കുവൈത്ത് സിറ്റി: പാരിസിൽ ആരംഭിച്ച ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന കുവൈത്ത് അത്ലറ്റുകൾ പൂർണസജ്ജരെന്ന് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി. വെള്ളിയാഴ്ച വൈകീട്ടോടെ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി പരിശീലനവും എല്ലാ തയാറെടുപ്പുകളും താരങ്ങൾ നടത്തിയിട്ടുണ്ട്.
ഫെൻസിങ് താരം യൂസഫ് അൽ ഷംലാൻ തുഴച്ചിൽ ടീം താരം സുആദ് അൽ ഫഖാൻ എന്നിവർ ശനിയാഴ്ച ആദ്യ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കും. ഞായർ, തിങ്കൾ ദിവസങ്ങളിലായി കുവൈത്ത് അത്ലറ്റുകൾ മറ്റു മത്സരങ്ങൾക്കിറങ്ങും. തുഴച്ചിലിൽ സൗദ് അൽ ഫഖാൻ, നീന്തലിൽ ലാറ ദഷ്തി, ഷൂട്ടിങിൽ ഖാലിദ് അൽ മുദാഫ് എന്നിവരുടെ മത്സരങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കും.
ചൊവ്വാഴ്ച നീന്തൽ താരം മുഹമ്മദ് അൽ സുബൈദ് 100 മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ പങ്കെടുക്കും.ആഗസ്റ്റ് രണ്ടിന് ഷൂട്ടർ മുഹമ്മദ് അൽ ദൈഹാനി മത്സരത്തിനിറങ്ങും. വനിതാ താരം അമീന ഷായും ഈ ദിവസം സെയിലിങ് മത്സരത്തിൽ പങ്കെടുക്കും. ആഗസ്റ്റ് നാലിന് യാക്കൂബ് അൽ യോഹ 110 മീറ്റർ ഹർഡിൽസിലും അമൽ അൽ റൂമി 800 മീറ്റർ വിഭാഗത്തിലും ട്രാക്കിലിറങ്ങും.
ടീമിന്റെ ഒരുക്കങ്ങൾ മികച്ചതാണെന്നും മികച്ച ഫലങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു. ഒളിമ്പിക്സിൽ ആറ് മത്സരങ്ങളിലായി ഒമ്പത് കായികതാരങ്ങൾ കുവൈത്തിനായി കളത്തിലിറങ്ങും.
അമ്പെയ്ത്ത്, ഫെൻസിങ്, നീന്തൽ, അത്ലറ്റിക്സ്, തുഴച്ചിൽ, കപ്പലോട്ടം എന്നിവയിലാണ് കുവൈത്ത് താരങ്ങൾ മികവ് തെളിയിക്കാനിറങ്ങുന്നത്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.