ഒരു അമ്മക്ക് മാത്രമേ അങ്ങനെ പറയാൻ സാധിക്കുകയുള്ളൂ; നീരജിന്‍റെ അമ്മയെ പുകഴ്ത്തി പാകിസ്താൻ ക്രിക്കറ്റ് ഇതിഹാസം

പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടന്നിരുന്നു. പാകിസ്താന്‍റെ അർഷാദ് നദീമും ഇന്ത്യയുടെ നീരജ് ചോപ്രയും ഏറ്റുമുട്ടിയ ഫൈനലിൽ അർഷാദ് വിജയിക്കുകയായിരുന്നു. മികച്ച പോരാട്ടം നടന്ന മത്സരത്തിൽ പാകിസ്താൻ താരം 92 മീറ്റർ ദൂരത്തിൽ എറിഞ്ഞ് ഒളിമ്പിക് റെക്കോഡുമായാണ് സ്വർണം നേടിയത്. രണ്ടാമതുള്ള നീരജ് വെള്ളി നേടി.

ഇരുവരുടെയും സൗഹൃദത്തെ പറ്റിയും മത്സരത്തെ പറ്റിയും സോഷ്യൽ മീഡിയ ഒരുപാട് സംസാരിച്ചിരുന്നു. അർഷാദ് ജയിച്ചതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും അവൻ തനിക്ക് മകനെ പോലെതന്നെയാണെന്ന് നീരജിന്‍റെ അമ്മ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ഒരുപാട് ചർച്ചയാകുകയും നീരജിന്‍റെ അമ്മയെ തേടി ഒരുപാട് പ്രശംസയും എത്തിയിരുന്നു.

ഇപ്പോൾ നീരജിന്‍റെ അമ്മയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍റെ മുൻ ക്രിക്കറ്റ് ഇതിഹാസ പേസ് ബൗളർ ഷോയ്ബ് അക്തർ. എക്സിലൂടെയാണ് അദ്ദേഹം നീരജിന്‍റെ അമ്മയെ പുകഴ്ത്തിയത്. ഒരു അമ്മക്ക് മാത്രമേ ഇങ്ങനെ പറയാൻ സാധിക്കുകയുള്ളൂവെന്നാണ് അക്തർ എക്സിൽ കുറിച്ചത്. 'സ്വർണം നേടിയ ആളും എന്‍റെ മകൻ തന്നെയാണ്, ഒരു അമ്മക്ക് മാത്രം പറയാൻ സാധിക്കുന്നത്, മനോഹരം,'അക്തർ എക്സിൽ കുറിച്ചു.

പാകിസ്താന്‍റെ ചരിത്രത്തിലെ തന്നെ ആദ്യ വ്യക്തിഗത സ്വർണമാണ് അർഷാദ് നേടിയത്. 92.07 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞ അദ്ദേഹം ഒളിമ്പിക് റെക്കോഡ് സ്വന്തമാക്കിക്കൊണ്ടാണ് സ്വർണം നേടിയത്. 1992ൽ ഹോക്കിയിൽ മെഡൽ സ്വന്തമാക്കിയതിന് ശേഷമുള്ള പാകിസ്താന്‍റെ ആദ്യ മെഡൽ നേട്ടാണ് അർഷാദിലൂടെ സ്വന്തമാക്കിയത്. 

Tags:    
News Summary - shoib akthar praised neeraj chopra mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.