ക​രോ​ലി​ന മ​രിനെ വീഴ്ത്തി; ഇന്ത്യൻ ഒാപ്പൺ സൂപ്പർ സീരീസ്​ കിരീടം സിന്ധുവിന്​

ന്യൂഡൽഹി: റിയോയിലെ ആ കടം സിന്ധു വീട്ടി. സ്വന്തം നാട്ടുകാരുടെ ആർപ്പുവിളികളെ ഒാരോ ഷോട്ടിനുമുള്ള ഉൗർജമാക്കിമാറ്റി, കോർട്ടിെൻറ നാലുപാടും കീഴടക്കിയപ്പോൾ ഒളിമ്പിക്സ് സ്വർണം തട്ടിപ്പറിച്ച കരോലിന മരിെൻറ അലർച്ചകൾ അലിഞ്ഞമർന്നുപോയി. സ്പാനിഷ് താരത്തെ നേരിട്ടുള്ള രണ്ടു െസറ്റിന് അടിയറവുപറയിച്ച പി.വി. സിന്ധുവിന് ഇന്ത്യൻ സൂപ്പർ സീരീസ് ബാഡ്മിൻറൺ വനിത സിംഗ്ൾസ് കിരീടം സ്വന്തം. വാശിയേറിയ അങ്കത്തിൽ 21-19, 21-16 സ്കോറിനായിരുന്നു റാങ്കിങ്ങിലും പരിചയത്തിലും തന്നെക്കാൾ മുന്നിലുള്ള കരോലിനയെ സിന്ധു കീഴടക്കിയത്. 

റിയോ ഒളിമ്പിക്സ് ഫൈനലിെൻറ ആവർത്തനമെന്ന നിലയിൽ ശ്രദ്ധനേടിയ മത്സരത്തിൽ സിന്ധുവിെൻറ ജയത്തിനായാണ് ന്യൂഡൽഹി സിരിഫോർട്ട് സ്പോർട്സ് കോംപ്ലക്സ് നിറഞ്ഞുകവിഞ്ഞത്. ഡബ്ൾസ്, പുരുഷ സിംഗ്ൾസ് മത്സരങ്ങൾക്കുശേഷം വൈകീട്ട് ആറരയോടെ സിന്ധുവും കരോലിനയും കിറ്റുമായി കോർട്ടിലെത്തിയതോടെ ഗാലറിയിൽ ആരവങ്ങൾക്ക് തിരികൊളുത്തി. പിന്നെ, ഒരു മണിക്കൂറോളം സമയം. ഒാരോ പോയൻറ് സ്കോർ ചെയ്യുേമ്പാഴും പതിവു ശൈലിയിലായിരുന്നു കരോലിനയുടെ അലർച്ച. എന്നാൽ, സിന്ധുവിെൻറ ഒാരോ പോയൻറും ഗാലറി ഒന്നടങ്കം ആർപ്പുവിളികളോടെ ആഘോഷിച്ചു. 47 മിനിറ്റ് മത്സരത്തിനൊടുവിൽ ലോക മൂന്നാം നമ്പറുകാരിയായ കരോലിനയെ വീഴ്ത്തിയതോടെ കരിയറിൽ സിന്ധുവിെൻറ ആദ്യ ഇന്ത്യൻ ഒാപൺ സൂപ്പർ സീരീസ് കിരീടമായി. കഴിഞ്ഞ നവംബറിൽ ചൈനീസ് ഒാപൺ സൂപ്പർ സീരീസ് പ്രീമിയർ കിരീടമണിഞ്ഞ ശേഷം ആദ്യ സുപ്രധാന കിരീടം. സൂപ്പർ സീരീസ് പരമ്പരയിലെ ആദ്യത്തേതും. 

ആദ്യ പോയൻറ് നേടിയത് കരോലിനയായിരുന്നെങ്കിലും മുന്നേറ്റം സിന്ധുവിനായിരുന്നു. ടോപ് ഗിയറിൽ അമർത്തിച്ചവിട്ടിയ ഇന്ത്യൻ താരം 5-1ന് ലീഡ് പിടിച്ചു. എന്നാൽ, തിരിച്ചടിച്ച കരോലിന (6-4) വൈകാതെ ഒപ്പത്തിനൊപ്പമായി. എങ്കിലും എതിരാളിയുടെ പിഴവുകളിൽനിന്ന് നേരിയ മുൻതൂക്കം നിലനിർത്താനായി. പക്ഷേ, 17-17ൽ എത്തിയതോടെ ഗാലറിയിൽ നെഞ്ചിടിപ്പിെൻറ നിമിഷങ്ങൾ. തൊട്ടുപിന്നാലെ കരോലിനക്ക് ഒരു പോയൻറ് മുൻതൂക്കവും. എന്നാൽ, തുടർച്ചയായ രണ്ടു പോയൻറുമായി ഇന്ത്യക്കാരി 19-18ലെത്തിച്ചു. സമ്മർദത്തിലായ കരോലിനക്കെതിരെ ആക്രമിച്ചു കളിച്ച സിന്ധുവിെൻറ രണ്ടു പ്ലേസുകളിൽ റിേട്ടൺ പുറത്തേക്കായതോടെ ആദ്യ ഗെയിം ഇന്ത്യക്കായി. 

രണ്ടാം ഗെയിമിൽ അനായാസമായിരുന്നു സിന്ധുവിെൻറ കുതിപ്പ്. 4-0ത്തിന് തുടങ്ങിയ മുന്നേറ്റം ഒരുഘട്ടത്തിൽ വേഗം കുറഞ്ഞെങ്കിലും ആക്രമിച്ചു കളിച്ച് ലീഡ് നിലനിർത്തി. മറുപക്ഷത്ത് കരോലിന പിഴവുകൾ ആവർത്തിച്ചതോടെ ജയം എളുപ്പമായി.ഇതോടെ, ഇരുവരും തമ്മിലെ മുഖാമുഖം റെക്കോഡ് 5-5 എന്ന നിലയിലായി. റിയോ ഒളിമ്പിക്സിനു ശേഷം മൂന്നു വട്ടം ഏറ്റുമുട്ടിയപ്പോൾ സിന്ധുവിനിത് രണ്ടാം ജയം.

പുരുഷ കിരീടം അക്സൽസന്
ഇന്ത്യൻ സൂപ്പർ സീരീസ് പുരുഷ സിംഗ്ൾസ് കിരീടം ഡെന്മാർക്കിെൻറ ലോക നാലാം നമ്പർ താരം വിക്ടർ അക്സൽസന്. ഫൈനലിൽ ഏഴാം സീഡായ ചൈനീസ് തായ്പേയിയുടെ ചോ തിയാൻ ചെന്നിനെ തോൽപിച്ചാണ് കിരീട നേട്ടം. സ്കോർ 21-13, 21-10.

Tags:    
News Summary - India Open 2017 Final: PV Sindhu Beats Carolina Marin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.