പാരിസ്: ഒളിമ്പിക്സ് ബാഡ്മിന്റണിലെ ഏക മലയാളി സാന്നിധ്യം എച്ച്.എസ്. പ്രണോയിക്ക് പ്രീക്വാർട്ടറിൽ തോൽവി. ഇന്ത്യയുടെത്തന്നെ ലക്ഷ്യ സെന്നാണ് പുരുഷ സിംഗ്ൾസിൽ പ്രണോയിയെ മടക്കി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 21-12, 21-6. ലോക 13ാം നമ്പറുകാരൻ പ്രണോയ് 22ാം റാങ്കുകാരനോട് ദയനീയമായാണ് കീഴടങ്ങിയത്. 39 മിനിറ്റ് പോരാട്ടത്തിലായിരുന്നു ലക്ഷ്യയുടെ ജയം.
കഴിഞ്ഞ രാത്രി നടന്ന ഗ്രൂപ് കെ മത്സരത്തിൽ 16-21, 21-11, 21-12ന് വിയറ്റ്നാമിന്റെ ലെ ഡെക് ഫാറ്റിനെ തോൽപിച്ച് നോക്കൗട്ടിൽ കടന്നതായിരുന്നു പ്രണോയ്. രണ്ട് ഇന്ത്യൻ താരങ്ങൾ തമ്മിൽ പ്രീക്വാർട്ടർ വന്നതോടെ ഒരാൾ മാത്രമേ മെഡൽ പ്രതീക്ഷകളിൽ അവസാനിക്കൂവെന്ന് ഉറപ്പായിരുന്നു. രണ്ട് ഗെയിമിലും ഒന്ന് പൊരുതാൻപോലും നിൽക്കാതെ പ്രണോയ് കീഴടങ്ങുകയും ചെയ്തു. 12ാം സീഡായ ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെൻ ആണ് ക്വാർട്ടറിൽ ലക്ഷ്യയുടെ എതിരാളി.
ഒളിമ്പിക്സ് പുരുഷ സിംഗ്ൾസിൽ അവസാന എട്ടിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് ലക്ഷ്യ. പി. കശ്യപ് (2012), കിഡംബി ശ്രീകാന്ത് (2016) എന്നിവരാണ് മുൻഗാമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.