ന്യൂഡൽഹി: 2016ലെ ഏഷ്യാ കപ്പ് ക്രിക്കറ്റിന് ധാക്ക വേദിയാക്കാൻ തീരുമാനമായി. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) യോഗത്തിലാണ് തീരുമാനമായത്. ട്വൻറി20 മത്സരമായിട്ടായിരിക്കും ടൂർണമെൻറ് നടക്കുക. ആദ്യമായിട്ടാണ് ഏഷ്യാ കപ്പിൽ ട്വൻറി20 ഉൾപ്പെടുത്തുന്നത്. 2018ലെ ഏഷ്യാ കപ്പ് ഏകദിന മത്സരം ഇന്ത്യയിൽ നടക്കും. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് എ.സി.സി തീരുമാനം അറിയിച്ചത്.
തുടർച്ചയായി മൂന്നാംതവണയാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അടുത്തവർഷം മാർച്ചിൽ ഇന്ത്യയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിന് മുമ്പായിരിക്കും ഏഷ്യാ കപ്പ് നടക്കുക. ടെസ്റ്റ് രാജ്യങ്ങളായ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവക്കുപുറമേ ഏഷ്യയിലെ മറ്റു രണ്ട് ടീമുകളെയും ഉൾപ്പെടുത്തിയാണ് ടൂർണമെൻറ് നടക്കുക. അഫ്ഗാനിസ്താൻ, യു.എ.ഇ, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽനിന്നാവും രണ്ട് ടീമുകളെ തെരഞ്ഞെടുക്കുക. 2019ൽ നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽകണ്ടാണ് 2018 ഏഷ്യാ കപ്പ് ഇന്ത്യയിൽ നടക്കുക.
ഏഷ്യയിലെ മറ്റു രാജ്യങ്ങളിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ക്രിക്കറ്റ് വരുമാനത്തിൽനിന്ന് രണ്ടു ശതമാനം വീതം നൽകാനും എ.സി.സിയോഗത്തിൽ തീരുമാനമായി. ഈ രാജ്യങ്ങളിലേക്ക് ടെസ്റ്റ് രാജ്യങ്ങളുടെ എ ടീമുകളെ അയക്കും. ഓരോ ടീമിലും സീനിയർ ടീമിലെ മൂന്നുകളിക്കാരെയും ഉൾപ്പെടുത്താനും തീരുമാനിച്ചു. നേപ്പാൾ, അഫ്ഗാനിസ്താൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ ഒന്നാംകിട ടീമുകളുമായിട്ടാണ് എ ടീമുകൾ മത്സരിക്കുക. എ.സി.സിയുടെ മികവിെൻറ കേന്ദ്രമായി ഹിമാചൽ പ്രദേശിലെ ധർമശാല സ്റ്റേഡിയം തെരഞ്ഞെടുക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നതായി അനുരാഗ് താക്കൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.