ഒളിമ്പിക്സിൽ മികച്ച തുടക്കം; വനിത അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിൽ ഇന്ത്യ നാലാമത്; നേരിട്ട് ക്വാർട്ടറിൽ

പാരിസ്: ഒളിമ്പിക്സിൽ കന്നി അമ്പെയ്ത്ത് മെഡലിലേക്ക് ഉന്നംവെക്കുന്ന ഇന്ത്യക്ക് മികച്ച തുടക്കം. അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ കടന്നു. യോഗ്യതാ റൗണ്ടിൽ 1983 പോയന്‍റുമായി നാലാമത് ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യ നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ്-ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ.

ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങിയ ടീമാണ് ക്വാർട്ടറിലെത്തിയത്. ഒളിമ്പിക്സ് റെക്കോഡ് തിരുത്തി 2046 പോയന്റ് നേടി ദക്ഷിണ കൊറിയ ഒന്നാമത് ഫിനിഷ് ചെയ്തു. ചൈന (1996), മെക്സിക്കോ (1986) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിൽ കടക്കും. അഞ്ച് മുതൽ 12 വരെ സ്ഥാനങ്ങളിലെത്തുന്നവർ പ്രീക്വാർട്ടർ കളിക്കണം. ഇന്ത്യൻ താരങ്ങളിൽ അങ്കിത 666 പോയന്റുമായി 11ാം സ്ഥാനത്തെത്തി. സീസണിലെ മികച്ച പ്രകടനമാണിത്.

ഭജൻ കൗർ 659 പോയന്റുമായി 22ാമകും നാലാം ഒളിമ്പിക്സിനിറങ്ങിയ ദീപിക കുമാരി 658 പോയന്റുമായി 23ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ക്വാർട്ടറിൽ ജയിച്ചാലും സെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികൾ. റാങ്കിങ് റൗണ്ടിൽ നാലാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യ കൊറിയ ഉൾപ്പെടുന്ന പൂളിലായത്.

Tags:    
News Summary - Paris Olympics 2024: India Women's Archery Team Qualifies For Quarterfinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.