ദോഹ: വിശ്വകായികവേദിയിൽ രാജ്യത്തിന്റെ അഭിമാനമാകാൻ ഖത്തർ സംഘം ഒളിമ്പിക്സ് വേദിയിലെത്തി. വിവിധ ഘട്ടങ്ങളിലായാണ് 14 അംഗ സംഘം ഒളിമ്പിക് നഗരിയിലെത്തിയത്.
ബുധനാഴ്ച രാത്രിയോടെ സ്പ്രിന്റ് അത്ലറ്റ് ഷഹാദ് മുഹമ്മദ്, 400 മീറ്റർ ഹർഡ്ൽസിൽ മത്സരിക്കുന്ന ബാസിം ഹിമൈദ, ഇസ്മായിൽ ദാവുദ് അബാകർ, 400 മീറ്ററിൽ മത്സരിക്കുന്ന അമ്മാർ ഇബ്രാഹിം എന്നിവരും ടീമിനൊപ്പം ചേർന്നു. ഒളിമ്പിക് വില്ലേജിലാണ് ഖത്തർ സംഘത്തിന്റെ താമസം.
ടോക്യോ ഒളിമ്പിക്സിൽ രണ്ടു സ്വർണവും ഒരു വെങ്കലവും നേടിയ ഖത്തർ ഇത്തവണ കൂടുതൽ മെഡൽ ലക്ഷ്യവുമായാണ് ട്രാക്കിലും ഫീൽഡിലുമിറങ്ങുന്നത്. അത്ലറ്റിക്സ്, വോളിബാൾ, ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ്, നീന്തൽ എന്നീ ഇനങ്ങളിലാണ് 14 അംഗ സംഘം മാറ്റുരക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ ബർഷിമും നൂറ് മീറ്റർ താരം ഷഹദ് മുഹമ്മദുമാണ് ദേശീയപതാക ഏന്തിയത്. ഒളിമ്പിക്സ് ലോകചാമ്പ്യനായ ഹൈജംപ് താരം മുഅതസ് ബർഷിം തന്നെയാണ് ഖത്തറിന്റെ പൊൻതാരം. ഒപ്പം, വെയ്റ്റ് ലിഫ്റ്റിങ്ങിൽ ടോക്യോയിൽ സ്വർണം നേടിയ ഫാരിസ് ഇബ്രാഹിം, വോളിയിലെ സഖ്യങ്ങളായ ഷെരിഫ് യൂസുഫ്, അഹമ്മദ് തിജാൻ എന്നിവർ ഇത്തവണയുമുണ്ട്.
പാരിസ് ഒളിമ്പിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച ബർഷിമിന്റെ മത്സരങ്ങൾക്ക് ആഗസ്റ്റ് ഏഴിനാണ് തുടക്കം കുറിക്കുന്നത്. ബീച്ച് വോളി പൂൾ ‘എ’യിലെ ആദ്യ മത്സരത്തിൽ ഷെരിഫ്-അഹമ്മദ് സഖ്യം ശനിയാഴ്ചയിറങ്ങും. ഇറ്റലിയുടെ പൗളോ നികോളായ്, സാമുവേൽ കൊട്ടാഫവ സഖ്യമാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.