പാരീസ്: ഫ്രാൻസിലെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനിടെ ഇസ്രായേലിനെതിരെ സ്റ്റേഡിയത്തിൽ പ്രതിഷേധിക്കാനൊരുങ്ങി ഫലസ്തീൻ അനുകൂലികൾ. ഇസ്രായേലും മാലിയും തമ്മിലുള്ള ഫുട്ബാൾ മത്സരത്തിനിടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇവർ ഒരുങ്ങുന്നത്.
ഫ്രഞ്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പായ സൂസന്നെ ഷീൽഡ്സ് ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് സംഘടന അറിയിച്ചു. അതേസമയം, 24 മണിക്കൂറും ഇസ്രായേലിന് പ്രത്യേക സുരക്ഷ ഫ്രാൻസ് നൽകുന്നുണ്ട്. ഫ്രാൻസിന്റെ സുരക്ഷാസേനയായ ജെൻഡാർമിനൊപ്പം ഫ്രഞ്ച് പൊലീസും ടീമിന് സുരക്ഷയൊരുക്കാനായി ഉണ്ടാകും. ഇസ്രായേൽ-മാലി ഫുട്ബാൾ നടക്കുന്ന സ്റ്റേഡിയത്തിലും കൂടുതൽ സുരക്ഷയുണ്ടാകും.
1972ൽ മ്യൂണിക് ഒളിമ്പിക്സിൽ താരങ്ങൾ കൊല്ലപ്പെട്ടതിന് ശേഷം സ്വന്തമായി സുരക്ഷാസേനയുമായി വരുന്ന ടീമാണ് ഇസ്രായേലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമിറ്റി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു. അതുകൊണ്ട് ഫ്രാൻസിൽ ഇസ്രായേൽ ടീം പൂർണ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഇസ്രായേൽ ടീമിന് ഇപ്പോൾ ഭീഷണികളൊന്നും ഇല്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചു. സ്റ്റേഡിയത്തിൽ വലിയ പൊലീസ് സന്നാഹത്തെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
നേരത്തെ ബിന്യമിൻ നെതന്യാഹുവിന്റെ നയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന് വേണമെങ്കിൽ ഒളിമ്പിക്സിൽ പങ്കെടുക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞിരുന്നു. എന്നാൽ, വംശഹത്യയുടെ പേരിൽ ഇസ്രായേലിൽ നിന്നുള്ള താരങ്ങളെ വിലക്കണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമിറ്റിയോട് ഫലസ്തീൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.