ദുബൈ: മലയാളി ഫുട്ബാൾപ്രേമികളുടെ ആവേശമായ കേരള ബ്ലാസ്റ്റേഴ്സ് ടീം സെപ്റ്റംബറിൽ യു.എ.ഇയിലേക്ക് പറക്കും. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള ഒരുക്കത്തിനാണ് ബ്ലാസ്റ്റേഴ്സ് ദുബൈയിലെത്തുന്നത്. ഡ്യൂറാൻഡ് കപ്പിന് ശേഷമായിരിക്കും സെപ്റ്റംബറിലെ ആദ്യ ആഴ്ച മുതൽ ബ്ലാസ്റ്റേഴ്സിന്റെ യു.എ.ഇ പര്യടനം. ആഗസ്റ്റ് മൂന്നു മുതൽ സെപ്റ്റംബർ മൂന്നുവരെയാണ് ഡ്യുറൻഡ് കപ്പ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം നിര ടീമായിരുന്നു ഡ്യുറാൻഡ് കപ്പിൽ മത്സരിച്ചിരുന്നത്. ഇക്കുറി സീനിയർ ടീം തന്നെ കളിക്കുമോയെന്നത് വ്യക്തമല്ല. എങ്കിലും ടീം സെപ്റ്റംബർ ഒന്നിനും 15നും ഇടയിൽ യു.എ.ഇയിൽ ഉണ്ടാകുമെന്നാണ് വിവരം.
എട്ട്, 12,15 തീയതികളിൽ യു.എ.ഇയിലെ പ്രമുഖ പ്രൊ ലീഗ് ക്ലബുകളുമായി ബ്ലാസ്റ്റേഴ്സ് പരിശീലന മത്സരങ്ങളും നടത്തും. യു.എ.ഇ യിലെ പ്രൊ ലീഗ്, ഫസ്റ്റ് ഡിവിഷൻ ജേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖ ക്ലബുകളുമായി ഇതിനകം ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. മുൻ യു.എ.ഇ ദേശീയ താരവും അൽ അഹ്ലി, അൽ വെസൽ ക്ലബുകളുടെ കളിക്കാരനായിരുന്ന ഹസ്സൻ അലി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള എച്ച്16 സ്പോർട്സ് തന്നെയാണ് ഇത്തവണയും പ്രീ സീസൺ ഒരുക്കുന്നത്. യു.എ.ഇ യിലെ ദേശീയ ലീഗിന്റെ ഫിക്സ്ചർ വരുന്ന മുറക്ക് ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. അതിനാൽ യു.എ.ഇയിലെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇത്തവണയും മത്സരങ്ങളും പരിശീലനവും നേരിൽ കാണാൻ അവസരവുമുണ്ടാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.