മൊഹാലി: ഏകദിനത്തിലെ തോൽവിക്ക് പകരം വീട്ടാമെന്ന മോഹവുമായി ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിങ്സിൽ 201 റൺസിന് പുറത്ത്. 75 റൺസെടുത്ത ഓപണർ മുരളി വിജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ചേതേശ്വർ പൂജാര 31ഉം രവീന്ദ്ര ജദേജ 38ഉം റൺസെടുത്ത് പുറത്തായി. നാല് വിക്കറ്റെടുത്ത ഡീൻ എൽഗറിൻെറ പ്രകടനമാണ് ഇന്ത്യയെ തകർത്തത്. ഫിലാൻഡർ, ഇമ്രാൻ താഹിർ എന്നിവർ രണ്ട് വിക്കറ്റും ഹാർമറും റബാഡയും ഓരോ വിക്കറ്റ് വീതവും നേടി.
രണ്ടാമത്തെ ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നേരിട്ട നാലാം പന്തിൽ ശിഖർ ധവാൻ റണ്ണെടുക്കാതെ പുറത്താവുകയായിരുന്നു. പിന്നീടുവന്ന ചേതേശ്വർ പൂജാര 31 റൺസെടുത്ത് പുറത്തായി. ഇതിന് ശേഷം ക്യാപ്റ്റൻ വിരാട് കോഹ് ലിയും വന്നയുടൻ തന്നെ മടങ്ങി. ഒരു റൺസായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻെറ സമ്പാദ്യം. കഴിഞ്ഞ ഏകദിന മത്സരത്തിൽ കോഹ് ലിയെ പുറത്താക്കിയ റബാഡ തന്നെയായിരുന്നു ഇത്തവണയും വിക്കറ്റ് നേടിയത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന റബാഡയുടെ ആദ്യ ടെസ്റ്റ് വിക്കറ്റാണിത്.
പിന്നീടുവന്നതിൽ 38 റൺസെടുത്ത ജദേജക്ക് മാത്രമാണ് കുറച്ചുനേരം പിടിച്ചുനിൽക്കാനായത്. 92 പന്തിലാണ് ജദേജ 38 റൺസെടുത്തത്. ഇന്ത്യയുടെ മധ്യനിരയെയാണ് എറിഞ്ഞിട്ട എൽഗാർ, ദക്ഷിണാഫ്രിക്കയുടെ ഓപണിങ് ബാറ്റ്സ്മാൻ കൂടിയാണ്.
ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ വൻ തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യക്ക് പരമ്പര നഷ്ടമായത്. ഈ ക്ഷീണം ടെസ്റ്റിൽ തീർക്കാമെന്ന് മോഹത്തിനാണ് ആദ്യ ദിനത്തിൽ തന്നെ തിരിച്ചടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.