ദോഹ: ലോകകായിക വേദിയിൽ മാറുന്ന കായികാവേശങ്ങളുടെ പ്രദർശനത്തിന് തുടക്കംകുറിച്ച് ഖത്തർ മ്യൂസിയം. മത്സരാധിഷ്ഠിത ഗെയിമുകളുടെ ഉത്ഭവം മുതൽ മെഗാ കായിക ഇവന്റുകളും ഇലക്ട്രോണിക് ഗെയിമുകളുടെ ചരിത്രവും ഉൾക്കൊള്ളുന്ന പ്രദർശനത്തിന് ഖത്തർ മ്യൂസിയം നേതൃത്വത്തിലാണ് പാരിസിലിലെ ഒളിമ്പിക് വേദിയിൽ തുടക്കംകുറിച്ചത്.
പാരിസ് ഒളിമ്പിക്സിനോടനുബന്ധിച്ച് ‘ഇ-സ്പോർട്സ് എ ഗെയിം ചേഞ്ചർ’ എന്ന തലക്കെട്ടിൽ ആരംഭിച്ച പ്രദർശനം സെപ്റ്റംബർ എട്ടുവരെ നീണ്ടുനിൽക്കുമെന്ന് സംഘാടകർ അറിയിച്ചു.
പാരിസിലെ ബൊളെവാഡ് ഡിഡറോട്ടിലുള്ള റെസിഡന്റ് സിറ്റിയോക്സിലാണ് പ്രദർശനം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഒളിമ്പിക്സിന് മുന്നോടിയായി ആരംഭിച്ച പ്രദർശന വേദിയിലേക്ക് സന്ദർശകരുടെ ഒഴുക്കും ആരംഭിച്ചു. പാരിസിനുശേഷം, 2025ൽ ദോഹയിലും പ്രദർശനം സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചതായി ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
മത്സരാധിഷ്ഠിത ഗെയിമിലെ സാമൂഹിക ശാസ്ത്ര വീക്ഷണമാണ് പ്രദർശനത്തിലൂടെ ‘ഇ-സ്പോർട്സ് എ ഗെയിം ചേഞ്ചർ’ ലക്ഷ്യമിടുന്നത്. പരമ്പരാഗത കായിക ഇനങ്ങൾ, മത്സരങ്ങൾ, കളിയുടെ മാറ്റങ്ങൾ എന്നിവയും പ്രദർശനത്തിൽ ഉൾക്കൊള്ളുന്നു.
നൂറ്റാണ്ട് മുമ്പുള്ള ആദ്യ ഇലക്ട്രോണിക് പിൻബാൾ മെഷീൻ കണ്ടുപിടിത്തം വരെ നീളുന്ന ഇ-സ്പോർട്സിന്റെ ചരിത്രവും പ്രദർശനത്തിന്റെ മുഖ്യ ആകർഷണമാണ്. മത്സര ഗെയിമുകളിലെ ഏറ്റവും മികച്ച താരങ്ങളുടെ സ്നാപ് ഷോട്ടുകളും പ്രദർശനത്തിൽ അവതരിപ്പിക്കുന്നുണ്ട്.
പ്രദർശനത്തിന്റെ അവസാനത്തിൽ ഗെയിമിങ് ലാൻഡ്സ്കേപ്പിനൊപ്പം അതിനപ്പുറത്തേക്ക് സാമൂഹികവും വിദ്യാഭ്യാസപരവും വിനോദപരവും തൊഴിൽപരവുമായ മേഖലകളിൽ അതിന്റെ സ്വാധീനവും സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സംഘാടകർ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.