കഴിഞ്ഞ തവണത്തെ വെങ്കല നേട്ടത്തേക്കാൾ മികച്ച പ്രകടനം പ്രതീക്ഷിച്ച് പുരുഷ ഹോക്കി ടീമിന് ഇന്ന് ആദ്യ മത്സരം. ന്യൂസിലൻഡാണ് എതിരാളി
പാരിസ്: ഗതകാല സുവർണ നേട്ടങ്ങളുടെ ഓർമയിൽ, കഴിഞ്ഞ തവണത്തെ വെങ്കല മെഡലിന്റെ അഭിമാനം പേറി ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന് പാരിസിൽ ഇന്ന് ആദ്യ മത്സരം. ‘മരണപൂളി’ലുള്ള ഇന്ത്യക്ക് ആദ്യ കളിയിൽ ന്യൂസിലൻഡാണ് എതിരാളികൾ. ഇന്ത്യൻ ടീമിന്റെ മതിലായി വർഷങ്ങളായി കൂടെയുള്ള മലയാളി താരം പി.ആർ. ശ്രീജേഷിന് വിരമിക്കുന്നതിന്റെ ഭാഗമായുള്ള മികച്ച യാത്രയയപ്പ് കൂടിയാകും ഒരു മെഡൽ നേട്ടം. 41 വർഷത്തെ ഇടവേളക്കുശേഷം ടോക്യോയിൽ വെങ്കലം നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. കൂടുതൽ കുതിക്കാൻ തുടക്കം തന്നെ ജയിക്കണം. 29ന് അർജന്റീനയുമായും 30ന് അയർലൻഡുമായും മത്സരമുണ്ട്. ബി പൂളിലെ ഈ മൂന്ന് കളികളിലും ജയിച്ചാൽ അൽപം ആശ്വാസമാകും. അവസാന രണ്ട് മത്സരങ്ങളിൽ മുന്നിലുള്ളത് നിലവിലെ ജേതാക്കളായ ബെൽജിയവും കരുത്തരായ ആസ്ട്രേലിയയുമാണ്. പൂൾ എയിൽ നെതർലൻഡ്സ്, ജർമനി, ബ്രിട്ടൻ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ് എന്നീ ടീമുകളാണുള്ളത്.
ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ കഴിഞ്ഞ തവണ മെഡൽ നേടിയ 11 പേരുണ്ട്. ജർമൻപ്രീത് സിങ്, സുഖ്ജീത് സിങ്, അഭിഷേക്, രാജ്കുമാർ പാൽ, സഞ്ജയ് എന്നിവരാണ് പുതുമുഖങ്ങൾ. ശ്രീജേഷിനൊപ്പം ഒന്നര പതിറ്റാണ്ടായി ടീമിന്റെ നെടുംതൂണാണ് മൻപ്രീത് സിങ്. ഈ താരത്തിനും ഇത് വിരമിക്കൽ ടൂർണമെന്റാകും.
ആദ്യ മൂന്ന് മത്സരങ്ങളിൽ മുന്നേറി ടീമിന്റെ ആത്മവിശ്വാസമുയർത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ക്രെയ്ഗ് ഫുൾട്ടൺ പറഞ്ഞു. ബെൽജിയത്തെയും ആസ്ട്രേലിയയെയും നേരിടുന്നതിന് മുമ്പ് കൂടുതൽ സജ്ജമാകുകയാണ് ലക്ഷ്യം. ശ്രീജേഷ് തന്നെയാകും ഗോളി. പ്രതിരോധത്തിൽ നായകൻ ഹർമൻപ്രീതിന് കൂട്ടായി അമിത് രോഹിദാസ്, സുമിത്, ജമ്പൻപ്രീത്, സഞ്ജയ് എന്നിവരുണ്ടാകും. മൻപ്രീത്, വൈസ് ക്യാപ്റ്റൻ ഹാർദിക് സിങ്, വിവേക് സാഗർ പ്രസാദ് എന്നിവരാണ് മിഡ്ഫീൽഡിലെ പ്രമുഖർ. ലളിത് ഉപാധ്യായ, മൻദീപ് സിങ്, ഗുർജന്ത് സിങ് അഭിഷേക്, സുഖ്ജീത് എന്നിവരാണ് സ്കോറിങ്ങിന് നേതൃത്വം നൽകുക. ലോകത്തിലെ ഏറ്റവും മികച്ച ഡ്രാഗ്ഫ്ലിക്കർമാരിൽ ഒരാളായ ഹർമൻപ്രീത് പെനാൽറ്റി കോർണറുകളിൽനിന്ന് എതിർഗോൾമുഖത്തിന് ഭീഷണിയുയർത്തി പന്ത് പായിക്കും. ആക്രമണത്തിനൊപ്പം പ്രതിരോധത്തിനും മുൻഗണന നൽകുന്നതാണ് കോച്ച് ഫുൾട്ടന്റെ രീതി.
2023ൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയാണ് ഇന്ത്യ പാരിസിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. സമീപകാലത്ത് മികച്ച ടീമുകളെ ഇന്ത്യ തോൽപിച്ചിട്ടുണ്ട്. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തോറ്റെങ്കിലും നന്നായി കളിച്ചിരുന്നു. പ്രോ ലീഗ് മത്സരങ്ങളിൽ ബെൽജിയത്തോടും തോറ്റു.
ബാഡ്മിന്റൺ
ടെന്നിസ്
ടേബ്ൾ ടെന്നിസ്
തുഴച്ചിൽ
ഷൂട്ടിങ്
ബോക്സിങ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.