പാരിസ്: ഒളിമ്പിക്സ് ഹോക്കിയിൽ ജർമനിക്കെതിരെ സെമി ഫൈനൽ പോരിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റെഡ് കാർഡ് കണ്ട അമിത് രോഹിദാസിന് ജർമനിക്കെതിരായ നിർണായക സെമിഫൈനൽ മത്സരം നഷ്ടമാകും.
താരത്തിന് ഒരു കളിയിൽ വിലക്കേർപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ക്വാർട്ടറിലെ രണ്ടാം മിനിറ്റിലാണ് രോഹിദാസിന് റെഡ് കാർഡ് ലഭിക്കുന്നത്. ഇതോടെ സെമിയിൽ ഇന്ത്യയുടെ സ്ക്വാഡ് 15 പേരിലേക്ക് ചുരുങ്ങി. ഒളിമ്പിക്സിൽ തുടർച്ചയായ രണ്ടാം മെഡലാണ് ഇന്ത്യയുടെ ലക്ഷ്യം. മിഡ്ഫീൽഡിൽ പന്ത് ഡ്രിബിൾ ചെയ്യുന്നതിനിടെ രോഹിദാസിന്‍റെ സ്റ്റിക്ക് ബ്രിട്ടിഷ് താരം വിൽ കാൽനാനിന്‍റെ മുഖത്തുകൊണ്ടു. തുടർന്നാണ് റഫറി റെഡ് കാർഡ് ഉയർത്തിയത്.
ബോധപൂർവം അപകടകരമായ നീക്കം നടത്തുന്നതിനാണ് റെഡ് കാർഡ് നൽകുന്നത്. എതിർ ടീമിലെ കളിക്കാരുടെ തലക്കു നേരേ സ്റ്റിക്ക് ഉയർത്തരുതെന്നാണ് ഹോക്കിയിലെ ചട്ടം. അതേസമയം, രോഹിദാസിന്‍റെ ചുവപ്പ് കാർഡിനെതിരെ ഇന്ത്യ രാജ്യാന്തര ഹോക്കി ഫെഡറേഷന് പരാതി നൽകിയിട്ടുണ്ട‌്. വിലക്ക് പിൻവലിച്ചാൽ താരത്തിന് സെമിഫൈനലിൽ കളിക്കാനാകും. രോഹിദാസിന്‍റെ അഭാവം ഇന്ത്യൻ പ്രതിരോധത്തിൽ ശരിക്കും നിഴലിക്കും. പെനാൽറ്റി കോർണറുകളിൽ താരത്തിന്‍റെ സന്നിധ്യം ഏറെ നിർണായകമായിരുന്നു.
അന്തരാഷ്ട്ര ഹോക്കി ഫെഡറേഷന്‍റെ മാനദണ്ഡം ലംഘിച്ചതിലാണ് രോഹിദാസിനെ ഒരു മത്സരത്തിൽനിന്ന് വിലക്കിയതെന്ന് ഒളിമ്പിക് കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. രോഹിദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ഇന്ത്യൻ ടീം മത്സരത്തിൽ ഗംഭീര പ്രകടനമാണ് പുറത്തെടുത്തതെന്നും ശ്രീജേഷിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ദിലീപ് ടിർക്കി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.