ഉത്തരവാദിത്തം വിനേഷിന്‍റേതും കോച്ചിന്‍റേതുമെന്ന് പി.ടി. ഉഷ; കൈയൊഴിഞ്ഞ് ഐ.ഒ.എ

പാരിസ് ഒളിമ്പിക്സ് ഫൈനലിൽ മത്സരിക്കാൻ സാധിക്കാതെ വിനേഷ് ഫോഗട്ട് അയോഗ്യയായത് അത്ലറ്റിന്‍റെയും കോച്ചിന്‍റെയും പരാജയമാണെന്ന് പി.ടി. ഉഷ. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയായ ഉഷ ഐ.ഒ.എയുടെ മെഡിക്കൽ ടീമിനെ പ്രതിരോധിക്കുകയായിരുന്നു. ഭാര നിയന്ത്രണത്തെ കുറിച്ച് ശ്രദ്ധ പുലർത്തേണ്ടത് അത്ലറ്റും കോച്ചുമാണ് എന്നാണ് ഉഷ ചൂണ്ടിക്കാട്ടുന്നത്. വിനേഷിന്‍റെ അയോഗ്യതക്ക് ശേഷം ഐ.ഒ.എയുടെ മെഡിക്കൽ ഓഫിസറായ ദിനഷോ പർദിവാലയെ തേടി ഒരുപാട് വിമർശനം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവരെ പിന്തുണച്ച് ഉഷ രംഗത്തെത്തിയത്.

'ഗുസ്തി, വെയിറ്റ് ലിഫ്റ്റിങ്, ബോക്സിങ്, ജൂഡോ, പോലെയുള്ള ഇനങ്ങളിൽ ഭാരം കൃത്യമായി പാലിക്കേണ്ടത് അത്‍ലറ്റിന്‍റെയും അവരുടെ കോച്ചിന്‍റെയും ചുമതലയാണ്. അല്ലാതെ അസോസിയേഷൻ നിയമിച്ച മെഡിക്കൽ ഓഫിസർ ഡോക്ടർ ദിൻഷോ പർദിവാലയോ അദ്ദേഹത്തിന്‍റെ ടീം അംഗങ്ങളോ അല്ല ഇത് നോക്കേണ്ടത്. അവർക്കെല്ലാമെതിരെയുള്ള വെറുപ്പ് അംഗീകരിക്കാൻ സാധിക്കാത്തതാണ്. ഈ പറഞ്ഞ ഇനങ്ങളിൽ കളിച്ച താരങ്ങൾക്കെല്ലാം അവരുടേതായ സപ്പോർട്ടിങ് ടീം ഉണ്ടായിരുന്നു. അത്ലറ്റുകളുമായി വർഷങ്ങളോളം ബന്ധമുള്ള ആളുകളാണ് അവരുടെയൊപ്പം സപ്പോർട്ടിനുള്ളത്. എന്നാൽ ഐ.ഒ.എയുടെ ടീമിനെ നിയമിച്ചിട്ട് രണ്ട് മാസം ആകുന്നതെയുള്ളൂ. പരിക്ക് പറ്റിയാലും മറ്റും കൈകാര്യം ചെയ്യലാണ് അവരുടെ ചുമതല. ഐ.ഒ.എ മെഡിക്കല്‍ ടീമിനെ വിമര്‍ശിക്കുന്നതിനായി തിരക്ക് കൂട്ടുന്നവര്‍ എന്തെങ്കിലും നിഗമനങ്ങളില്‍ എത്തുന്നതിനു മുമ്പ് എല്ലാ വസ്തുതകളും പരിഗണിക്കണം,' പി.ടി. ഉഷ പറഞ്ഞു.

ഫൈനൽ മത്സരത്തിന് മുമ്പുള്ള ഭാര പരിശോധനയിൽ 100 ഗ്രാം കൂടിയതിനായിരുന്നു വിനേഷിനെ അയോഗ്യയാക്കിയത്. താരത്തിന് വെള്ളിയെങ്കിലും നൽകണമെന്ന വാദം നടക്കുകയാണ്.

Tags:    
News Summary - PT usha says its responsibility of Vinesh phogat and her coach to maintain weight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.