ബംഗളൂരു: ആകാശത്ത് ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളെയും പിച്ചില്‍ പതിയിരിക്കുന്ന ഭൂതത്തെയും മറികടക്കുന്നവര്‍ ചിന്നസ്വാമി കീഴടക്കും. രണ്ടാം ടെസ്റ്റിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ശനിയാഴ്ച കളത്തിലിറങ്ങുമ്പോള്‍ പ്രവചനാതീതമായി നില്‍ക്കുന്ന ആ രണ്ടു കൂട്ടര്‍ തന്നെയാണ് ഇരു ടീം ക്യാമ്പുകള്‍ക്കും ഒരുപോലെ വെല്ലുവിളി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍നിന്ന് മേല്‍ക്കൂര കെട്ടിയുയര്‍ത്തി സംരക്ഷിച്ച പിച്ച് സ്പിന്‍ കുഴിയായിരിക്കും ഒരുക്കിവെച്ചിരിക്കുക എന്നത് ഏറക്കുറെ ഉറപ്പിക്കാം. എന്നാല്‍, കൂടുതല്‍ മഴ പ്രതീക്ഷിക്കാവുന്ന അടുത്ത അഞ്ചു ദിവസങ്ങളില്‍ പിച്ചിന്‍െറ സ്വഭാവം എങ്ങനെ മാറും എന്നത് നിര്‍ണായകമാകും. ഇന്ത്യ 108 റണ്‍സിന് സ്വന്തമാക്കിയ മൊഹാലി ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ വിക്കറ്റ് കൊയ്ത്ത് നടത്തിയപ്പോള്‍ ഇരു ബാറ്റിങ് നിരയും അതിന്‍െറ ഫലമനുഭവിച്ചതാണ്. കൂടുതല്‍ മികവുപുലര്‍ത്തിയ സ്പിന്‍ ആക്രമണം ഉണ്ടായതുകൊണ്ടുമാത്രം ഇന്ത്യക്ക് ജയം സാധ്യമായി.
ടീം സെലക്ഷന്‍
ഇരുപക്ഷത്തും പേസ് ബൗളിങ് വിഭാഗത്തിലാണ് ആശയക്കുഴപ്പം. ഗുരുതരമായ പ്രശ്നം നേരിടുന്നത് ദക്ഷിണാഫ്രിക്ക. വെര്‍ണന്‍ ഫിലാണ്ടറിന് പിന്നാലെ സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്നിന്‍െറ സേവനവും രണ്ടാം ടെസ്റ്റില്‍ അവര്‍ക്ക് ലഭിക്കില്ല എന്ന് ഉറപ്പായി. ഇന്ത്യക്കാകട്ടെ, ഇശാന്ത് ശര്‍മയുടെ മടങ്ങിവരവുണ്ടാക്കിയ ‘സുഖമുള്ള തലവേദന’യാണ്. ഉമേഷ് യാദവോ വരുണ്‍ ആരോണോ ഇശാന്തിനായി വഴിമാറിക്കൊടുക്കേണ്ടിവരും. സ്പിന്നില്‍ മാത്രം വിശ്വാസര്‍പ്പിച്ച്, ബാറ്റിങ്ങില്‍ കൂടുതല്‍ ആഴം തേടി നാല് ബൗളര്‍മാരിലേക്ക് വിരാട് കോഹ്ലിയും ടീം മാനേജ്മെന്‍റും തിരികെപ്പോയാല്‍ പേസ് ആക്രമണം ഇശാന്തിന്‍െറ മാത്രം ചുമലിലാകും. മൂടിക്കെട്ടിയ കാലാവസ്ഥയും സഹായം കിട്ടാന്‍ സാധ്യതയുള്ള പിച്ചും മുന്നില്‍ക്കണ്ട് രണ്ട് പേസര്‍മാരെ കളിപ്പിക്കാനുള്ള തീരുമാനവും തള്ളിക്കളയാനാകില്ല. ആ നിലയിലും നാല് ബൗളര്‍മാര്‍ എന്ന് കണക്കുകൂട്ടിയാല്‍ അമിത് മിശ്രക്കാകും പിടിവീഴാന്‍ സാധ്യത. പക്ഷേ, മൊഹാലിയില്‍ എ.ബി. ഡിവില്ലിയേഴ്സിന്‍െറ വിലപിടിച്ച വിക്കറ്റ് രണ്ട് ഇന്നിങ്സിലും വീഴ്ത്തിയ സല്‍പേര് അമിതിന് പ്ളസ്പോയന്‍റായുണ്ട്. ആദ്യ കളിയിലെ ബാറ്റിങ് വീഴ്ച കണക്കിലെടുത്ത് ഓള്‍റൗണ്ടര്‍ റോളിലേക്ക് സ്റ്റുവര്‍ട്ട് ബിന്നിയെയോ ഗുര്‍കീരത് സിങ് മന്നിനെയോ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്.
ഒന്നാം ടെസ്റ്റിനിടെ വയറിലെ പേശികള്‍ക്കേറ്റ പരിക്കില്‍നിന്ന് മുക്തനാകാത്തതാണ് സ്റ്റെയിനിനെ കളിയില്‍നിന്ന് പുറത്താക്കിയത്. ഫിലാണ്ടറിന് പകരം ഉള്‍പ്പെടുത്തിയ കെയ്ല്‍ അബോട്ട്, സ്റ്റെയിനിന്‍െറ പകരക്കാരനായി കളിക്കുമെന്ന് ക്യാപ്റ്റന്‍ ഹാഷിം ആംല പറഞ്ഞു. സന്ദര്‍ശകര്‍ക്ക് ആഹ്ളാദിക്കാന്‍ വകനല്‍കുന്ന വാര്‍ത്ത ഓള്‍റൗണ്ടര്‍ ജെ.പി. ഡുമിനിക്ക് കളിക്കാനാകും എന്നതാണ്. സ്പിന്നിനെ മികച്ച രീതിയില്‍ നേരിടാന്‍ കെല്‍പുള്ള ഡുമിനിയുടെ തിരിച്ചുവരവ് ദക്ഷിണാഫ്രിക്കയുടെ മധ്യനിരക്ക് ഊര്‍ജംപകരും. മോണി മോര്‍ക്കലും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. 100ാം ടെസ്റ്റ് കളിക്കുന്ന എ.ബി. ഡിവില്ലിയേഴ്സ് തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങില്‍ ഇന്ത്യ ഏറെ പേടിക്കേണ്ടത്. ഐ.പി.എല്ലില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍െറ താരമായ ഡിവില്ലിയേഴ്സിന് ചിന്നസ്വാമി ചിരപരിചിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.