ദോഹ: ഒളിമ്പിക്സ് ട്രാക്കിലും ഫീൽഡിലുമായി രാജ്യത്തിന്റെ അഭിമാനമാവാൻ ഒരുങ്ങുന്ന താരങ്ങൾക്ക് വിജയാശംസയുമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയെത്തി.
ഉദ്ഘാടന ചടങ്ങുകൾക്ക് മുമ്പായി പാരിസിലെ ഒളിമ്പിക് വില്ലേജിലെത്തിയാണ് ശൈഖ് ജൂആൻ താരങ്ങളുമായി കൂടിക്കാഴ്ച നടത്തി വിജയാശംസ നേർന്നത്. വരും ദിനങ്ങളിലെ പോരാട്ടങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഒളിമ്പിക് വില്ലേജിൽ ഖത്തർ താരങ്ങളും ടീം മാനേജ്മെന്റും പരിശീലകരും താമസിക്കുന്ന കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഖത്തർ സംഘാംഗങ്ങൾക്കായി ഒരുക്കിയ സൗകര്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഹൈജംപ് ചാമ്പ്യൻ മുഅതസ് ബർഷിം, അത്ലറ്റുകളായ അബ്ദുറഹ്മാൻ സംബ, 100 മീറ്റർ വനിത വിഭാഗത്തിൽ മത്സരിക്കുന്ന ഷഹാദ് മുഹമ്മദ്, ഷൂട്ടിങ് താരങ്ങൾ, ബീച്ച് വോളി താരങ്ങളായ ഷെരിഫ് യൂനുസ്, അഹമ്മദ് തിജാൻ ഉൾപ്പെടെ താരങ്ങളുമായി കൂടിക്കാഴ്ച നടന്നു. അത്ലറ്റുകളുമായി സംസാരിച്ചും ഫോട്ടോയെടുത്തുമാണ് ശൈഖ് ജുആൻ മടങ്ങിയത്.
ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്കൻഡ് വൈസ് പ്രസിഡന്റ് ഡോ. ഥാനി അൽ കുവാരി, സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുനൈൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ടീം ഖത്തർ ഷെഫ് ഡി മിഷൻ മുഹമ്മദ് അൽ മുസ്നദ്, ഷൂട്ടിങ് ആർചറി അസോസിയേഷൻ പ്രസിഡന്റ് മിഷാൽ അൽ നാസർ, വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് അലി ഗാനിം അൽകുവാരി എന്നിവർ സംഘത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.