നാഗ്പൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 124 റൺസിൻറെ മിന്നുന്ന വിജയം. ഏഴു വിക്കറ്റുകൾ കീശയിലാക്കി ആർ. അശ്വിനാണ് വിരാട് കോഹ് ലിക്കും സംഘത്തിനും വിജയമൊരുക്കിയത്.  രണ്ടാം ഇന്നിങ്‌സില്‍ 310 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്ക 185 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. സ്കോർ ഇന്ത്യ 215, 173- ദക്ഷിണാഫ്രിക്ക 79, 185.  ഇതോടെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0). ക്യപ്റ്റൻ വിരാട് കോഹ്ലിയുടെ ഇന്ത്യയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണിത്. വിദേശത്ത് ആഫ്രിക്കന്‍ സംഘം ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത് ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ്.
 

അശ്വിനാണ് കളിയിലെ മാന്‍ ഓഫ് ദി മാച്ച്. 2015ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴത്തിയെന്ന റെക്കോര്‍ഡും അശ്വിന്‍ സ്വന്തമാക്കി. എട്ട് ടെസ്റ്റുകളില്‍ നിന്നായി 55 വിക്കറ്റുകളാണ് തമിഴ്‌നാട്ടുകാരന്‍ വീഴ്ത്തിയത്.

 


എട്ട് വിക്കറ്റ് ബാക്കിയിരിക്കെ 278 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ തന്നെ പരുങ്ങല്‍ ദൃശ്യമായിരുന്നു. ഡീന്‍ എലഗര്‍ (18), എബി ഡിവില്ലിഴേയ്‌സ്(9), ഹാഷിം അംല (39), ഡു പ്ലെസിസ് (39) ജെ.പി ഡുമിനി (19), ഡാന്‍ വിലാസ് (12), സിമോണ്‍ ഹാര്‍മര്‍ (8), കാഗിസോ റബാഡ (6) എന്നിവരാണ് ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഇന്ന് പുറത്തായത്. എലഗറുടെയും ഡിവില്ലിഴേയ്‌സിനയും പുറത്താക്കി അശ്വിന്‍ തുടക്കത്തില്‍ തന്നെ ആഫ്രിക്കന്‍ സംഘത്തെ ബാക്ക് ഫൂട്ടിലാക്കി. 

പിന്നീട് അംലയും ഡു പ്ലെസിസും ചേര്‍ന്ന് സ്‌കോര്‍ബാര്‍ഡ് ഉയര്‍ത്തുകയായിരുന്നു. തകര്‍ച്ചയുടെ വക്കില്‍ നിന്നും ഈ സഖ്യം ദക്ഷിണാഫ്രിക്കയെ പതുക്കെ കരകയറ്റുകയായിരുന്നു. 46.2 ഓവറാണ് ഇരുവരും ചേര്‍ന്ന് പ്രതിരോധിച്ചത്. ഈ പരമ്പരയിലെ ഏററവും അധികസമയത്തുള്ള ഇന്നിങ്സായിരുന്നു ഇത്. അതിനിടെയാണ് അമിത് മിശ്ര ഈ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ച് റണ്‍സെടുക്കുന്നതിനിടെയാണ് നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ സംഘത്തിന് നഷ്ടമായത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സ് നേടിയിരുന്നു. പിന്നീട് ക്രീസിലെത്തിയവര്‍ക്കാര്‍ക്കും ഇന്ത്യന്‍ ബൗളിങ്ങിനെ ചെറുക്കാനായില്ല. ഇഷാന്ത് ശര്‍മ്മക്കും രവീന്ദ്ര ജേഡക്കും വിക്കറ്റൊന്നും ലഭിച്ചില്ല. മോണി മോര്‍ക്കല്‍ (4) പുറത്താകാതെ നിന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.