കൊച്ചി: ദേശീയ സ്കൂൾ ഗെയിംസ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ നടത്താൻ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തീരുമാനമെടുത്തത് കേരളത്തിെൻറ എതിർപ്പ് മറി കടന്ന്. സംഘാടനചെലവും താമസസൗകര്യവും ഉൾപ്പെടെ വലിയ ബാധ്യതയാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മേള നടത്താൻ തീരുമാനിച്ചത്. ആൺകുട്ടികളുടേത് മഹാരാഷ്ട്രയിലെ നാസിക്കിലും പെൺകുട്ടികളുടേത് പുണെയിലും ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്താനാണ് എസ്.ജി.എഫ്.ഐ തീരുമാനം.
നീക്കത്തിനെതിരെ ഒളിമ്പ്യൻ പി.ടി. ഉഷ രംഗത്തെത്തിയതോടെയാണ് വിവാദമുയർന്നത്. കായികമേളയുടെ പാരമ്പര്യത്തിനും അന്തസ്സിനും കോട്ടംതട്ടും വിധമുള്ള നീക്കത്തിനുപിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, കേന്ദ്ര കായികമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, എസ്.ജി.എഫ.്ഐ ഭാരവാഹികൾ എന്നിവർക്ക് പി.ടി. ഉഷ കത്തയച്ചിരുന്നു. ഈ നീക്കത്തിനെതിരെ അഞ്ജു ബോബി ജോർജും രംഗത്തെത്തിയിരുന്നു.
അതേസമയം, ഫെഡറേഷെൻറ നീക്കത്തെ ആദ്യംമുതൽ എതിർത്തിരുന്നതായി എസ്.ജി.എഫ്.ഐ കേരള പ്രതിനിധിയും വൈസ് പ്രസിഡൻറുമായ ഡോ. ചാക്കോ ജോസഫ് മാധ്യമത്തോട് പറഞ്ഞു. മേള നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂൺ 14ന് ഗുവാഹതിയിൽ നടന്ന യോഗത്തിൽ കേരളത്തിെൻറ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഭൂരിപക്ഷ അഭിപ്രായവുമായി മുന്നോട്ടുപോകുകയായിരുന്നു.
60 വർഷമായിത്തുടരുന്ന വ്യവസ്ഥകളും നടപ്പുരീതികളെയും അവഗണിക്കുന്നത് കേരളത്തിനാണ് നഷ്ടം. ഓവറോൾ ചാമ്പ്യൻഷിപ് നേട്ടത്തിനത് തിരിച്ചടിയാകും. മുൻ കായികതാരങ്ങളുൾപ്പെടെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് സ്വാഗതാർഹമാണ്. കായിക കേരളം ഒന്നാകെ കേന്ദ്ര സർക്കാറിനും കായിക മന്ത്രാലയത്തിലും സമ്മർദം ചെലുത്തിയാൽ തീരുമാനം മാറ്റിയേക്കാം. കേരളത്തിന് ദോഷകരമായ നടത്തിപ്പിനെ ചോദ്യംചെയ്യുന്ന നടപടികൾക്ക് എസ്.ജി.എഫ്.ഐ കേരള ഘടകത്തിെൻറ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിഭജനം ഇന്ത്യൻ കായികരംഗത്തെ പിന്നോട്ടടിപ്പിക്കുമെന്ന് ഒളിമ്പ്യൻ മേഴ്സിക്കുട്ടനും അഭിപ്രായപ്പെട്ടു. ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. തീരുമാനത്തിെൻറ നിജസ്ഥിതി അന്വേഷിക്കണമെന്ന് മേഴ്സിക്കുട്ടൻ മാധ്യമത്തോട് പറഞ്ഞു. ഒളിമ്പിക് ചട്ടങ്ങളും എസ്.ജി.എഫ്.ഐ നിയമാവലിയും അവഗണിച്ചാണ് പുതിയ തീരുമാനം. ഇതുവരെയില്ലാതിരുന്ന എതിർപ്പ് മഹാരാഷ്ട്രയിലെത്തിയപ്പോൾ മാത്രം ഉയർന്നതിെൻറ കാര്യവും പരിശോധിക്കണം. കേരളത്തിെൻറ അപ്രമാദിത്വം തകർക്കാനുള്ള നീക്കമുണ്ടോയെന്നും പരിശോധിക്കണം. ജാതി, മത, വർണ, ലിംഗ ഭേദമില്ലാതെ നടത്തുന്ന കായിക മത്സരങ്ങളിൽ ലിംഗ വിവേചനം കൊണ്ടുവരാനുള്ള നീക്കത്തെ മേള ബഹിഷ്കരണംപോലുള്ള നിലപാടിലൂടെ ചോദ്യംചെയ്യണമെന്നും മേഴ്സിക്കുട്ടൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.