നാൻജിങ്: ബാഡ്മിൻറണിലെ വിശ്വ കോർട്ടുകളിൽ ഇന്ത്യൻ പതാക ഉയരുന്നതിനും ദേശീയഗാനം കേൾക്കുന്നതിനും സാക്ഷിയാകാൻ ഇനിയുമെത്ര കാലം കാത്തിരിക്കണം. സൈനയിലൂടെയും സിന്ധുവിലൂടെയും ഒരു രാജ്യം കണ്ട നൂറുകോടി സ്വപ്നങ്ങൾക്ക് സ്വർണനിറം പകരാൻ ഞായറാഴ്ചയിലെ പകലിനും കഴിഞ്ഞില്ല.
ഒളിമ്പിക്സിലും ലോകമേളകളിലും അവസാന പോരാട്ടത്തിൽ പതറിവീഴുന്ന ഇന്ത്യയുടെ ദയനീയ മുഖം ഞായറാഴ്ച നാൻജിങ്ങിലെ ലോക ചാമ്പ്യൻഷിപ്പിെൻറ നീലക്കോർട്ടിലും ആവർത്തിച്ചു. തുടർച്ചയായി രണ്ടാം ഫൈനലിനിറങ്ങിയ പി.വി. സിന്ധുവിനെ സ്പെയിനിെൻറ കരോലിന മരിൻ നേരിട്ടുള്ള ഗെയിമുകൾക്ക് അടിയറവു പറയിച്ചപ്പോൾ കൈയെത്തും അകലെ ഒരു വിശ്വകിരീടം കൂടി കൈവിട്ടു. വെറും 46 മിനിറ്റ് മാത്രം നീണ്ട വനിത സിംഗ്ൾസ് ഫൈനലിൽ 21-19, 21-10 സ്കോറിനായിരുന്നു ലോക എട്ടാം നമ്പറുകാരിയായ മരിൻ മൂന്നാം റാങ്ക് താരം സിന്ധുവിനെ നിഷ്പ്രഭമാക്കിയത്. 2014, 2015 ചാമ്പ്യൻഷിപ്പുകളിൽ ജേത്രിയായ കരോലിന മരിെൻറ മൂന്നാം ലോക കിരീടം കൂടിയാണ് ഞായറാഴ്ച നാൻജിങ്ങിൽ പിറന്നത്.
ഇതോടെ, ഏറ്റവും കൂടുതൽ തവണ ലോകചാമ്പ്യനാവുന്ന ആദ്യ വനിത താരവുമായി സ്പാനിഷ് സുന്ദരി. രണ്ടു വർഷം മുമ്പ് റിയോ ഒളിമ്പിക്സ് ഫൈനലിൽ കണ്ട പോരാട്ടത്തേക്കാൾ ഏകപക്ഷീയമായിരുന്നു നാൻജിങ്ങിലെ കലാശ അങ്കം. അന്ന് ആദ്യ ഗെയിം സിന്ധു ജയിച്ചശേഷം രണ്ടും മൂന്നും ഗെയിമിൽ പൊരുതിയാണ് കീഴടങ്ങിയത്. എന്നാൽ, ഇക്കുറി ആദ്യ െഗയിമിൽ ചെറുത്തുനിന്ന സിന്ധു, രണ്ടാം ഗെയിമിൽ വെറും 21 മിനിറ്റിൽ കിരീടം അടിയറവു വെച്ചു മടങ്ങി.
പരസ്പരം നന്നായി അറിയാവുന്നവരുടെ അങ്കത്തിൽ ‘മൈൻഡ് ഗെയിമായിരുന്നു’ കണ്ടത്. ഇരുവരും കളിക്കു പുറത്തെ അടവുകളും പ്രയോഗിച്ച് പരസ്പരം സമ്മർദം സൃഷ്ടിക്കാൻ ശ്രമിച്ചു. സർവിനു മുമ്പായി സമയം വൈകിപ്പിച്ചും അലർച്ചകളിലൂടെയും കോർട്ടിനെ യുദ്ധസമാനമാക്കി. സമയം വൈകുേമ്പാൾ ഇടപെട്ട റഫറി പലതവണ താക്കീതും നൽകി. മൈൻഡ് ഗെയിമിൽ ആധിപത്യം സ്ഥാപിച്ച മരിൻ അന്തിമ വിജയിയുമായി. ക്വാർട്ടറിലും സെമിയിലും കണ്ട സിന്ധുവായിരുന്നില്ല മരിനു മുന്നിൽ. ആക്രമണവും പോർവീര്യവും ചോർന്നതുപോലെ അനുഭവപ്പെട്ടു.
