പാരിസ്: ടോക്യോയിൽ നേടിയ വെങ്കല ബഹുമതി മെച്ചപ്പെടുത്താൻ ഇന്ത്യയുടെ ഹോക്കി ടീമിന് മുന്നിലുള്ളത് ലോകജേതാക്കളായ ജർമനിയാണ്. സെമി ജയിച്ചാൽ വെള്ളി ഉറപ്പിക്കാം. 1960ൽ റോമിലാണ് അവസാനമായി ഇന്ത്യ പുരുഷ ഹോക്കിയിൽ വെള്ളി നേടിയത്. 1980ൽ മോസ്കോയിൽ നേടിയ സ്വർണം വീണ്ടും സ്വന്തമാക്കാനും അവസരമൊരുങ്ങും. ബ്രിട്ടനെതിരെ ക്വാർട്ടറിൽ പുറത്തെടുത്ത പ്രകടനം ടീമിന് പ്രതീക്ഷയേകുന്നതാണ്. മലയാളി താരം പി.ആർ. ശ്രീജേഷിന്റെ മികവും പത്തുപേരായി ചുരുങ്ങിയിട്ടും പുറത്തെടുത്ത പോരാട്ട വീര്യവുമാണ് ബ്രിട്ടനെതിരെ ജയമുറപ്പിച്ചത്. നിശ്ചിതസമയത്ത് 1-1ന് സമനിലയിലായിരുന്ന മത്സരം ഷൂട്ടൗട്ടിൽ 4-2നാണ് ഹർമൻപ്രീതും സംഘവും കൈയിലാക്കിയത്. ഷൂട്ടൗട്ടിലെ രണ്ടെണ്ണമടക്കം 12 തകർപ്പൻ സേവുകളാണ് ശ്രീജേഷ് നടത്തിയത്. പത്ത് പെനാൽറ്റി കോർണറുകളുടെ മുനയൊടിക്കാനുമായി. ആക്രമണത്തിൽ മികവേറിയ ജർമനിക്കെതിരെ നിർണായകമാവുക മലയാളി താരത്തിന്റെ പ്രകടനമാകും. ഒരു കളിക്കാരൻ കുറഞ്ഞിട്ടും ഇത്രയും മനോഹരമായി സ്റ്റിക് പായിച്ച ചരിത്രം ഇന്ത്യൻ ടീമിന് അടുത്തകാലത്തുണ്ടായിട്ടില്ല. പാരിസിൽ ഫൈനൽ കളിച്ച് കരിയറിനോട് വിടപറയുകയെന്ന അസുലഭമുഹൂർത്തമാണ് ഇന്ന് ജയിച്ചാൽ ശ്രീജേഷിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ തവണ ടോക്യോയിൽ ജർമനിയെ 5-4ന് തോൽപിച്ചപ്പോൾ നിർണായകമായത് അവസാന സെക്കൻഡിൽ ശ്രീജേഷിന്റെ സേവായിരുന്നു. ഫൈനലിനുശേഷം ക്യാപ്റ്റൻ ഹർമൻപ്രീതും വിരമിക്കൽ പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ ദിവസം ചുവപ്പുകാർഡ് കിട്ടിയ അമിത് രോഹിദാസിന് ഒരു കളിയിലാണ് സസ്പെൻഷൻ. ഹർമൻപ്രീത് കഴിഞ്ഞാൽ പെനാൽറ്റി കോർണറിൽ വിദഗ്ധനായിരുന്ന രോഹിദാസിന്റെ അഭാവം ഇന്ത്യക്ക് ആശങ്കയാണ്. ഇക്കാര്യം ക്യാപ്റ്റനും സമ്മതിക്കുന്നുണ്ട്.
ലോകറാങ്കിങ്ങിൽ നാലാമതുള്ള ജർമനി അർജന്റീനയെ 3-2ന് തോൽപിച്ചാണ് ഫൈനലിലെത്തിയത്. പാരിസിലേക്ക് വരുന്നതിനുമുമ്പ് ജർമനിയിലാണ് ഇന്ത്യ പരിശീലിച്ചത്. വിവിധ ടീമുകൾക്കെതിരെ ആറ് സന്നാഹ മത്സരം കളിച്ചതിൽ അഞ്ചിലും ഹർമൻപ്രീതും കൂട്ടരും ജയിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ ലണ്ടനിൽ നടന്ന പ്രോലീഗിൽ ഒന്നാം പാദത്തിൽ 3-0ന് ഇന്ത്യ ജയിച്ചു.
രണ്ടാം പാദത്തിൽ 2-3ന് തോറ്റു. ജർമനിയെ ഫൈനലിൽ നേരിടണമെന്നായിരുന്നു ആഗ്രഹമെന്ന് ഹർമൻപ്രീത് പറയുന്നതിൽ എതിരാളികളുടെ കരുത്ത് വ്യക്തമാകും. ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം. രണ്ടാം സെമിയിൽ നെതർലൻഡ്സും സ്പെയിനും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.