ശബരി എക്സ്പ്രസിലെ എസ്-9 കോച്ചിൽ മലയാളംമാത്രമേ കേൾക്കാനുള്ളൂ. 57ാമത് ദേശീയ സീനിയർ അത്ലറ്റിക് ചാമ്പ്യൻപട്ടം നിലനിർത്തുന്നതിനായുള്ള കേരള ടീമിെൻറ പടപ്പുറപ്പാടാണ്. ശനിയാഴ്ച മുതൽ 18 വരെ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ നാഗാർജുന യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ചാമ്പ്യൻഷിപ് കിരീടം കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങളൊരുക്കിയാണ് കേരളത്തിെൻറ 67 അംഗ ടീം യാത്രതിരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ടീം ഗുണ്ടൂരിൽ എത്തിച്ചേരും.
വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ട്രെയിനിൽ സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽനിന്നുമാണ് കായികതാരങ്ങൾ കയറിയത്. ചില പ്രമുഖ താരങ്ങൾ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിന് ശേഷം നേരിട്ട് ഗുണ്ടൂരിൽ എത്തിച്ചേരും. ചാമ്പ്യൻഷിപ് നിലനിർത്തുകതന്നെ ചെയ്യുമെന്ന് കേരള ടീം മാനേജർ രാമചന്ദ്രൻ, ചീഫ് കോച്ച് ഗോപാലകൃഷ്ണ പിള്ള എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ മാസം 10 മുതൽ 12 വരെ പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിന് ശേഷമാണ് ടീം ചാമ്പ്യൻഷിപ്പിനായി യാത്രതിരിച്ചത്.
1500 മീറ്ററിൽ പി.യു. ചിത്ര, 400 മീറ്ററിൽ അനിൽഡ തോമസ്, 400 മീ. ഹർഡിൽസ്, 400 മീ. ഓട്ടം എന്നീ ഇനങ്ങളിൽ ആർ. അനു, ട്രിപ്പിൾ ജംപിൽ എൻ.വി. ഷീന, ലോങ്ജംപിൽ വി. നീന, ഹെപ്റ്റാത്തലണലിൽ ഇരട്ട സഹോദരങ്ങളായ ലിക്സി, നിക്സി, 100 മീറ്ററിൽ നിലവിലെ മെഡൽ ജേതാവായ സുഗിന എന്നിവരാണ് വനിത വിഭാഗത്തിൽ കേരളത്തിെൻറ മെഡൽ പ്രതീക്ഷകൾ.
ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ 800 മീറ്ററിലെ വെങ്കല മെഡൽ ജേതാവ് ജിൻസൻ ജോൺസൺ, 400 മീ. ഹർഡിൽസിലെ വെള്ളി മെഡൽ ജേതാവ് എം.പി. ജാബിർ, ദീർഘദൂര നടത്തത്തിൽ കെ.ടി. ഇർഫാൻ, 100 മീറ്ററിൽ അനൂപ് ജോൺ, ലോങ്ജംപിൽ മുഹമ്മദ് അനീസ്, 400 മീറ്ററിൽ മുഹമ്മദ് അനസ് എന്നിവർ പുരുഷവിഭാഗത്തിലെ മെഡൽ പ്രതീക്ഷയുമായുണ്ട്. ഇവർക്ക് പരിശീലനവും നിർദേശങ്ങളുമായി കേരള സ്പോർട്സ് കൗൺസിൽ കോച്ചുമാരായ എ. അവിനാഷ് കുമാർ, ആർ. ജയകുമാർ എന്നിവരും വനിത ടീം മാനേജർമാരായ കവിത, ലിസി എന്നിവരും ടീമിനൊപ്പമുണ്ട്. സ്ലീപ്പർ ക്ലാസിലാണെങ്കിലും തങ്ങളുടെ യാത്ര ആഘോഷമാക്കുകയാണ് ടീമംഗങ്ങൾ. ടിൻറു ലൂക്കയും നയന െജയിംസും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കില്ലെന്ന് ടീം മാനേജ്മെൻറിനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.