിന് സ്വർണം പിടിക്കാനായിട്ടില്ല. അടുത്തിടെ പരിക്കിന്റെ പിടിയിൽനിന്ന് തിരിച്ചുവന്ന 38കാരനായ സ്പാനിഷ് താരം റാഫേൽ നദാൽ മൂന്നാം സ്വർണം തേടിയെത്തുന്നുണ്ട്. 2008ൽ സിംഗ്ൾസിലും 2016ൽ ഡബ്ൾസിലും സ്വർണം നേടിയ താരം 2012, 2020 ഒളിമ്പിക്സുകളിൽ പരിക്കിനെ തുടർന്ന് ഇറങ്ങിയിരുന്നില്ല.
ഇഗ സ്വിയാറ്റെക്, കൊകോ ഗോഫ്, എലീന റിബാകിന, ജാനിക് സിന്നർ തുടങ്ങിയവർക്കൊപ്പം ഇന്ത്യയിൽനിന്ന് സിംഗ്ൾസിൽ സുമിത് നഗലും ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ- ശ്രീറാം ബാലാജി കൂട്ടുകെട്ടും മെഡൽ പ്രതീക്ഷ സൂക്ഷിക്കുന്നവരാണ്. ഹീബ്രോൺ ചലഞ്ചർ കിരീടം നേടിയും മറ്റൊരു ചലഞ്ചർ മത്സരത്തിൽ ഫൈനൽ കളിച്ചും തുടർച്ചയായി രണ്ടാം തവണയാണ് സുമിത് ഒളിമ്പിക്സ് കളിക്കുന്നത്. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ ലിയാണ്ടർ പേസ് ഇന്ത്യക്കായി ടെന്നിസിൽ വെങ്കലം നേടിയതാണ് ഈയിനത്തിൽ രാജ്യം ഇതുവരെ കുറിച്ച നേട്ടം. ജർമൻ താരം അലക്സാണ്ടർ സ്വരേവ് (പുരുഷ സിംഗ്ൾസ്), സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിച് (വനിത സിംഗ്ൾസ്), ക്രൊയേഷ്യൻ ജോടികളായ നികൊളാ മെക്റ്റിച്- മേറ്റ് പാവിച് (പുരുഷ ഡബ്ൾസ്), ചെക്ക് റിപ്പബ്ലിക്കിൽനിന്നെത്തുന്ന ബാർബറ ക്രജസിക്കോവ- കാതറിന സിനിയകോവ (വനിത ഡബ്ൾസ്), റഷ്യൻ ഒളിമ്പിക് കമ്മിറ്റിക്ക് കീഴിൽ മാറ്റുരച്ച അനസ്താസ്യ പാവ്ലിയുചെൻകോവ- ആൻഡ്രി റുബലേവ് (മിക്സഡ് ഡബ്ൾസ്) എന്നിവരാണ് നിലവിലെ ചാമ്പ്യന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.