??????? ?????

രഹാനെ രക്ഷകനായി; ഡൽഹി ടെസ്റ്റിൽ ആദ്യദിനം ഇന്ത്യ ഏഴിന് 231

ന്യൂഡൽഹി: ആവശ്യം അറിഞ്ഞ് കളിച്ച അജിൻക്യ രഹാനെയുടെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൻെറ ആദ്യ ദിനം ഇന്ത്യ വൻ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടു. ആദ്യദിനം കളിനിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 231 എന്ന നിലയിലാണ് ഇന്ത്യ. പക്വതയാർന്ന ബാറ്റിങ്ങുമായി ഇന്ത്യ ഇന്നിങ്സിൻെറ നെടുന്തൂണായ രഹാനെ 89 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ്. നാല് വിക്കറ്റെടുത്ത സ്പിന്നർ ഡെയ്ൻ പിയറ്റാണ് ആദ്യദിനം ദക്ഷിണാഫ്രിക്കക്ക് മുൻതൂക്കം നൽകിയത്. മീഡിയം പേസർ കൈൽ ആബട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കൻ ടീമിൽ ഇല്ലാതിരുന്ന കളിക്കാരാണ് ആബട്ടും പിയറ്റും. ഇരുവരെയും ഇന്നത്തെ മത്സരത്തിൽ ഉൾപ്പെടുത്തിയത് ദക്ഷിണാഫ്രിക്കക്ക് ഗുണം ചെയ്തു. ഓപണർ മുരളി വിജയ് രണ്ട് തവണയാണ് ഇന്ന് 'പുറത്തായത്'. ആദ്യം കൈൽ ആബട്ടിൻെറ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയെങ്കിലും അമ്പയർ നോബാൾ വിധിച്ചു. എന്നാൽ 16ാം ഓവറിൽ പിയറ്റിൻെറ പന്തിൽ സ്ലിപ്പിൽ ആംല പിടിച്ച് 12 റൺസെടുത്ത വിജയ് പുറത്തായി. മറുവശത്ത് ശിഖർ ധവാൻ 33 റൺസെടുത്തു പുറത്തായി. നാല് ബൗണ്ടറികൾ സഹിതമായിരുന്നു ധവാൻെറ ഇന്നിങ്സ്.

വിരാട് കോഹ് ലിയെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡെയ്ൻ വിലാസ് പിടിച്ച് പുറത്താക്കുന്നു
 

പൂജാര 14 റൺസെടുത്ത് പുറത്തായി. പിന്നീട് ഒന്നിച്ച ക്യാപ്റ്റൻ വിരാട് കോഹ് ലിയും അജിൻക്യ രഹാനെയുമാണ് ഇന്ത്യൻ ബാറ്റിങ്ങിൻെറ നെടുന്തൂണായത്. നാലാം വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടിച്ചേർത്തു. കോഹ് ലി പിയറ്റിൻെറ പന്തിൽ പുറത്തായതോടെ ഇന്ത്യ വൻ തകർച്ചയിലേക്കെന്ന് തൊന്നിച്ചെങ്കിലും 24 റൺസെടുത്ത രവീന്ദ്ര ജദേജ രഹാനെക്ക് മികച്ച പിന്തുണ നൽകി. 155 പന്തിൽ നിന്നാണ് അജിൻക്യ രഹാനെ 89 റൺസെടുത്തത്. ഒമ്പത് ഫോറും രണ്ട് സിക്സറുമടങ്ങുന്നതാണ് ഇന്നിങ്സ്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. നാഗ്പൂർ, മൊഹാലി ടെസ്റ്റുകളാണ് ഇന്ത്യ വിജയിച്ചത്. ബംഗളൂരു ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.