‘ആ പുഞ്ചിരിയിൽ അവർ വേദന മറക്കുന്നതുപോലെ തോന്നി’; വിനേഷ് ഫോഗട്ട് മെഡൽ അർഹിക്കുന്നുവെന്ന് ശ്രീജേഷ്

ന്യൂഡൽഹി: വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് മെഡൽ അർഹിക്കുന്നുവെന്നും യഥാർഥ പോരാളിയാണെന്നും ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്. ഫൈനലിലെത്തിയതിനാൽ ഉറപ്പായ വെള്ളിപോലും നഷ്ടമായെന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി. പാരിസിൽനിന്ന് ചൊവ്വാഴ്ച ഇന്ത്യയിൽ മടങ്ങിയെത്തിയശേഷം പി.ടി.ഐ ആസ്ഥാനത്ത് എഡിറ്റർമാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ട് വീക്ഷണങ്ങളുണ്ട്. ഒന്ന് അത്‌ലറ്റായതിനാൽ അവർ ഒരു മെഡലിന് അർഹയാണ്. ഫൈനലിൽ പ്രവേശിച്ചു. വെള്ളി ഉറപ്പാണ്. അവർ അത് തട്ടിയെടുത്തു. അവർ ശക്തയായിരുന്നു. ആ അവസ്ഥയിൽ ഞാനാണെങ്കിൽ, എന്ത് ചെയ്യുമായിരുന്നു. രണ്ടാം ഭാഗം വ്യത്യസ്തമാണ്. ഒളിമ്പിക് നിയമങ്ങളുണ്ട്. ഇന്ത്യൻ അത്‌ലറ്റുകൾക്ക് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാം. അവർ അതിന് തയാറായിരിക്കണം. ഫെഡറേഷനും സംഘാടക സമിതിക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും ഒരു അവസരവും നൽകരുത്. അതിനാൽ ഇത് എല്ലാവർക്കും ഒരു പാഠമാകണം. നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണം. ഞങ്ങളുടെ വെങ്കല മെഡൽ മത്സരത്തിന് തലേന്ന് ഞാൻ വിനേഷിനെ കണ്ടുമുട്ടി, ‘ഭായ് ഭാഗ്യം, നന്നായി കളിക്കൂ’ എന്ന് അവർ പറഞ്ഞു. ആ പുഞ്ചിരിയിൽ വേദന മറയ്ക്കുന്നത് പോലെ എനിക്ക് തോന്നി. അവർ ഒരു യഥാർഥ പോരാളിയാണ്’-ശ്രീജേഷ് പറഞ്ഞു.

ഹീറോസ് തിരിച്ചെത്തി

ന്യൂഡൽഹി: മലയാളി ഗോൾ കീപ്പറും ഒളിമ്പിക്സ് ഹീറോയുമായ പി.ആർ. ശ്രീജേഷ് അടക്കം ഹോക്കി ടീമിലെ ബാക്കി താരങ്ങളും പാരിസിൽനിന്ന് തിരിച്ചെത്തി. സമാപനച്ചടങ്ങിൽ പതാകയേന്താനുള്ളതിനാലാണ് ശ്രീജേഷ് അവിടെ തുടർന്നത്. വെങ്കലം നേടിയ സംഘത്തിലെ അഭിഷേക്, അമിത് രോഹിദാസ്, സഞ്ജയ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ഇവർക്ക് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങടക്കം ടീമിലെ മറ്റു താരങ്ങൾ മൂന്ന് ദിവസം മുമ്പ് മടങ്ങിയെത്തിയിരുന്നു.

Tags:    
News Summary - Sreejesh says Vinesh Phogat deserves the medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.