സംഗക്കാര മിന്നി; സചിന്‍ സംഘത്തിന് വീണ്ടും തോല്‍വി

ഹ്യൂസ്റ്റന്‍: വോണിന്‍െറ വാരിയേഴ്സിന് മുന്നില്‍ സചിന്‍െറ ബ്ളാസ്റ്റേഴ്സ് വീണ്ടും മുട്ടുകുത്തി. ഇതോടെ മൂന്നു മത്സരങ്ങളുടെ ട്വന്‍റി20 പരമ്പര 2-0ത്തിന്‍െറ അനിഷേധ്യ ലീഡുമായി വാരിയേഴ്സ് പിടിച്ചടക്കി. കുമാര്‍ സങ്കക്കാരയുടെയും റിക്കി പോണ്ടിങ്ങിന്‍െറയും തട്ടുപൊളിപ്പന്‍ ബാറ്റിങ്ങിന്‍െറ മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സിന്‍െറ കൂറ്റന്‍ ലക്ഷ്യമുയര്‍ത്തിയ വാരിയേഴ്സ് 57 റണ്‍സ് ജയമാണ് രണ്ടാം മത്സരത്തില്‍ കുറിച്ചത്. വൈകിയവേളയില്‍ ഷോണ്‍ പൊള്ളോക്ക് ആഞ്ഞുശ്രമിച്ചെങ്കിലും എട്ടുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ്വരെയെ ബ്ളാസ്റ്റേഴ്സിന് എത്താനായുള്ളൂ.
30 പന്തില്‍നിന്ന് ആറുവീതം ഫോറും സിക്സും പറത്തി 70 റണ്‍സ് അടിച്ചെടുത്ത സങ്കക്കാര കളിയിലെ താരമായി. ന്യൂയോര്‍ക്കിന് സമാനമായി പതിനായിരക്കണക്കിന് കാണികളാണ് ഹ്യൂസ്റ്റനിലെ മിനിറ്റ് മെയ്ഡ് പാര്‍ക്കില്‍ പ്രിയതാരങ്ങളുടെ കളി കാണാനത്തെിയത്.

ടോസ് നേടിയ സചിന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അവസരം മുതലാക്കിയ വാരിയേഴ്സ് ഓപണര്‍മാരായ മൈക്കല്‍ വോണും (30), മാത്യു ഹെയ്ഡനും (32) അര്‍ധശതക കൂട്ടുകെട്ടുയര്‍ത്തി. 51 റണ്‍സിന്‍െറ ഈ കൂട്ടുകെട്ട് വോണിന്‍െറ വീഴ്ചയോടെ പിരിഞ്ഞ് അധികംവൈകാതെ ഹെയ്ഡനും വീണു. പിന്നീട് ജാക് കാലിസും സങ്കക്കാരയും ചേര്‍ന്ന് ബ്ളാസ്റ്റേഴ്സ് ബൗളിങ്ങിനെ ശിക്ഷിച്ചു. 91 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 23 പന്ത് നേരിട്ട കാലിസ് മൂന്നു ഫോറും നാല് സിക്സും പറത്തി 45 റണ്‍സുമായി തിരിച്ചുകയറി. തുടര്‍ന്ന്, പോണ്ടിങ് സങ്കക്കാരക്ക് മികച്ച കൂട്ടുകാരനായി. 16 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്സും പറത്തിയ പോണ്ടിങ് 41 റണ്‍സുമായി പോയതിനു പിന്നാലെ സങ്കക്കാരയും വീണു. പിന്നീട് ആന്‍ഡ്രു സൈമണ്‍സും (19), ജോണ്ടി റോഡ്സും (18) ചേര്‍ന്നാണ് സ്കോര്‍ 262ല്‍ എത്തിച്ചത്.

മറുപടി ബാറ്റിങ്ങില്‍, വീരേന്ദര്‍ സെവാഗിനെ (16), ബ്ളാസ്റ്റേഴ്സിന് പെട്ടെന്ന് നഷ്ടമായി. ആദ്യ പോരിനിറങ്ങിയ സൗരവ് ഗാംഗുലി ഓരോ ഫോറും സിക്സുമടിച്ച് പ്രതീക്ഷ നല്‍കി 12 റണ്‍സുമായി മടങ്ങി. സഖ്ലെയ്ന്‍ മുഷ്താഖിന്‍െറ ബൗളിങ്ങിന് മുന്നില്‍ സചിനും(33) വീണു. ബ്രയാന്‍ ലാറ (19), മഹേല ജയവര്‍ധനെ (5) എന്നിവരും ക്ഷണത്തില്‍ മടങ്ങി. ലാന്‍സ് ക്ളൂസ്നര്‍ക്കും (21), ഗ്രേയം സ്വാനുമൊപ്പം ജയത്തിലേക്ക് പൊരുതാനായി പിന്നീട് ഷോണ്‍ പൊള്ളോക്കിന്‍െറ ശ്രമം. എന്നാല്‍, എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു ജയം. ഏഴു സിക്സും ഒരു ഫോറും പറത്തി 22 പന്തില്‍ 55 റണ്‍സുമായി പൊള്ളോക്ക് പോയതോടെ വീണതോടെ ബ്ളാസ്റ്റേഴ്സിന്‍െറ പോരാട്ടം അവസാനിച്ചു. സൈമണ്‍സിന്‍െറ നാലു വിക്കറ്റ് പ്രകടനവും മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം നല്‍കി രണ്ടുപേരെ പറഞ്ഞുവിട്ട മുഷ്താഖിന്‍െറ പ്രകടനവുമാണ് വാരിയേഴ്സിന് തുണയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.