ഗ്ലാസ്ഗോ: ഒരു മണിക്കൂറും 49 മിനിറ്റും നീണ്ട അങ്കം. അടങ്ങാത്ത പോർവീര്യവും തളരാത്ത നിശ്ചയദാർഢ്യവും മാറ്റുരച്ചപ്പോൾ അന്തിമ വിജയം കോർട്ടുനിറഞ്ഞുകളിച്ച ജപ്പാെൻറ നൊസൊമി ഒകുഹാരക്കായി. ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണമണിയുന്ന ആദ്യ ഇന്ത്യക്കാരിയാകാനൊരുങ്ങിയ പി.വി. സിന്ധു വെള്ളിയിലൊതുങ്ങിയപ്പോൾ തളരാത്ത പോരാട്ടവീര്യമായിരുന്നു ജപ്പാെൻറ 12ാം നമ്പറുകാരിക്ക് വിജയമൊരുക്കിയത്. സെമിയിൽ സൈന നെഹ്വാളിനെ അനായാസം വീഴ്ത്തിയ ആത്മവിശ്വാസം ഒകുഹാരക്കും ചൈനയുടെ ചെൻ യൂഫിയെ നേരിട്ടുള്ള സെറ്റുകളിൽ തകർത്ത കരുത്ത് സിന്ധുവിനും ഫൈനലിനിറങ്ങുംമുമ്പ് ഇന്ധനമായിരുന്നു.
21-19 (ഒകുഹാര) ഒന്നാം ഗെയിമിൽ സിന്ധുവിനായിരുന്നു തുടക്കത്തിലേ മുൻതൂക്കം. ഉയരക്കൂടുതലുള്ള സിന്ധു തുടർച്ചയായി സ്മാഷുതിർത്തപ്പോൾ അഞ്ചടിമാത്രം നീളമുള്ള ഒകുഹാര പതറി. 5-1ന് സിന്ധുവിന് ലീഡ്. എന്നാൽ, ക്രോസ് ഷോട്ടുകൾ പായിച്ച് അവർ കളിയിൽ തിരിച്ചെത്തി (6-5). എങ്കിലും ലീഡ് ഇന്ത്യൻതാരത്തിനുതന്നെയായിരുന്നു. 12-7ന് മുന്നിൽനിന്ന സിന്ധു ഒരുഘട്ടത്തിൽ തുടർച്ചയായി പിഴവുകളിലൂടെ പിന്നിലായി. 14-11ൽനിന്ന് ഒകുഹാര തുടർച്ചയായി ഏഴു പോയൻറ് പിടിച്ച് കളിയിൽ മേധാവിത്വം നേടി. സിന്ധുവിെൻറ അഞ്ച് ഷോട്ടുകൾ നെറ്റിൽ കുടുങ്ങി വീണത് എതിരാളിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഒടുവിൽ 21-19ന് ജപ്പാെൻറ 22കാരി ഗെയിം തീർത്തു.
ലോക ബാഡ്മിൻറൺ കിരീടം ചൂടിയ ജപ്പാെൻറ നൊസോമി ഒകുഹാര,
20-22 (സിന്ധു) സിന്ധുവിന് തിരിച്ചുവരവും ഒകുഹാരക്ക് കിരീടവും ലക്ഷ്യമിട്ടുള്ള ഗെയിം. തുടക്കത്തിലേ കുതിപ്പ് സിന്ധുവിനായിരുന്നു (6-2). എങ്കിലും എതിരാളി വിട്ടില്ല. സിന്ധുവിെൻറ അബദ്ധങ്ങൾ പോയൻറുകളാക്കി മാറ്റിയപ്പോൾ മാർജിൻ കുറഞ്ഞുവന്നു. ഇടവേളയിൽ 11-8ന് സിന്ധു മുന്നിൽ. പക്ഷേ, കളി പുനരാരംഭിക്കുേമ്പാഴേക്കും 12-12ന് ഒപ്പത്തിനൊപ്പമായി. മത്സരത്തിലെ ഏറ്റവും ദൈർഘ്യമേറിയ റാലികൾ പിറന്ന ഗെയിം. സിന്ധു 16ാം പോയൻറ് നേടിയ കളിയിൽ റാലി 73 വരെ നീണ്ടു. ഇഞ്ചോടിഞ്ച് മാറിമറിഞ്ഞ മുഹൂർത്തം ഒടുവിൽ ടൈബ്രേക്കറും കഴിഞ്ഞ് ഫിനിഷ് ചെയ്തത് 22-20ന്. സിന്ധു കളിയിൽ തിരിച്ചെത്തി. മൂന്നാം ഗെയിം ഇരുവർക്കും നിർണായകമായി.
22-20 (ഒകുഹാര) തളർന്ന സിന്ധുവും തളരാത്ത ഒകുഹാരയും തമ്മിലായി പോരാട്ടം. കോർട്ടിെൻറ ഏതു മൂലയിൽ ഏതു ഷോട്ട് പായിച്ചാലും ഒാടിയെത്തിയ ഒകുഹാരയുടെ ചടുലതക്കായി ഗാലറിയുടെ കൈയടി. ഇതിനിടയിൽ ഒാരോ പോയൻറിനും വിയർത്തെങ്കിലും സിന്ധുവും ഇഞ്ചോടിഞ്ച് മത്സരിച്ചു. ഒാരോ പോയൻറും ഗാലറിക്ക് ഉത്സവമായി. മത്സരഫലം പ്രവചനാതീതമായപ്പോൾ ഇരുവരുടെയും കളിമികവിനായി കൈയടി. മൂന്നാം ഗെയിമിൽ തുടക്കത്തിൽ ലീഡ് പിടിച്ച ഒകുഹാരയെ (5-1) അതേ നാണയത്തിൽ എതിരിട്ട് സിന്ധു തിരിച്ചെത്തി (7-7). പിന്നെ ഒപ്പത്തിനൊപ്പമായി മുന്നേറ്റം. ഡ്രോപ് ഷോട്ടുകളും ക്രോസ് ഷോട്ടും പായിച്ചാണ് ഒകുഹാര പോയൻറ് നേടിയതെങ്കിൽ അസാമാന്യ ആംഗിളുകളിൽ റിേട്ടൺ പറത്തി സിന്ധുവും ഒപ്പത്തിനൊപ്പം നിന്നു. 16-13ന് സിന്ധു നിർണായക ലീഡ് പിടിച്ചെങ്കിലും നിലനിർത്താനായില്ല. 20-20ന് ഇഞ്ചോടിഞ്ചായി. ഒടുവിൽ ടൈബ്രേക്കറിൽ ഒകുഹാരയുടെ മിന്നുംവിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.