പാരിസ്: ലോസ് ആഞ്ജലസ് ഒളിമ്പിക്സിലേക്ക് ഇനി നാല് വർഷത്തെ ദൂരമുണ്ട്. ടെന്നിസ് ഇതിഹാസങ്ങളായ റാഫേൽ നദാൽ, നൊവാക് ദ്യോകോവിച്, യു.എസ് ജിംനാസ്റ്റ് സിമോൺ ബെയ്ൽസ് തുടങ്ങിയവർ ലോസ് ആഞ്ജലസിൽ മത്സരിക്കാനുണ്ടാവുമോ എന്നുറപ്പില്ല. ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ ഇനി രാജ്യത്തെ പ്രതിനിധീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ഒരുപിടി താരങ്ങൾ പാരിസ് ഗെയിംസോടെ കളംവിടുകയാണ്. വിരമിച്ചവരിൽ ചില പ്രമുഖരിതാ.
നാല് ഒളിമ്പിക്സുകളിൽ ഇന്ത്യയുടെ ഗോൾവല കാത്തയാളാണ് മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്. പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തേക്ക് 2020ൽ ടോക്യോയിലൂടെ വീണ്ടും ഹോക്കി മെഡൽ എത്തിയപ്പോൾ അതിൽ ശ്രീജേഷ് വഹിച്ച പങ്ക് ഏറെ വലുതായിരുന്നു. പാരിസിലായിരിക്കും തന്റെ വിടവാങ്ങൽ മത്സരമെന്ന് ഒളിമ്പിക്സിനെത്തിയ ഉടനെ പ്രഖ്യാപിച്ചതാണ് 36കാരൻ. ശ്രീജേഷിന്റെ മികവിൽ ഇന്ത്യ വെങ്കല മെഡൽ നിലനിർത്തിയപ്പോൾ വിരമിക്കൽ അവിസ്മരണീയമായി. നാല് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണങ്ങളിലും താരത്തിന്റെ മുത്തമുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ രണ്ട് വെള്ളി മെഡലുകളും നേടി.
മൂന്ന് സ്വർണമടക്കം എട്ട് ഒളിമ്പിക് മെഡലുകൾ ജമൈക്കൻ സ്പ്രിന്റർ ഷെല്ലി ആൻ ഫ്രേസർ പ്രൈസ് ഇനി ട്രാക്കിലുണ്ടാവില്ല. കുടുംബപരമായ കാരണങ്ങളാലാണ് 37കാരി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2008ൽ ബെയ്ജിങ്ങിലും 2012ൽ വനിത 100 മീറ്ററിൽ സ്വർണം നേടിയ ആൻ ഫ്രേസറിന് 2016ൽ റയോ ഡി ജെനീറോയിൽ വെങ്കലവും 2020ൽ ടോക്യോയിൽ വെള്ളിയുമാണ് ലഭിച്ചത്. ടോക്യോയിൽ 4x100 മീ. റിലേയിൽ സ്വർണം സ്വന്തമാക്കി. 2012ൽ 200 മീറ്ററിൽ വെള്ളിയുണ്ടായിരുന്നു. ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിലായി പത്ത് സ്വർണം നേടിയ താരമാണ് ആൻ ഫ്രേസർ.
പാരിസിലേത് ബ്രിട്ടീഷ് ടെന്നിസ് സൂപ്പർ താരം ആൻഡി മറെയുടെ അഞ്ചാം ഒളിമ്പിക്സായിരുന്നു. ഡാൻ ഇവാൻസിനൊപ്പം പുരുഷ ഡബ്ൾസിൽ മത്സരിച്ച 37കാരന് പക്ഷേ ക്വാർട്ടർ ഫൈനലിൽ മടങ്ങേണ്ടിവന്നു. 2008ലെ ബെയ്ജിങ് ഒളിമ്പിക്സാണ് മറെയുടെ ആദ്യ ഒളിമ്പിക്സ് പോരാട്ടം. തൊട്ടടുത്ത ഒളിമ്പിക്സില്‍ (ലണ്ടന്‍) പുരുഷ സിംഗ്ള്‍സിൽ സ്വര്‍ണം നേടിയ മറെ 2016ല്‍ അത് നിലനിര്‍ത്തി. 2012ല്‍ മിക്സഡ് ഡബ്ള്‍സില്‍ വെള്ളി നേടി. കരിയറില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാം സിംഗ്ള്‍സ് കിരീടങ്ങളാണ് മറെ നേടിയത്. 2013, 2016 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗ്ള്‍സ് കിരീടം നേടിയ മറെ 2012ല്‍ യു.എസ് ഓപണിലും ജേതാവായി. അഞ്ചുതവണ ആസ്ട്രേലിയന്‍ ഓപണിന്റെ ഫൈനല്‍ കളിച്ചെങ്കിലും കിരീടം നേടാനായില്ല. ഒരുതവണ ഫ്രഞ്ച് ഓപണ്‍ ഫൈനലിലെത്തി. തുടർച്ചയായി പരിക്കുകൾ വേട്ടയാടിയതാണ് താരത്തിന് തിരിച്ചടിയായത്.
2020ലെ ടോക്യോ ഒളിമ്പിക്സിൽ ഇറ്റാലിയൻ താരം ജിയാൻ മാർകോ ടാംബെരിയുമായി ഹൈജംപ് സ്വർണം പങ്കുവെച്ച് ലോകത്തിന്റെ ഹൃദയം കവർന്നയാളാണ് ഖത്തറിന്റെ മുഅ്തസ് ബർഷിം. 2012, 2016 ഒളിമ്പിക്സുകളിൽ വെള്ളി നേടിയിരുന്നു. സ്വർണത്തോടെ വിരമിക്കാനാണ് പാരിസിലെത്തിയതെങ്കിലും വെങ്കലമാണ് ലഭിച്ചത്. ഖത്തർ ടീമിനെ നയിച്ചത് 33കാരനായ ബർഷിമായിരുന്നു. അഞ്ച് ലോക ചാമ്പ്യൻഷിപ് മെഡലുകൾ നേടിയ ഏക ഹൈജംപ് അത്ലറ്റാണ്. ദോഹയിൽ ഒരു സുഡാനി കുടുംബത്തിലാണ് ബർഷിമിന്റെ ജനനം.
രണ്ട് തവണ നീന്തൽ 100 മീ. ബ്രെസ്റ്റ് സ്ട്രോക്കിൽ ബ്രിട്ടന് സ്വർണം നേടിക്കൊടുത്ത ആദം പീറ്റി പാരിസിൽ പക്ഷേ സെക്കൻഡിന്റെ 200ൽ ഒരംശത്തിന് വെള്ളിയിലേക്ക് മാറി. കുറച്ച് വർഷങ്ങളായി വിഷാദരോഗം താരത്തെ അലട്ടുന്നുണ്ടായിരുന്നു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീരികരിക്കുകയും ചെയ്തു. എന്നാൽ 4x100 മീറ്റർ മെഡ്ലെ റിലേയിൽ പങ്കെടുക്കാൻ 30കാരൻ തിരിച്ചുവന്നെങ്കിലും ബ്രിട്ടീഷ് ടീം നാലാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.