മെഡലിലേക്ക് ഇനി ഷട്ടിലോട്ടം

റിയോ ഡെ ജനീറോ: മെഡലുകള്‍ ഒഴിഞ്ഞുമാറുന്ന ഇന്ത്യക്ക് മറ്റൊരു പ്രതീക്ഷ നല്‍കി ഒളിമ്പിക്സ് ബാഡ്മിന്‍റണിന് വ്യാഴാഴ്ച തുടക്കം. ചരിത്രത്തിലെ ഏറ്റവുംവലിയ ബാഡ്മിന്‍റണ്‍ സംഘമാണ് ഇത്തവണ ഇന്ത്യയില്‍നിന്ന് യോഗ്യത നേടിയിരിക്കുന്നത്. ഏഴുപേര്‍. ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേത്രിയും മുന്‍ ലോക ഒന്നാം നമ്പറുമായ സൈന നെഹ്വാള്‍ തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷയുടെ മുനമ്പത്തുള്ളത്. നിലവില്‍ ലോക അഞ്ചാം നമ്പറും റിയോയില്‍ അഞ്ചാം സീഡുമാണ് ഈ ഹൈദരാബാദുകാരി. ഇന്ത്യയുടെ ഏഴുപേരും വ്യാഴാഴ്ചയിറങ്ങുന്നുണ്ട്.

വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യം ജപ്പാന്‍െറ തകഷാഷി-മാസുടോമേ ടീമിനെ ഇന്ത്യന്‍ സമയം 4.30ന്് നേരിടും. പുരുഷ ഡബ്ള്‍സില്‍ സുമീത് റെഡ്ഡി-മനു അത്രി കൂട്ടുകെട്ട് ഇന്തോനേഷ്യന്‍ ടീമിനെതിരെ ഇറങ്ങും. സൈനക്ക് ഗ്രൂപ് ‘ജി’യില്‍ ബ്രസീലിന്‍െറ ലോഹായ്നിയാണ് എതിരാളി. സമയം രാത്രി 7.50. വനിതാ സിംഗ്ള്‍സില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായി പി.വി.സിന്ധു ഹംഗറിയുടെ ലൗറ സറോസിയെ 6.40നും പുരുഷ സിംഗ്ള്‍സില്‍ കെ. ശ്രീകാന്ത് മെക്സികോയുടെ ലിനോ മനൂസിനെ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 5.05നും നേരിടും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരം.
ഇക്കഴിഞ്ഞ ജൂണില്‍ ആസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ കിരീടം ചൂടിയാണ് സൈന റിയോ ഒളിമ്പിക്സ് പ്രതീക്ഷകള്‍ക്ക് സുവര്‍ണശോഭ പകരുന്നത്. ലോക എട്ടാം നമ്പറായ സൈന, കലാശപ്പോരാട്ടത്തില്‍ 12ാം റാങ്കുകാരി ചൈനയുടെ സണ്‍ യുവിനെ വീഴ്ത്തിയാണ് സീസണിലെ ആദ്യ കിരീടം ചൂടിയത്.

ആന്ധ്രയില്‍നിന്ന് തന്നെയുള്ള ശ്രീകാന്ത് കിഡംബി ലോക റാങ്കിങ്ങില്‍ 12ാം സ്ഥാനത്താണ്. റിയോയില്‍ ഒമ്പതാം സീഡ്. 2014ല്‍ ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ നേടി ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. രണ്ടു തവണ ഒളിമ്പിക്സ് ചാമ്പ്യനും അഞ്ചു തവണ ലോക ചാമ്പ്യനുമായ ചൈനയുടെ ലിന്‍ ഡാനെയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്ത് തോല്‍പിച്ചത്.പി.വി. സിന്ധു ലോക റാങ്കിങ്ങില്‍  10ാം സ്ഥാനത്താണ്. റിയോയില്‍ ഒമ്പതാം സീഡ്. 2013 ആഗസ്റ്റ് 10ന് ചൈനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി ആദ്യ ഇന്ത്യന്‍ സിംഗ്ള്‍സ് കളിക്കാരിയായി. 2014ല്‍ ഇത് ആവര്‍ത്തിച്ചു.

പുരുഷ സിംഗ്ള്‍സില്‍ ഇത്തവണയും ചൈനയുടെ ലിന്‍ ഡാനും മലേഷ്യയുടെ ലീ ചോങ് വെയും തമ്മിലുള്ള പേരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ബാഡ്മിന്‍റണ്‍ പ്രേമികള്‍. കഴിഞ്ഞ രണ്ട് ഒളിമ്പിക്സ് ഫൈനലിലും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ലീ തോല്‍ക്കുകയായിരുന്നു. ഇത്തവണ ഇവര്‍ ഫൈനലിന് മുമ്പുതന്നെ നേര്‍ക്കുനേരെ വരുന്ന വിധത്തിലാണ് ഫിക്സ്ചര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.