സോൾ: സിന്ധു മാത്രമല്ല, രാജ്യം മുഴുവൻ ഒരേ മനസ്സോടെ സ്വപ്നംകണ്ടൊരു മധുരപ്രതികാരത്തിെൻറ കഥ. മൂന്നാഴ്ച മുമ്പ് ഗ്ലാസ്ഗോയിലെ ലോക ചാമ്പ്യൻഷിപ് കോർട്ടിൽ പി.വി. സിന്ധു ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യൻഷിപ് ജേതാവാകാനൊരുങ്ങിയ രാത്രിയിൽ അശനിപാതംപോലെയായിരുന്നു കുസൃതിയും കൗതുകവും നിറഞ്ഞ മുഖത്തോടെ ജപ്പാെൻറ 22കാരി നൊസോമി ഒകുഹര അവതരിച്ചത്. ആദ്യ സെറ്റ് ജയിച്ചിട്ടും കോർട്ടിെൻറ ഇടംവലം ഒാടിക്കളിച്ച ഒകുഹരക്കു മുന്നിൽ സിന്ധു തളർന്നുവീണു. ആശിച്ച ലോക ചാമ്പ്യൻഷിപ് സ്വർണം ജപ്പാനിലേക്കും പോയി.
ഇത് മൂന്നാഴ്ച മുമ്പത്തെ കഥ. പക്ഷേ, ഇക്കുറി കൊറിയയിലെ സോളിൽ അവർ വീണ്ടും മുഖാമുഖമെത്തിയപ്പോൾ കളി മാറി. ഗ്ലാസ്ഗോയിലെ വീഴ്ചകൾ തിരുത്തിയ സിന്ധു, ഗൃഹപാഠത്തോടെയായിരുന്നു കൊറിയ ഒാപൺ സൂപ്പർ സീരീസ് ഫൈനലിനിറങ്ങിയത്. ടൈബ്രേക്കറിലേക്ക് നീങ്ങിയ ഒന്നാം ഗെയിം പൊരുതി ജയിച്ചപ്പോൾ, രണ്ടാം ഗെയിമിൽ എല്ലാം തകിടംമറിഞ്ഞു.
ആദ്യ ഗെയിം സിന്ധുവിെൻറ ലീഡോടെയാണ് കളി തുടങ്ങിയത്. എതിരാളിയുടെ അപ്രേരിത പിഴവുകൾ ഇന്ത്യൻതാരത്തിന് പോയൻറായതോടെ 5-3ന് മുന്നിലെത്തി. പക്ഷേ, ഇൗ മുൻതൂക്കം അധികം നിലനിർത്താനായില്ല. 9-9ന് ഒപ്പമെത്തിയ ഒകുഹര പതുക്കെ ലീഡെടുത്ത് മുന്നേറി. പിന്നീട് മാറിമറിഞ്ഞ മുന്നേറ്റങ്ങൾക്കായിരുന്നു കളം സാക്ഷ്യംവഹിച്ചത്. 17-17ൽനിന്ന് കളി 19-19ലെത്തി ടൈബ്രേക്കർ ഉറപ്പിച്ചു. നിർണായക ഘട്ടങ്ങളിൽ സിന്ധുവിെൻറ ഷോട്ടുകൾ വൈഡായപ്പോൾ പോയൻറുകൾ നഷ്ടമാവുന്നുണ്ടായിരുന്നു. ഒടുവിൽ തുടർച്ചയായി രണ്ട് പോയൻറുകൾ, അവയിലൊന്നാവെട്ട അമ്പയറുടെ തീരുമാനം ചലഞ്ച് ചെയ്തും. 22-20ന് സിന്ധു ഒന്നാം ഗെയിം സ്വന്തമാക്കി.ജയത്തിെൻറ ആത്മവിശ്വാസമായിരുന്നു രണ്ടാം ഗെയിമിൽ വിനയായത്. തുടക്കം മുതൽ റോക്കറ്റ് വേഗത്തിൽ കുതിച്ച ഒകുഹര 10 പോയൻറ് ലീഡോടെ ജയിച്ച് ഒപ്പമെത്തി.
മൂന്നാം ഗെയിം വീണ്ടും നിർണായകമായി. തുടക്കത്തിൽ മുൻതൂക്കം നേടിയ സിന്ധു 4-3ൽനിന്ന് 8-4ലേക്ക് ലീഡുയർത്തി ടോപ് ഗിയറിലേക്ക് മാറ്റി. ലോങ് റാലികളും ക്രോസ് ഷോട്ടുകളുമായി സിന്ധു പോയൻറ് വാരുേമ്പാൾ കോർട്ടിൽ മുന്നോട്ടുകയറി ഡ്രോപ്പ് ഷോട്ടും, നെറ്റ് ഷോട്ടുംകൊണ്ടായിരുന്നു ഒകുഹരയുടെ മറുപടി. അപ്രതീക്ഷിത നീക്കങ്ങളിൽ സിന്ധുവിന് മറുപടി നൽകുന്നതിലും പിഴച്ചു. എങ്കിലും തുടക്കത്തിൽ പിടിച്ച ലീഡുമായി ഇന്ത്യൻതാരം കിരീടത്തോടടുത്തു. ഒരുഘട്ടത്തിൽ രണ്ട് പോയൻറ് മാത്രം വ്യത്യാസത്തിൽ ഒകുഹര അപായ ഭീഷണി ഉയർത്തിയപ്പോൾ കൂടുതൽ ആക്രമണോത്സുക ഗെയിം പുറത്തെടുക്കാനാണ് സിന്ധു ശ്രമിച്ചത്. ഒടുവിൽ ഫലവും കണ്ടു. 56 ഷോട്ട് നീണ്ട, മത്സരത്തിലെ ഏറ്റവും ദൈർഘ്യമേറിയ റാലിയുമായി 19ാം പോയൻറ് നേടിയ സിന്ധു രണ്ട് പോയൻറുകൂടി പൊരുതി പിടിച്ച് കിരീടം സ്വന്തമാക്കി. കൊറിയൻ ഒാപൺ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായ സിന്ധു ഒകുഹരയുമായി മുഖാമുഖപോരാട്ടത്തിലും ഒപ്പത്തിനൊപ്പമായി (4-4).3.84 കോടി രൂപ (ആറു ലക്ഷം ഡോളർ) ആകെ സമ്മാനത്തുകയുള്ള ചാമ്പ്യൻഷിപ്പിൽ സിന്ധുവിന് 28 ലക്ഷം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.