കൊച്ചി: ട്രാക്കും ഫീൽഡുമുൾപ്പെടെ മൈതാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു, കായികതാരങ്ങളും വിധികർത്താക്കളും എത്തിത്തുടങ്ങി... മലയാളക്കരയിൽനിന്ന് പുതിയ ദേശീയ, അന്തർദേശീയ താരങ്ങളെവരെ സൃഷ്ടിക്കുന്ന സംസ്ഥാനത്തിന്റെ സ്വന്തം കായിക മാമാങ്കത്തിലേക്ക് ഇനിയൊരു ഫൈനൽ വിസിലിന്റെ ദൂരം മാത്രം.
ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്താദ്യമായി നടക്കുന്ന കേരള സ്കൂൾ കായികമേള തിങ്കളാഴ്ച മുതൽ നവംബർ 11 വരെ കൊച്ചി നഗരമുൾപ്പെടെ എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ വേദികളിൽ അരങ്ങേറും. തിങ്കളാഴ്ച ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും മാത്രമേ നടക്കൂ. വൈകീട്ട് നാലിന് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ വിദ്യാഭ്യാസ മന്ത്രി പി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. നടൻ മമ്മൂട്ടി സാംസ്കാരിക പരിപാടികളും ഉദ്ഘാടനം ചെയ്യും. മാർച്ച് പാസ്റ്റ്, ദീപശിഖ റാലി, ആയിരങ്ങൾ പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവയുൾപ്പെടെ ഏറെ വർണാഭമാണ് ഉദ്ഘാടനച്ചടങ്ങ്. ചൊവ്വാഴ്ച മുതലാണ് വിവിധ വേദികളിലായി കായികമത്സരങ്ങൾ അരങ്ങേറുക. നവംബർ 11ന് മഹാരാജാസ് ഗ്രൗണ്ടിൽ മേളയുടെ സമാപനവും സമ്മാനദാനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഓൾ സെറ്റ്
17 വേദികളിലും 39 ഇനങ്ങളിലുമായി 24,000 കായികതാരങ്ങളാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നത്. 1500ലേറെ ഭിന്നശേഷി താരങ്ങളും ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള 50ഓളം മത്സരാർഥികളും പങ്കെടുക്കുന്നുവെന്നതാണ് ഇത്തവണ മേളയെ സവിശേഷമാക്കുന്നത്.
കൂടാതെ ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർറോളിങ് ട്രോഫിയും സമ്മാനിക്കും. ഗെയിംസ്, അത്ലറ്റിക്സ് എന്നിങ്ങനെ തിരിച്ചാണ് മത്സരങ്ങൾ. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ പ്രകാരം ചില മത്സരങ്ങൾ ഇതിനകം കൊച്ചിയിലുൾപ്പെടെ വിവിധയിടങ്ങളിലായി പൂർത്തിയാക്കിയിട്ടുണ്ട്. ഏറെ വ്യത്യസ്തമായ മേളയെ വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഞായറാഴ്ചയും മേളയുടെ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
റിപ്പോർട്ടിങ് ഇന്നുമുതൽ
ചൊവ്വാഴ്ച നടക്കുന്ന വിവിധ കായിക ഇനങ്ങളുടെ റിപ്പോർട്ടിങ് തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. സീനിയർ ആൺ.-പെൺ.. ടെന്നിസ്, ജൂനിയർ, സീനിയർ, ആൺ.-പെൺ.. ബാഡ്മിൻറൺ, സബ് ജൂനിയർ ആൺ.-പെൺ.. ടേബ്ൾ ടെന്നിസ്, സീനിയർ ആൺ., പെൺ., ജൂനിയർ പെൺ. ജൂഡോ, സീനിയർ പെൺ. ഫുട്ബാൾ, സീനിയർ ആൺ. സോഫ്റ്റ്ബാൾ, സീനിയർ ആൺ.-പെൺ. വോളിബാൾ, സീനിയർ ആൺ.-പെൺ. ഹാൻഡ്ബാൾ, സീനിയർ ആൺ.-പെൺ. ഖോ ഖോ, ജൂനിയർ ആൺ., പെൺ. ബോക്സിങ്, സീനിയർ ആൺ. പവർലിഫ്റ്റിങ്, സീനിയർ ആൺ.-പെൺ. ഫെൻസിങ്, സീനിയർ ആൺ.-പെൺ. ക്രിക്കറ്റ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ ആൺ.-പെൺ. അക്വാട്ടിക്സ്, അത്ലറ്റിക്സ് ആൻഡ് ഫുട്ബാൾ ഇൻക്ലൂസിവ്, ഹാൻഡ്ബാൾ ഇൻക്ലൂസിവ്, ബഡഡ്മിൻറൺ ഇൻക്ലൂസിവ്-ഇവയെല്ലാം 14 വയസ്സിൽ താഴെ, 14 വയസ്സിന് മുകളിൽ ഇനങ്ങളിലെ റിപ്പോർട്ടിങ്ങാണ് ഇന്ന് നടക്കുക. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടിനാണ് റിപ്പോർട്ടിങ്ങിനായി എത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.