ബാഡ് ലക്ക് ഇന്ത്യ! സാത്വിക്-ചിരാഗ് സഖ്യത്തിനു പിന്നാലെ സിന്ധുവും പുറത്ത്

പാരിസ്: ഒളിമ്പിക്സ് ബാഡ്മിന്‍റണിൽ ഇന്ത്യക്ക് നിരാശ. ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പ്രീ-ക്വാർട്ടറിൽ തോറ്റ് പുറത്ത്.

രണ്ടു തവണ വെങ്കലം നേടിയ സിന്ധു, ചൈനീസ് താരം ഹേ ബിങ് ജിയാവോയോട് തോറ്റത്. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. സ്കോർ: 19-21, 14-21. ടോക്യോ ഒളിമ്പിക്സിൽ ഹേ ബിറ് ജിയാവോയെ തോൽപ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്.

നേരത്തെ, ബാഡ്മിന്റണിലെ സ്വർണ ഫേവറിറ്റുകളായിരുന്ന സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു. പുരുഷ ഡബ്ൾസ് ക്വാർട്ടറിലെത്തിയ രാജ്യത്തെ ആദ്യ ജോടിക്ക് പക്ഷേ, സെമി ഫൈനലിലേക്കുള്ള വഴിയിൽ മലേഷ്യയുടെ ആരോൺ ചിയ -സോഹ് വൂയ് യിക് കൂട്ടുകെട്ടിനോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ആദ്യ ഗെയിം ഗംഭീരമായി നേടിയ ശേഷമായിരുന്നു മുൻ ലോക ഒന്നാം നമ്പറുകാരുടെ വീഴ്ച. സ്കോർ: 21-13, 14-21, 16-21.

നിലവിലെ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണജേതാക്കളായ സാത്വിക് -ചിരാഗ് സഖ്യം മലേഷ്യക്കാർക്ക് ഒന്നാം ഗെയിമിൽ കാര്യമായ അവസരം നൽകിയില്ല. തുടക്കത്തിൽ ഇവർ ചെറിയ ഭീഷണി ഉയർത്തിയിരുന്നെങ്കിലും വൻ ലീഡിൽ ഗെയിം പിടിച്ചു ഇന്ത്യൻ താരങ്ങൾ. എന്നാൽ, രണ്ടാം ഗെയിമിൽ മലേഷ്യൻ ജോടി തിരിച്ചടിച്ചു. ഇതോടെ നിർണായകമായ മൂന്നാം ഗെയിമിലേക്ക്. തുടക്കത്തിൽ ചെറിയ മുൻതൂക്കം ചിയയും വൂയിയും പിടിച്ചെങ്കിലും പിന്നീട് ഇഞ്ചോടിഞ്ചായി കാര്യങ്ങൾ. ഇടക്ക് 14 -11ന്റെ ലീഡ് നേടിയ ഇന്ത്യൻ സഖ്യം പ്രതീക്ഷകളെല്ലാം തകർത്ത് തോൽവി വഴങ്ങി.

നിഖാതും പുറത്ത്

പാരിസ്: വനിത ബോക്സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന നിഖാത് സരീൻ പ്രീക്വാർട്ടർ ഫൈനലിൽ വീണു. രണ്ട് തവണ ലോക ചാമ്പ്യനായ നിഖാത്, 50 കിലോഗ്രാം ഇനത്തിൽ ചൈനീസ് താരവും ഏഷ്യൻ ഗെയിംസ് ജേതാവുമായ വൂ യുവിനോട് 0-5നാണ് തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ആറിൽ നാല് ബോക്സർമാരും ഇതിനകം പുറത്തായി. പുരുഷന്മാരിൽ അമിത് പംഘാൽ (51 കിലോ), വനിതകളിൽ ജാസ്മിൻ ലംബോറിയ (57 കിലോ), പ്രീതി പവാർ (54 കിലോ) എന്നിവരാണ് മടങ്ങിയത്.

Tags:    
News Summary - Paris Olympics 2024: Sindhu Out After Loss To He Bing Jiao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.