ക്രിക്കറ്റ് ആസ്ട്രേലിയ ലേഖകന് പറയാനുള്ളത്‌

മുംബൈ: ഇന്ത്യയുടെ തോല്‍വിയും ലോകകപ്പിലെ പുറത്താവലുമായിരുന്നില്ല സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലെ ‘ട്രെന്‍ഡിങ്’. കളിക്കുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്‍െറ വിരമിക്കലിനെക്കുറിച്ച് ചോദിച്ച ആസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സാമുവല്‍ ഫെരിസിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ‘ഇരുത്തിച്ചു’കളഞ്ഞ സീനിനു പിന്നാലെയായി ക്രിക്കറ്റ് ലോകം. ഉരുളക്കുപ്പേരിയെന്നപോലെ ധോണി ഒരു കാര്യം പറയാതെ പറഞ്ഞു: ‘വിരമിക്കലിനെക്കുറിച്ച് ടെന്‍ഷനടിക്കേണ്ട.  2019 ലോകകപ്പ് വരെയുണ്ടാവും’.

വാര്‍ത്താസമ്മേളനത്തില്‍ ധോണി ‘ഇരുത്തിച്ച’ ക്രിക്കറ്റ് ആസ്ട്രേലിയ ലേഖകന്‍ സാമുവല്‍ ഫെരിസ് തന്നെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു

‘ആലോചിച്ചുറപ്പിച്ചതായിരുന്നു എന്‍െറ ചോദ്യം. 2014 ബോക്സിങ് ഡേ ടെസ്റ്റിനിടെ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ച ധോണിക്ക് നിയന്ത്രിത ഓവര്‍ കരിയര്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ആലോചനയുണ്ടോ എന്നറിയാനുള്ള ആഗ്രഹം. കരിയറില്‍ എല്ലാം സ്വന്തമാക്കിയ ധോണി വിരമിക്കുമോ? മനസ്സില്‍ ചോദ്യമൊരുക്കി കാത്തിരിപ്പായിരുന്നു. എനിക്കുമുമ്പേ അവസരം ലഭിക്കുന്ന ആരെങ്കിലും ചോദിക്കുമോയെന്ന് പ്രതീക്ഷിച്ചു. പക്ഷേ, ആരും  മിണ്ടിയില്ല. അവസരമത്തെിയപ്പോള്‍ ധൈര്യത്തോടെ ഞാന്‍ ചോദ്യമെറിഞ്ഞു. വാക്കുകള്‍ മയത്തോടെതന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. ചോദ്യമാവര്‍ത്തിക്കാനായി ധോണി.

ഉത്തരം പ്രതീക്ഷിച്ചിരിക്കെ എത്തിയത് വേദിയിലേക്കുള്ള ക്ഷണമായിരുന്നു. അമ്പരന്നുപോയ നിമിഷം. ഇരിപ്പിടത്തില്‍ ഒന്നുകൂടി അമര്‍ന്നിരുന്നപ്പോള്‍, വീണ്ടും വിളിച്ചു. ‘കാര്യമായാണ്, ഇവിടേക്ക് വരണം’ -വേദിയില്‍ കസേര നീക്കിയിട്ട് ധോണി ആവര്‍ത്തിച്ചു. തോളില്‍ തട്ടി, നിറഞ്ഞ ചിരിയോടെ ഊഷ്മളമായ വരവേല്‍പ്. സദസ്സിലെ നിറഞ്ഞ ചിരിക്കിടെ ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ തുടര്‍ച്ചയായി പടമെടുക്കുന്നുണ്ടായിരുന്നു. ‘ഹലോ സര്‍’ എന്ന അഭിസംബോധനക്ക് മറുപടിയായി ധോണിയുടെ ചോദ്യം -‘ഞാന്‍ വിരമിക്കണമെന്നാണോ?’

‘അല്ല, വിരമിക്കുന്നുണ്ടോ എന്ന് അറിയാനാണ്’ -എന്‍െറ മറുപടിയോട് തുടര്‍ച്ചയായ ചോദ്യങ്ങളായി ധോണിയുടേത്. ഈ ചോദ്യം ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനില്‍നിന്ന് പ്രതീക്ഷിച്ചതായിരുന്നുവെന്ന വിശദീകരണവും. റണ്ണപ്പിലെ വേഗം ശ്രദ്ധിച്ചിരുന്നോ എന്നായി. 2019 ലോകകപ്പില്‍ ഫിറ്റ്നസുണ്ടാവില്ളേ എന്നും ചോദിച്ചു. ‘എന്തുപറയണമെന്ന് അറിയില്ലായിരുന്നു. കീപ്പിങ്ങിലും ബാറ്റിങ്ങിലും മികവുള്ളപ്പോള്‍ തന്നെ 34 വയസ്സ് പ്രായം. വിരാട് കോഹ്ലിയെന്ന യുവതാരം ചിറകുവിരിച്ച് പറക്കാനൊരുങ്ങുന്നു. എല്ലാം മനസ്സിലൂടെ മിന്നിമാഞ്ഞു. പക്ഷേ, മറുപടി പെട്ടെന്നു പറഞ്ഞു. തീര്‍ച്ചയായും, നിങ്ങളുണ്ടാവും’.

ഒടുവില്‍, നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍തന്നെ മറുപടി പറഞ്ഞല്ളോ എന്ന വിശദീകരണത്തോടെ ധോണി യാത്രയാക്കി.
വാര്‍ത്താസമ്മേളനം കഴിഞ്ഞപ്പോള്‍ മീഡിയ റൂമില്‍ ഇന്ത്യന്‍ ജേണലിസ്റ്റുകള്‍ എന്നെ പൊതിഞ്ഞു. അവര്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്നുപോലും ഓര്‍മയില്ല. മറന്നുപോയ എന്‍െറ പേര് അറിയാന്‍ അക്രഡിറ്റേഷന്‍ കാര്‍ഡ് നോക്കേണ്ടിവന്നു. ഏതാനും മിനിറ്റുകള്‍ക്കകം ട്വിറ്ററില്‍ ഞാന്‍ ട്രെന്‍ഡിങ് ആയി. നോട്ടിഫിക്കേഷനും നിറയുന്നു. പിന്തുടരുന്നവരുടെ എണ്ണവും കൂടി.’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.