പാരിസ്: മുടി വെട്ടിയിരുന്നുവെങ്കിൽ വിനേഷ് ഫോഗട്ടിന് ഫൈനൽ മത്സരത്തിൽ കളിക്കാൻ സാധിക്കുമായിരുന്നുവെന്ന് താരത്തിന്‍റെ ഭർത്വപിതാവ് രാജ്പാൽ റാഠി. 100 ഗ്രാം ഭാരം കൂടുതലാണെന്ന കാരണത്താലാണ് താരത്തിനെ അയോഗ്യയാക്കിയത്. ഫൈനലിൽ യു.എസ്.എയുടെ സാറാ ഹിൽഡബ്രാൻഡിനെയായിരുന്നു വിനേഷ് നേരിടേണ്ടിയിരുന്നുത്.
സർക്കാർ ഈ കാര്യത്തിൽ ഇടപെടണമെന്നും വെറും 100 ഗ്രാമായിരുന്നു കൂടുതലെങ്കിൽ താരത്തിന്‍റെ മുടി വെട്ടിയാൽ മതിയായിരുന്നുവെന്നും ഭർത്വപിതാവ് പറഞ്ഞു. 'സർക്കാർ ഈ കാര്യത്തിൽ ഇടപെടണം, ഇന്നലെ അവൾ മത്സരങ്ങൾ വിജയിച്ചത് അവളുടെ കൃത്യമായ തൂക്കത്തിലാണ് എന്നാൽ ഇന്ന് അവളെ അയോഗ്യ ആക്കിയിരിക്കുന്നു. എനിക്കിത് മനസിലാവുന്നില്ല. അവൾ 100 ഗ്രാമാണ് ഭാരം കൂടുതലെങ്കിൽ അവളുടെ മുടി വെട്ടിയാൽ മതിയായിരുന്നു അത് 300 ഗ്രാമെങ്കിലും കാണും. ഇവിടെ എന്തോ അനീതി നടന്നിട്ടുണ്ട്,' റാഠി പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി മെഡൽ നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതും ഫൈനലിൽ പ്രവേശിച്ചതിനാൽ മെഡൽ ഉറപ്പിച്ച താരവുമായിരുന്നു വിനേഷ് ഫോഗട്ട്. എന്നാൽ ഏവരുടെയും പ്രതീക്ഷ അവസാനിപ്പിക്കുന്നതായിരുന്നു വിനേഷിനെ അയോഗ്യയാക്കിയ വാർത്ത.
പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ജപ്പാന്‍റെ യുയു സുസാകിയെ വീഴ്ത്തിയാണ് വിനേഷ് ക്വാർട്ടറിലേക്ക് കടന്നത്. പിന്നീട് ക്വാർട്ടറിൽ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ നേട്ടക്കാരി ഒക്സാന ലിവാച്ചിനെയും സെമി ഫൈനലിൽ ക്യൂബയുടെ യെസ്നീലിസ് ഗുസ്മാനെയും തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.