ഒന്നാം ഗെയിമിെൻറ തുടക്കത്തിൽ മരിൻ നേടിയ ലീഡിനെ (1-3) സിന്ധു പതുക്കെ മറികടന്ന് പ്രതീക്ഷകൾ നൽകി (11-8, 14-9). എന്നാൽ, കോർട്ട് നിറഞ്ഞുകളിച്ച മരിൻ തിരിച്ചെത്തി (15-15). ഒടുവിൽ ഉജ്ജ്വലമായ ക്രോസ്ഷോട്ടുകളും സ്മാഷും ഉതിർത്ത് സിന്ധുവിനെ വരച്ചവരയിൽ നിർത്തി 19-21ന് ഗെയിം പിടിച്ചു. ഒന്നാം ഗെയിം കൈവിട്ടതോടെ ആത്മവിശ്വാസം തകർന്ന ഇന്ത്യൻതാരമായിരുന്നു കോർട്ടിലെത്തിയത്. ഇൗ മുൻതൂക്കം കരോലിന നന്നായി ഉപയോഗപ്പെടുത്തി. 0-4ന് തുടങ്ങിയ സ്പാനിഷ് താരം 3-12, 6-18 കുതിപ്പിൽ 10-21ന് ഗെയിം തീർപ്പാക്കി കിരീടം ഉറപ്പിച്ചു. സീസണിലെ ബാഡ്മിൻറൺ ഫൈനലിൽ സിന്ധുവിെൻറ നാലാം തോൽവിയാണിത്. 2016ലെ ഒളിമ്പിക്സ് ഫൈനൽ മുതലുള്ള കണക്കെടുത്താൽ രണ്ടു വർഷത്തിനിടെ സുപ്രധാന ചാമ്പ്യൻഷിപ്പുകളിൽ എട്ടാമത്തെ തോൽവിയും.
‘ഏറെ വേദനിപ്പിക്കുന്ന തോൽവിയായി ഇത്. കഴിഞ്ഞ വർഷവും ഫൈനൽ കളിച്ചിരുന്നു. വിജയം പ്രതീക്ഷിച്ചിരുന്നു. എങ്കിലും നിരാശയില്ല. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം കാഴ്ചവെക്കാനായതിലും ഫൈനൽ വരെയെത്തി മെഡൽ പോഡിയത്തിലെത്തിയതും സന്തോഷമാണ്. ഇൗ തോൽവി കളിയുടെ ഭാഗമാണ്. കൂടുതൽ കരുത്തോടെ തിരിച്ചുവരും. ഇനി അടുത്ത ടൂർണമെൻറിനായി ഒരുങ്ങണം. ചില ദിവസങ്ങൾ നമ്മുടേതല്ലാതായി മാറും. ഉയർച്ചതാഴ്ചകൾ എപ്പോഴുമുണ്ടാവും. അെതല്ലാം കൂടുതൽ കരുത്താവും’’ -മത്സരശേഷം സിന്ധു പറഞ്ഞു. കരോലിന മികച്ച ഫോമിലായിരുന്നു. വേഗവും ആക്രമണ ഗെയിമുമാണ് അവരുടെ മികവ്. ടൂർണമെൻറിലുടനീളം അവർ വിജയകരമായി മുന്നേറുകയും ചെയ്തു. കരോലിനയുടെ വേഗത്തെ നേരിടാൻ ഞാൻ ഒരുങ്ങിയിരുന്നു. എങ്കിലും നിർഭാഗ്യം പോയൻറുകൾ നഷ്ടപ്പെടുത്തി -കളിയെക്കുറിച്ച് സിന്ധു വ്യക്തമാക്കി. ഏറെ നാളായി കാത്തിരുന്ന വിജയമെന്നായിരുന്നു കരോലിനയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.