ആൾ സ്റ്റാർസ് ക്രിക്കറ്റ് പരമ്പര വോൺ വാരിയേഴ്സ് തൂത്തുവാരി

ലൊസാഞ്ചലസ്: വിരമിച്ച താരങ്ങൾ അണിനിരന്ന ഓൾസ്റ്റാർസ് ക്രിക്കറ്റ് പരമ്പര വോൺ വാരിയേഴ്സിന്. സച്ചിൻ ബ്ലാസ്റ്റേഴ്സിനെ ഇന്ന് നടന്ന അവസാന മത്സരത്തിൽ തോൽപിച്ചാണ് വോൺ വാരിയേഴ്സ് 3-0ന് പരമ്പര നേടിയത്. നാലു വിക്കറ്റിനായിരുന്നു വാരിയേഴ്സിൻെറ ജയം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സച്ചിൻ ബ്ലാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 എന്ന കൂറ്റൻ സ്കോർ അടിച്ചെടുത്തു. എന്നാൽ ഇത് പിന്തുടർന്ന വാരിയേഴ്സ് ഒരു പന്ത് ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു.

സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സെവാഗും ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്സിന് നൽകിയത്. സെവാഗ് 15 പന്തിൽ 27 റൺസെടുത്തപ്പോൾ, സച്ചിൻ 27 പന്തിൽ 56 റൺസെടുത്തു. പിന്നാലെയെത്തിയ മഹേള ജയവർധനയും സൗരവ് ഗാംഗുലിയും മികച്ച പ്രകടനം നടത്തി. ജയവർധന 41ഉം ഗാംഗുലി 37 പന്തിൽ 50ഉം റൺസെടുത്തു. വിൻഡീസ് മുൻ നായകൻ കാൾ ഹൂപ്പർ 33 റൺസ് സ്കോർ ചെയ്തു. വാരിയേഴ്സിനായി കിവീസ് സ്പിന്നർ ഡാനിയൽ വെട്ടോറി മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സിന് ആദ്യത്തിൽ തന്നെ ഒരു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് മികച്ച പ്രകടനം നടത്തി അവർ വിജയം നേടുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ആൻഡ്രൂ സൈമൻഡ്സ് 19 പന്തുകളിൽ നിന്നും 31 റൺസെടുത്തു. കുമാർ സങ്കക്കാര (42), റിക്കി പോണ്ടിങ് (43), ജാക് കല്ലിസ് (47) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. വെടിക്കെട്ട് പ്രകടനമാണ് ഈ ഇതിഹാസ താരങ്ങളിൽ നിന്നുണ്ടായത്. ഒരു പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ വാരിയേഴ്സ് ലക്ഷ്യം കാണുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.