ഗ്ലാസ്ഗോ: റിയോ ഒളിമ്പിക്സോടെയാണ് ഇന്ത്യയുെട ന്യൂജനറേഷൻ കായികപ്രേമികൾ കരോളിന മാരിൻ എന്ന പേര് കേട്ടുതുടങ്ങിയത്. ഒളിമ്പിക്സ് സ്വർണമോഹവുമായി കോർട്ടിലിറങ്ങിയ പി.വി. സിന്ധുവിെൻറയും 130 കോടി ഇന്ത്യക്കാരുടെയും പ്രതീക്ഷകൾക്കുമേൽ ബാറ്റുവീശിയ കരോളിന മാരിെൻറ വേറൊരു പതിപ്പാണ് ഞായറാഴ്ച രാത്രി ഗ്ലാസ്ഗോയിൽ അവതരിച്ച ജപ്പാൻകാരി നൊസോമി ഒകുഹാര. ജാപ്പനീസ് കരുത്തിെൻറയും അടങ്ങാത്ത പോരാട്ടവീര്യത്തിെൻറയും പര്യായം. ഉയരം നോക്കിയാൽ സിന്ധുവിെൻറ തോളിനൊപ്പമാണ് ഒകുഹാരയുെട സ്ഥാനം. എന്നിട്ടും 22ാം വയസ്സിൽ ലോക ചാമ്പ്യൻപട്ടം സ്വന്തം പേരിലാക്കിയാണ് മടക്കം.
പവർ ഗെയിമിന് പകരം ബുദ്ധിയും കായികക്ഷമതയുമാണ് ഇൗ ജപ്പാൻകാരിയുടെ കരുത്ത്. ടൂർണമെൻറിലുടനീളം ഇൗ കരുത്ത് പ്രകടമായിരുന്നു. എതിരാളിയെ തലങ്ങും വിലങ്ങുമോടിച്ച് അവശയാക്കുന്ന തന്ത്രം ആദ്യ റൗണ്ട് മുതൽ ഒകുഹാര പരീക്ഷിച്ച് വിജയിച്ചിരുന്നു. ഫൈനലിലെത്താൻ സിന്ധു 223 മിനിറ്റ് കളിച്ചപ്പോൾ ഒകുഹാര എടുത്തത് 264 മിനിറ്റ്. അതായത്, സിന്ധുവിനേക്കാൾ 41 മിനിറ്റ് കൂടുതൽ.
2013ൽ കാൽമുട്ടിനേറ്റ പരിക്കോടെ കരിയർ അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്നാണ് ഒകുഹാര പൊരുതിക്കയറിയത്. 2015ൽ ദുബൈ സൂപ്പർ സീരീസും തൊട്ടടുത്തവർഷം ഒാൾ ഇംഗ്ലണ്ട് ഒാപണും സ്വന്തമാക്കി. റിയോ ഒളിമ്പിക്സ് സെമിയിൽ സിന്ധുവിെൻറ മുന്നിലാണ് ഒകുഹാര വീണത്. ഇൗ ടൂർണമെൻറിൽ ഒകുഹാരക്കു മുന്നിൽ മുട്ടുമടക്കിയവർ നിസ്സാരക്കാരല്ല. കരോളിന മാരിനെയും സൈന നെഹ്വാളിനെയും കീഴടങ്ങിയാണ് അവൾ സിന്ധുവിനെ നേരിടാനിറങ്ങിയത്. വനിത വിഭാഗത്തിൽ രണ്ടു മണിക്കൂർ 41 മിനിറ്റ് നീണ്ട ലോക റെക്കോഡ് പോരാട്ടം നടത്തിയ നാവോകോ ഫുകുമാെൻറയും കുറുമി യോനാവോയുടെയും നാട്ടിൽനിന്നാണ് ഒകുഹാരയും വരുന്നത് എന്ന് മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.