ന്യൂഡൽഹി: വിമർശിച്ച 12 എക്സിക്യുട്ടീവ് അംഗങ്ങൾക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐ.ഒ.എ) അധ്യക്ഷ പി.ടി. ഉഷ. അധ്യക്ഷ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റിയെ ജനാധിപത്യപരമാക്കണമെന്നും ആവശ്യപ്പെട്ട് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മേധാവി ജെറോം പോവെക്ക് കത്തെഴുതിയിരുന്നു. അതിനു പിന്നാലെയാണ് ഉഷ അംഗങ്ങൾക്കെതിരെ രംഗത്തുവന്നത്.
തുടർന്ന് കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങൾക്കെതിരെ ഉഷയും ജെറോം പോവെക്ക് കത്തെഴുതി. സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, ഒളിമ്പിക് മെഡൽ ജേതാവ് ഗഗൻ നരംഗ്, ജോയിന്റ് സെക്രട്ടറിമാരായ അളക നന്ദ അശോക്, കല്യാൺ ചൗബെ, യോഗേശ്വർ ദത്ത് എന്നിവരുൾപ്പെടെ 12 കമ്മിറ്റി അംഗങ്ങൾക്കെതിരെയാണ് ഉഷയുടെ കത്ത്. ആരോപണങ്ങൾ തന്റെ നേതൃത്വത്തെയും ഇന്ത്യൻ കായിക രംഗത്തിന്റെ ഉന്നമനത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഉഷ കത്തിൽ സൂചിപ്പിച്ചു.
45 വർഷത്തെ തന്റെ കരിയറിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന വ്യക്തികളെ കണ്ടിട്ടില്ലെന്നും ഉഷ ആരോപിച്ചു. ചില കമ്മിറ്റി അംഗങ്ങൾ ഫണ്ട് ദുരുപയോഗം ചെയ്തു. പക്ഷപാതപരമായി പെരുമാറിയെന്നും ചിലർക്കെതിരെ ലൈംഗിക പീഡന പരാതികളുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
ഐ.ഒ.എയുടെ സി.ഇ.ഒ ആയി രഘുറാം അയ്യരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് കമ്മിറ്റിയിൽ തർക്കം തുടങ്ങിയത്. കമ്മിറ്റിയിലെ 12 പേർ രഘുറാം അയ്യരുടെ നിയമനത്തിന് എതിരാണ്. പകരം മറ്റൊരാളെ നിയമിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ നടപടി ക്രമങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പി.ടി. ഉഷ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.