പാരിസ്: വനിത ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തി ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ട് മത്സരിക്കാൻ അയോഗ്യയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് ഇന്ത്യക്കും താരത്തിനും തിരിച്ചടിയായത്. ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയിൽ താരം അനുവദിച്ചിരിക്കുന്ന ഭാരത്തിനേക്കാൾ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ ഈ ഇനത്തിൽ വെള്ളി മെഡലും അയോഗ്യമായിരുന്നു. ഫൈനൽ മത്സരത്തിൽ വിനേഷിന്‍റെ എതിരാളിയായിരുന്ന സാറാ ഹിൽഡെബ്രാൻഡിന് സ്വർണം നൽകുകയും വെള്ളി അസാദുവാക്കുകയും ചെയ്യും എന്നായിരുന്നു നേരത്തെ വന്ന വാർത്ത. എന്നാൽ വിനേഷ് ആയോഗ്യ ആയതിന് പിന്നാലെ താരം സെമിഫൈനലിൽ തോൽപ്പിച്ച ക്യൂബൻ താരം യുസ്നീലിസ് ലോപസ് ഫൈനലിൽ മാറ്റുരുക്കും.
വെങ്കലം നേടാനുള്ള മത്സരത്തിൽ വിനേഷ് ക്വാർട്ടറിൽ തോൽപ്പിച്ച ഒക്സാന ലിവാച്ചും പങ്കെടുക്കും. ഇന്ത്യക്ക് വേണ്ടി മെഡൽ നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതും ഫൈനലിൽ പ്രവേശിച്ചതിനാൽ മെഡൽ ഉറപ്പിച്ച താരവുമായിരുന്നു വിനേഷ് ഫോഗട്ട്. എന്നാൽ ഏവരുടെയും പ്രതീക്ഷ അവസാനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്.
പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ജപ്പാന്‍റെ യുയു സുസാകിയെ വീഴ്ത്തിയാണ് വിനേഷ് ക്വാർട്ടറിലേക്ക് കടന്നത്. പിന്നീട് ക്വാർട്ടറിൽ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ നേട്ടക്കാരി ഒക്സാന ലിവാച്ചിനെയും സെമി ഫൈനലിൽ ക്യൂബയുടെ യെസ്നീലിസ് ഗുസ്മാനെയും തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.