ന്യൂഡൽഹി: പി.ടി. ഉഷ എം.പി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച റിട്ട. ജഡ്ജി എൽ. നാഗേശ്വര റാവുവിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഉഷ പ്രസിഡന്റായത്.
58കാരിയായ ഉഷ ഇന്ത്യൻ കായിക രംഗം കണ്ട ഏറ്റവും മികച്ച അത്ലറ്റുകളിലൊരാളാണ്. 1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ തലനാരിഴക്ക് മെഡൽ നഷ്ടമായ ഉഷ ഏഷ്യൻ ഗെയിംസിൽ നാലു സ്വർണമടക്കം 11 മെഡലുകളും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 14 സ്വർണമടക്കം 23 മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.
വിരമിച്ച ശേഷം ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സുമായി കായിക രംഗത്തുതന്നെ സജീവമായ കോഴിക്കോട് പയ്യോളി സ്വദേശിയായ ഉഷ ആദ്യമായാണ് കായിക ഭരണരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. അത്ലറ്റിക്സ് ഫെഡറേഷന്റെ ജൂനിയർ സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സനായ പി.ടി. ഉഷ നേരത്തേ കായിക നിരീക്ഷകയായും പ്രവർത്തിച്ചിട്ടുണ്ട്.
ഐ.ഒ.എയുടെ 95 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പ്യൻ താരം അതിന്റെ തലപ്പത്തെത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ മെഡലുകൾ നേടിയ കായികതാരം ഐ.ഒ.എ പ്രസിഡന്റാവുന്നതും ആദ്യമാണ്. 1938 മുതൽ '60 വരെ ഐ.ഒ.എ പ്രസിഡന്റായിരുന്ന മഹാരാജ യാദവീന്ദ്ര സിങ് ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.
വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമായിരുന്ന ഐ.ഒ.എയിൽ ഒരുവർഷം വൈകിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിന്റെയും ആശിർവാദത്തോടെയും പിന്തുണയോടെയുമാണ് ഉഷ പുതിയ പദവിയിലെത്തുന്നത്. ഈയിടെയാണ് ഉഷയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.