ന്യൂഡൽഹി: ചില നല്ല കാര്യങ്ങൾ സംഭവിക്കുന്നതിലേക്കുള്ള ആദ്യ ചുവടാണ് ഗുസ്തി ഫെഡറേഷന്റെ പുതിയ കമ്മിറ്റിയെ സസ്പെൻഡ് ചെയ്ത നടപടിയെന്നും തങ്ങളെന്തിനാണ് പോരാടുന്നതെന്ന് സർക്കാറിന് കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മാലിക്. ഒരു വനിത പ്രസിഡന്റ് ഉണ്ടായിരുന്നെങ്കിൽ തങ്ങൾ കൂടുതൽ സുരക്ഷിതരായേനെയെന്നും രാജ്യത്തെ സഹോദരിമാർക്കും പെൺമക്കൾക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തർ ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സാക്ഷി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പത്മശ്രീ തിരിച്ചുനൽകിയ തീരുമാനം നീതി നടപ്പാവും വരെ പുനഃപരിശോധിക്കില്ലെന്ന് ഒളിമ്പിക് മെഡൽ ജേതാവും ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയുമായ ബജ്റംഗ് പുനിയ. ഗുസ്തിതാരങ്ങൾക്ക് നീതി കിട്ടുമെന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന് ഗുസ്തി താരം ഗീത ഫോഗട്ട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘ഇപ്പോൾ കായിക മന്ത്രാലയം പുതിയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തിരിക്കുന്നു. വളരെ വൈകിയാണെങ്കിലും ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുടെ കിരണമാണത്.’’ ഗീത പറഞ്ഞു.
കോൺഗ്രസ് നേതാവു കൂടിയായ ഒളിമ്പിക്സ് മെഡൽ ജേതാവ് വിജേന്ദർ സിങ്ങും കേന്ദ്രത്തിന് വളരെ നേരത്തേതന്നെ നടപടിയെടുക്കാമായിരുന്നുവെന്ന് പ്രതികരിച്ചു. ഒരു വനിത താരം ഗോദയൊഴിയുന്നത് കാത്തുനിൽക്കേണ്ടി വന്നു. നീതിക്കായുള്ള പോരാട്ടത്തിൽ ഒളിമ്പിക്സ് താരം പത്മശ്രീ തിരികെ കൊടുക്കേണ്ടി വന്നു- വിജേന്ദർ സിങ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.