നാൻജിങ്: ജപ്പാൻ സ്വപ്നങ്ങളെ ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിവരുന്ന പി.വി. സിന്ധു, ഇക്കുറിയെങ്കിലും കരോലിന മരിെൻറ അലർച്ചകൾക്കു മുകളിൽ ഷട്ട്ൽ പറത്തി ബാഡ്മിൻറൺ കോർട്ടിലെ വിശ്വകിരീടത്തിൽ ഇന്ത്യൻ മുത്തം സാക്ഷാത്കരിക്കുമോ? ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ് വനിത സിംഗ്ൾസിൽ തുടർച്ചയായി രണ്ടാം വട്ടവും ഫൈനലിൽ കടന്ന സിന്ധുവിലൂടെ രാജ്യം ചരിത്രത്തിലെ ആദ്യ തങ്കപ്പതക്കത്തിനായി കാത്തിരിക്കുന്നു. ഒളിമ്പിക്സ് സ്വർണമെന്ന സ്വപ്നം രണ്ടുവർഷം മുമ്പ് തട്ടിയകറ്റിയ സ്പെയിൻ താരം കരോലിന മരിൻ എതിരാളിയാവുന്നതോടെ കനലൊടുങ്ങാത്ത പകയുടെ കണക്കുകൾ വീണ്ടും പുകഞ്ഞുതുടങ്ങി.
വീറുറ്റ സെമിഫൈനൽ പോരാട്ടത്തിൽ ലോക റാങ്കിങ്ങിലെ രണ്ടാം നമ്പർ താരം ജപ്പാെൻറ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമിന് കീഴടക്കിയാണ് സിന്ധു ഫൈനലിൽ കടന്നത്.
55 മിനിറ്റ് നീണ്ട അങ്കത്തിൽ 21-16, 24-22 സ്കോറിനായിരുന്നു ജയം. ക്വാർട്ടറിൽ നിലവിലെ ജേത്രി നൊസോമി ഒകുഹാരയെ വീഴ്ത്തിയ സിന്ധു തുടർച്ചയായി രണ്ടാമത്തെ ജപ്പാൻ താരത്തെയും വീഴ്ത്തിയാണ് മുന്നേറിയത്.
ശനിയാഴ്ച നടന്ന ആദ്യ സെമിയിൽ ചൈനക്കാരി ഹെ ബിങ്ജിയാവോയെ തോൽപിച്ചാണ് രണ്ടുതവണ ലോകചാമ്പ്യനായ കരോലിന മരിൻ ഫൈനലിലെത്തിയത്. സ്കോർ 13-21, 21-16, 21-13.
അപാരം സിന്ധു
നിർണായക നിമിഷങ്ങളിൽ പതറിപ്പോവുന്ന പതിവ് കോർട്ടിനു പുറത്ത് അഴിച്ചുവെച്ച്, എതിരാളിയെ ഇരട്ടശൗര്യത്തോടെ കീഴടക്കുന്ന സിന്ധുവിനെ കണ്ടതാണ് ഇന്നത്തെ ഫൈനലിനുമുമ്പ് ആരാധകർക്കും ആത്മവിശ്വാസം നൽകുന്നത്. ഒകുഹാരയെ തോൽപിച്ചപോലെ ഗെയിമിെൻറ തുടക്കത്തിൽ പിന്നോട്ടുപോയ ശേഷമായിരുന്നു യമാഗുചിക്കെതിരെയും സിന്ധുവിെൻറ വിജയങ്ങൾ. 20 മിനിറ്റ് നീണ്ട ഒന്നാം ഗെയിമിൽ 3-7ന് പിന്നിൽനിന്ന് തുടങ്ങിയ സിന്ധു 8-8ന് സമനില പിടിച്ച ശേഷം റോക്കറ്റ് വേഗത്തിൽ കുതിച്ചു കയറി. ലോങ് റാലികളെ, മിന്നൽ സ്മാഷുകളിലൂടെ പോയൻറുകളാക്കിയപ്പോൾ റാങ്കിൽ മുന്നിലുള്ള ജപ്പാൻ താരത്തിന് അടിതെറ്റി. ലീഡ് പതുക്കെ ഉയർത്തിയ സിന്ധു, 13-12ൽനിന്ന് തുടർച്ചയായി അഞ്ചു പോയൻറ് നേടി കളി സ്വന്തമാക്കി. പിന്നെ അനായാസ ഫിനിഷിങ്.
രണ്ടാം ഗെയിമിൽ യമാഗുച്ചി അടവുകൾ മാറ്റി, തിരിച്ചുവരാൻ ഉറപ്പിച്ചാണ് കോർട്ടിലെത്തിയത്. അതിെൻറ ഫലവും കണ്ടു. 3-7ന് ലീഡ് പിടിച്ചുതന്നെ തുടങ്ങി. പതിവുപോലെ സിന്ധു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും എതിരാളി ലീഡുയർത്തിയതോടെ കളി മുറുകി. 12-19ന് ജപ്പാൻകാരി മുന്നിലെത്തിയതോടെ രണ്ടാം ഗെയിം കൈവിട്ടുവെന്ന് കാഴ്ചക്കാർ ഉറപ്പിച്ചു. എന്നാൽ, അവിശ്വസനീയമായായിരുന്നു സിന്ധുവിെൻറ കുതിപ്പ്. കോർട്ടിലുടനീളം എതിരാളിയെ ഒാടിച്ച് നിന്നനിൽപിൽ നേടിയത് ഏഴു പോയൻറ്. കളി 19-19ൽ ആൻറിൈക്ലമാക്സിലേക്ക്. മുന്നിലെത്തിയ സിന്ധു മാച്ച് പോയൻറിന് കാത്തിരിക്കെ കളി ടൈബ്രേക്കറിലേക്ക് നീങ്ങി. മൂന്നു തവണ മാച്ച് പോയൻറ് നഷ്ടപ്പെടുത്തിയെങ്കിലും 24-22ന് ജയിച്ച് രണ്ടാം ഫൈനൽ പ്രവേശം ഉറപ്പിച്ചു.
ലോക ജൂനിയർ പോരാട്ടം ഉൾപ്പെടെ സിന്ധുവും കരോലിനയും 12 തവണയാണ് ഏറ്റുമുട്ടിയത്. 6-6ന് ഇരുവരും ഒപ്പത്തിനൊപ്പവും. കഴിഞ്ഞ ജൂണിൽ മലേഷ്യൻ ഒാപണിൽ അവസാനമായി പോരടിച്ചപ്പോൾ സിന്ധുവിനായിരുന്നു ജയം. ബിങ്ജിയാവോക്കെതിരെ ഒന്നാം ഗെയിമിൽ തോറ്റ ശേഷമായിരുന്നു കരോലിനയുടെ തിരിച്ചുവരവ്. ആക്രമണ സ്വഭാവത്തോടെ ആഞ്ഞടിച്ച ലോക-ഒളിമ്പിക്സ് ചാമ്പ്യനു മുന്നിൽ നാട്ടുകാരുടെ പിന്തുണയിലും ബിങ്ജിയാവോ പതറിപ്പോയി.
പുരുഷന്മാരിൽ പുതുചാമ്പ്യൻ
മുൻനിരക്കാരെല്ലാം പുറത്തായ പുരുഷ സിംഗ്ൾസിൽ ഇന്ന് പുതുചാമ്പ്യൻ പിറക്കും. ജപ്പാെൻറ ആറാം സീഡ് കെേൻറാ മൊമൊട്ടയും ചൈനയുടെ മൂന്നാം സീഡ് ഷി യുകിയും തമ്മിലാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.