അവസാന ടെസ്റ്റ് നാളെ മുതല്‍; ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ച പൂര്‍ത്തിയാക്കാനൊരുങ്ങി അശ്വിന്‍

ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റിന് വ്യാഴാഴ്ച ഡല്‍ഹി ഫിറോസ്ഷാ കോട്ലയില്‍ തുടക്കം. അഭിമാനം കാത്തുരക്ഷിക്കാന്‍ ഒരു ജയം എന്ന ലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ ഇതിനകം കൈയിലായ പരമ്പരയില്‍ എതിര്‍നിരയുടെ തകര്‍ച്ച പൂര്‍ണമാക്കുകയാണ് ആര്‍.അശ്വിനും ഇന്ത്യയും ലക്ഷ്യമിടുന്നത്.

പരമ്പരയിലുടനീളം സന്ദര്‍ശകരുടെ ബാറ്റിങ്ങിനെ വശംകെടുത്തിയ അശ്വിന്‍ കോട്ലയിലെ സ്പിന്നിനെ പ്രണയിക്കുന്ന പിച്ചില്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കാനുള്ള ഒരുക്കത്തിലാണ്. ലോക രണ്ടാം നമ്പര്‍ ബൗളറായി സ്ഥാനക്കയറ്റം കിട്ടിയതിനു പിന്നാലെയാണ് അശ്വിന്‍ അവസാന ടെസ്റ്റിനിറങ്ങുന്നത്. പരമ്പര 2-0ത്തിന് സ്വന്തമാക്കിയ ഇന്ത്യ, ജയിച്ച രണ്ടു മത്സരവും മൂന്നു ദിവസംകൊണ്ടാണ് സ്വന്തമാക്കിയത്. മൊഹാലിയിലും നാഗ്പൂരിലും മന$പൂര്‍വം ‘വാരിക്കുഴി’ ഒരുക്കി സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് വേട്ടക്ക് അവസരമുണ്ടാക്കിയെന്നാണ് ഇന്ത്യ പഴികേട്ടതെങ്കില്‍ പരമ്പരാഗതമായി സ്പിന്നിനെ അകമഴിഞ്ഞു സഹായിക്കുന്ന കോട്ലയില്‍ പ്രോട്ടീസ് ബാറ്റിങ് കൂടുതല്‍ വെല്ലുവിളി നേരിടും.

സന്ദര്‍ശകരുടെ ബാറ്റിങ് നേരിട്ടതുപോലെയല്ളെങ്കിലും ഇന്ത്യന്‍ ബാറ്റിങ്ങിനും സ്പിന്നിനെതിരെ അഹങ്കരിക്കാവുന്ന നേട്ടമൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞ മത്സരങ്ങളില്‍ സാധിച്ചിട്ടില്ല. സ്പിന്നിനെ കളിക്കാന്‍ തന്‍െറ കളിക്കാര്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അതിനുള്ള പ്രതിവിധി ടീം തേടുകയാണെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെ സമ്മതിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ലൈനപ്പില്‍ മാറ്റമൊന്നുമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, ഇംഗ്ളണ്ടിനെതിരെ നടക്കാനിരിക്കുന്ന ഹോം സീരീസ് കണക്കിലെടുത്ത് ദക്ഷിണാഫ്രിക്ക കഗിസോ റബാദക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.