ന്യൂഡൽഹി: കപിലും ചെകുത്താന്മാരും ലോകകപ്പ് ഉയർത്തിയതിന് ശേഷം ക്രിക്കറ്റിൽ ഒരു വിശ്വ വിജയത്തിനായുള്ള ഇന്ത്യയ ുടെ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമായതിന്‍റെ ഒമ്പതാം വാർഷികമാണിന്ന്. 2011ൽ ഇതേ ദിവസമാണ് മഹേന്ദ്ര ധോണിയുടെ നീലപ് പട മുംബൈ വാംഖ്ഡെ സ്റ്റേഡിയത്തിൽ ലോകകപ്പിൽ മുത്തമിട്ടത്. ആ കിരീട നേട്ടത്തെ പ്രകീർത്തിക്കാൻ ക്രിക്കറ്റ് വാർത്ത കളുടെ കലവറയായ ഇ.എസ്.പി.എൻ ക്രിക് ഇൻഫോ പ്രതീകമാക്കിയത് ശ്രീലങ്കയെ തോൽവിയിലേക്ക് പറത്തിയ ധോണിയുടെ പടുകൂറ്റൻ സിക ്സറിന്‍റെ ചിത്രമാണ്. "2011ൽ ഇതേ ദിവസം കോടിക്കണക്കിന് ഇന്ത്യക്കാരെ ആഹ്ലാദത്തിൽ ആറാടിച്ച ആ ഷോട്ട്" എന്ന കുറിപ്പോടെയാണ് ഈ ചിത്രം ആവർ ട്വിറ്ററിലിട്ടത്.
ഇതിനെ പരസ്യമായി എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ നായകനും ഇപ്പോൾ ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. ധോണിയുടെ സിക്സ് അല്ല, ടീമിന്‍റെ കൂട്ടായ ശ്രമമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചതെന്ന് ഗംഭീർ തുറന്നടിച്ചു. ലോകകപ്പ് ഫൈനലിൽ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യയെ വിജയ തീരത്തിലേക്ക് അടുപ്പിച്ചത് ഗംഭീറിന്‍റെ ഇന്നിങ്സാണ്. ശതകത്തിന് മൂന്ന് റൺ അകലെ കൂടാരം കയറിയ ഗംഭീറിന്‍റെ ഇന്നിങ്സ് പക്ഷേ, ധോണിയുടെ 91 റൺസ് പ്രകടനത്തിന്റെ പ്രഭയിൽ മുങ്ങിപ്പോയി. ഇതിന്റെ നീരസമാകാം ഗംഭീറിന്‍റെ ഇപ്പോഴത്തെ പ്രതികരണത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
Just a reminder @ESPNcricinfo: #worldcup2011 was won by entire India, entire Indian team & all support staff. High time you hit your obsession for a SIX. pic.twitter.com/WPRPQdfJrV
— Gautam Gambhir (@GautamGambhir) April 2, 2020
ഫൈനലിൽ നുവാൻ കലശേഖരയുടെ പന്ത് ധോണി സിക്സടിക്കുന്നത് മൽസരത്തിന്‍റെ മിഴിവാർന്ന ദൃശ്യങ്ങളിലൊന്നായിരുന്നു. ഈ ചിത്രവും. ക്രിക് ഇൻഫോയുടെ കുറിപ്പും റീട്വീറ്റ് ചെയ്ത് ഗംഭീർ ഇങ്ങനെയെഴുതി - '' ഇ.എസ്.പി.എൻ ക്രിക് ഇൻഫോക്ക് ചെറിയൊരു ഓർമ്മപ്പെടുത്തൽ. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെയും ഇന്ത്യൻ ടീമിന്‍റെയും സപ്പോർട്ടിങ് സ്റ്റാഫിന്‍റെയും കൂട്ടായ പരിശ്രമത്തിൽ ലഭിച്ചതാണ്. ആ ഒരു സിക്സിനോടുള്ള 'അഭിനിവേശം' വലിച്ചെറിയാൻ സമയമായി''. ഗംഭീറിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ലോകകപ്പ് വിജയത്തിൽ ഗംഭീറിന്‍റെ പങ്ക് ധോണിയുടെ പ്രഭയിൽ മങ്ങിപ്പോവുകയായിരുന്നെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.
ശ്രീലങ്ക മുന്നോട്ടുവെച്ച 275ന്‍റെ വിജയലക്ഷ്യം നേടാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ സെവാഗിനെ നഷ്ടമായി. സ്കോർ 31ലെത്തിയപ്പോൾ സച്ചിനും മടങ്ങി. പിന്നീട് കോഹ്ലിക്കൊപ്പം 83 റൺസിന്‍റെ മൂന്നാം വിക്കറ്റ് കൂടുകെട്ടും ധോണിക്കൊപ്പം 109 റൺസിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടും ഗംഭീർ പടുത്തുയർത്തി. 97 റൺസിന്‍റെ ഗംഭീര ഇന്നിങ്സ്. യുവരാജ് സിങ്ങിനൊപ്പം 54 റൺസിന്‍റെ പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ധോണി ടീമിനെ വിജയത്തിലുമെത്തിച്ചു. 91 റൺസെടുത്ത് പുറത്താകാതെ നിന്ന ധോണിയായിരുന്നു കളിയിലെ കേമനും.
2007ലെ ട്വന്‍റി20 ലോകകപ്പ് ഫൈനലിലും ഇന്ത്യക്കായി മികച്ച ബാറ്റിങ് പുറത്തെടുത്ത താരമാണ് ഗംഭീർ. പക്ഷേ ഗംഭീറിന്‍റെ നിർണായക ഇന്നിങ്സുകൾ പലപ്പോഴും രണ്ടാം സ്ഥാനത്തായി പോയതിന്‍റെ നിരാശയാകാം അദ്ദേഹം പ്രകടിപ്പിച്ചതെന്ന് ആരാധകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.