പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി.വി. സിന്ധുവിന് ആദ്യ റൗണ്ടിൽ ആധികാരിക ജയം. ബാഡ്മിന്റണ്‍ വനിത വിഭാഗം സിംഗ്ള്‍സിൽ മാലദ്വീപിന്റെ ഫാത്തിമത്ത് അബ്ദുൽ റസാഖിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ പത്താം സീഡ് താരം പരാജയപ്പെടുത്തിയത്. സ്കോർ 21-9, 21-6.
ഒളിമ്പിക്സിലെ മൂന്നാം മെഡൽ ലക്ഷ്യമിടുന്ന സിന്ധുവിനെതിരെ ലോക 111ാം നമ്പർ താരം ഫാത്തിമത്തിന് ഒരിക്കൽപോലും വെല്ലുവിളി ഉയർത്താനായില്ല. ആദ്യ സെറ്റ് 13 മിനിറ്റ് കൊണ്ടാണ് സിന്ധു ഫിനിഷ് ചെയ്തത്. സിന്ധു 2016 ഒളിമ്പിക്സിൽ വെള്ളിയും കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും നേടിയിരുന്നു. 29 മിനിറ്റുകൾ കൊണ്ടാണ് സിന്ധു എതിരാളിയെ നിലംപരിശാക്കിയത്.
ബുധനാഴ്ച നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ലോക 75ാം നമ്പർ എസ്തോണിയയുടെ ക്രിസ്റ്റിൻ കൂബയാണ് എതിരാളി. മലയാളി താരം എച്ച്.എസ്. പ്രണോയിയും പുരുഷ ബാഡ്മിന്‍റണിൽ ഞായാറാഴ്ച ആദ്യ റൗണ്ട് മത്സരത്തിനിറങ്ങുന്നുണ്ട്. 13 ഗ്രൂപ്പുകളിൽനിന്നും ജേതാക്കൾ മാത്രമാണ് പുരുഷ, വനിത സിംഗിൾസിന്റെ അടുത്ത ഘട്ടത്തിലെത്തുക.
സമീപകാലത്ത് വലിയ പോരാട്ടങ്ങളിൽ കാര്യമായി തിളങ്ങിയില്ലെന്ന ക്ഷീണം പാരിസിൽ തീർക്കുകയാണ് പി.വി. സിന്ധുവിന്റെ ലക്ഷ്യം. 2022 കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ ജേതാവായ സിന്ധു ഏറ്റവും കരുത്തർ മാറ്റുരക്കുന്ന വനിത സിംഗിൾസിൽ വലിയ വിജയം കുറിക്കാൻ നന്നായി പാടുപെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.