ഹൈദരാബാദ്: സ്ഥിരതയോടെ ടൂർണമെൻറുകൾ ജയിക്കുകയെന്നതാണ് തെൻറ ലക്ഷ്യമെന്ന് സീസണിലെ നാലാം സൂപ്പർ കിരീടവുമായി ഇന്ത്യക്ക് അഭിമാനനേട്ടം സമ്മാനിച്ച ബാഡ്മിൻറൺ താരം കിടംബി ശ്രീകാന്ത്. പരിക്കുകൾക്ക് പിടികൊടുക്കാതെ ഫോം നിലനിർത്താനായാൽ ഒന്നാം റാങ്ക് നേട്ടം വിദൂരമല്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ഫ്രഞ്ച് ഒാപൺ കിരീട നേട്ടത്തിന് പിന്നാലെ ജന്മനാടായ ഹൈദരാബാദിലെത്തിയതായിരുന്നു ബാഡ്മിൻറൺ സൂപ്പർ താരം. ഇന്തോനേഷ്യ ഒാപൺ, ആസ്ട്രേലിയ ഒാപൺ, ഡെന്മാർക്ക് ഒാപൺ എന്നിവയും ഇൗ വർഷം നേടിയിരുന്ന ശ്രീകാന്ത് സീസണിൽ നാല് സൂപ്പർ സീരിസ് കിരീടങ്ങൾ സ്വന്തമാക്കുന്ന നാലാം കളിക്കാരനും ആദ്യ ഇന്ത്യൻ താരവുമായിരുന്നു.
ചൈനയുടെ ലിൻ ഡാനും മലേഷ്യയുടെ ലീ ചോങ് വെയ്യും അരങ്ങുവാണിരുന്ന ലോക ബാഡ്മിൻറൺ ഇപ്പോൾ കൂടുതൽ തുറന്ന പോരാട്ടങ്ങൾക്കാണ് വേദിയാവുന്നതെന്നും ആർക്കും ആരെയും തോൽപിക്കാവുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ലോക റാങ്കിങ്ങിൽ എട്ടാമനായി ഫ്രഞ്ച് ഒാപണിനിറങ്ങിയ ശ്രീകാന്ത് കിരീടനേട്ടത്തോടെ നാലാം റാങ്കിലേക്കുയർന്നിരുന്നു.
നാളെ പുറത്തിറങ്ങുന്ന പുതിയ റാങ്കിങ്ങിൽ ശ്രീ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് സൂചന. വരാനിരിക്കുന്ന ചൈന ഒാപണും സ്വന്തമാക്കാനായാൽ ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാവും 24കാരനായ ശ്രീകാന്ത്. മുമ്പ് മൂന്നാം റാങ്കിലെത്തിയിരുന്നതാണ് ശ്രീകാന്തിെൻറ മികച്ച നേട്ടം. വനിതകളിൽ സൈന നെഹ്വാൾ മുമ്പ് ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്. പി.വി. സിന്ധു ഇപ്പോൾ രണ്ടാം റാങ്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.