മുംബൈ: ഇപ്പോള്‍ കണ്ടതല്ല പൂരം; ഇനി വരാനിരിക്കുന്നതാണ്. ലോകപൂരം കഴിഞ്ഞ് കപ്പുമായി വിന്‍ഡീസ് നാടുപിടിച്ചെങ്കിലും അടിപൊളി ക്രിക്കറ്റിന്‍െറ നാളുകള്‍ ഇനിയാണ് വരാനിരിക്കുന്നത്. ലോകത്തിലെ പ്രമുഖ കളിക്കാര്‍ എട്ടു ടീമുകളിലായി അണിനിരക്കുന്ന പെരുംപൂരത്തിന്‍െറ നാളുകള്‍. സിക്സറുകള്‍ മഴ കണക്കെ ഗാലറികള്‍ക്കുമുകളില്‍നിന്നു പെയ്യുന്ന വൈകുന്നേരങ്ങള്‍.
പന്തുകള്‍ അതിര്‍ത്തിവേലി ചാടിക്കടക്കുന്ന പുല്‍പ്പരപ്പ്. വിക്കറ്റുകള്‍ കൊഴിയുന്ന ഉത്സവമേളം. ബാറ്റിലും ബാളിലും തീപടരുന്ന നിമിഷങ്ങള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒമ്പതാം സീസണ്‍ ആരംഭിക്കാന്‍ ഇനി മൂന്നു നാള്‍. ശനിയാഴ്ച വൈകീട്ട് എട്ടിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പുതിയ ടീമായ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിനെ നേരിടും.
ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ് മുംബൈയുടെ ക്യാപ്റ്റന്‍. ചെന്നൈ സൂപ്പര്‍ കിങ്സ് സസ്പെന്‍ഷനിലായതിനാല്‍ ടീം മാറി കളിക്കാനിറങ്ങിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി തന്നെയാണ് പുണെയുടെ കപ്പിത്താന്‍. മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ളൂര്‍, സണ്‍റൈസ് ഹൈദരാബാദ്, പുതിയ ടീമായ ഗുജറാത്ത് ലയണ്‍സ് എന്നിവരാണ് മറ്റു ടീമുകള്‍. വാതുവെപ്പ് വിവാദത്തത്തെുടര്‍ന്ന് സസ്പെന്‍ഷനിലായ ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും പകരമാണ് പുണെ സൂപ്പര്‍ ജയന്‍റ്സും ഗുജറാത്ത് ലയണ്‍സും പുതിയ ടീമുകളായി ഐ.പി.എല്ലില്‍ ഇടംപിടിച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യന്‍സും രണ്ടുവട്ടം ചാമ്പ്യന്മാരായ ടീമുകള്‍. രാജസ്ഥാന്‍ റോയല്‍സും ഡെക്കാന്‍ ചാര്‍ജേഴ്സുമാണ് കപ്പു നേടിയ മറ്റു രണ്ടു ടീമുകള്‍. ഏറ്റവുംകൂടുതല്‍ ഫൈനല്‍ കളിച്ച ടീമാണ് ചെന്നൈ. ആറുതവണയാണ് ടീം ഫൈനലില്‍ ഇടംപിടിച്ചത്. ഫൈനല്‍ അടക്കം മൊത്തം 60 മത്സരങ്ങളുടെതാണ് ഷെഡ്യൂള്‍. മേയ് 29ന് വാംഖഡെയില്‍ തന്നെയാണ് ഫൈനലും നടക്കുന്നത്. ഓരോ ടീമുകളും രണ്ടുവട്ടം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം. ഇന്ത്യയില്‍ നടന്ന ട്വന്‍റി20 ലോകകപ്പില്‍ കളിച്ച മിക്ക കളിക്കാരും വിവിധ ടീമുകളിലായി അണിനിരക്കും. ഓരോ തവണയും പുതിയ താരങ്ങള്‍ ഉദയംചെയ്യുന്ന ഐ.പി.എല്‍ മാമാങ്കം ഇക്കുറിയും പുതുതാരങ്ങളെ പ്രതീക്ഷിക്കുന്നു. ഇക്കുറി ഇന്ത്യന്‍ ടീമില്‍ അണിനിരന്ന ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും പവന്‍ നെഗിയുമെല്ലാം ഐ.പി.എല്ലിന്‍െറ താരങ്ങളായിരുന്നു.
ധോണി, കോഹ്ലി, ക്രിസ് ഗെയില്‍, ഡ്വെ്ന്‍ ബ്രാവോ, കീറണ്‍ പൊള്ളാര്‍ഡ്, ബ്രാത്വെയ്റ്റ്, ബ്രണ്ടന്‍ മക്കല്ലം, ആന്ദ്രെ റസല്‍, ഫാഫ് ഡുപ്ളസിസ്, ഡിവില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍, ഷെയ്ന്‍ വാട്സണ്‍ തുടങ്ങിയ വമ്പന്‍താരങ്ങളാണ് വിവിധ ടീമുകളില്‍ അണിനിരക്കുന്നത്. ഇതിനു പുറമെ ഇന്ത്യയിലെ നിരവധി താരങ്ങള്‍ക്കും കഴിവുതെളിയിക്കാന്‍ അവസരമൊരുങ്ങുന്നു. മലയാളിതാരങ്ങളായ സഞ്ജു വി. സാംസണ്‍, സച്ചിന്‍ ബേബി എന്നിവരും കളത്തിലിറങ്ങുന്നുണ്ട്.
ചാമ്പ്യന്‍ മുംബൈ
നിലവിലെ ചാമ്പ്യന്മാരെന്ന ഖ്യാതിയുമായാണ് മുംബൈ ഇന്ത്യന്‍സ് ഒമ്പതാം സീസണിനിറങ്ങുന്നത്. മൂന്നുതവണ ഫൈനല്‍ കളിച്ച ടീം രണ്ടുതവണ ചാമ്പ്യന്മാരുമായി. 2010ല്‍ ഫൈനല്‍ കളിച്ച ടീം 2013ലും 15ലും ചാമ്പ്യന്മാരായി. രണ്ടുവട്ടവും കപ്പു നേടിയത് ഇന്ത്യന്‍താരം രോഹിത് ശര്‍മയുടെ നായകത്വത്തിലായിരുന്നു. ഇക്കുറിയും രോഹിത് തന്നെ നായകന്‍. പ്രഗല്ഭരുടെ നീണ്ട നിരയുമായാണ് മുംബൈ ഇത്തവണയും കളത്തിലിറങ്ങുന്നത്. ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യക്കായി ബൗളിങ് നയിച്ച ജസ്പ്രീത് ബുംറ, ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ ന്യൂസിലന്‍ഡ് താരങ്ങളായ മിച്ചല്‍ മക്ലനാഗന്‍, ടിം സൗതി തുടങ്ങിയവരിലാണ് ബൗളിങ് പ്രതീക്ഷ. രോഹിത് തന്നെ നയിക്കുന്ന ബാറ്റിങ്ങ് നിരയില്‍ ലെന്‍ഡല്‍ സിമ്മണ്‍സ്, ജോസ് ബട്ലര്‍, അമ്പാട്ടി റായ്ഡു തുടങ്ങിയവര്‍ അണിനിരക്കുന്നു. ഹര്‍ദിക് പാണ്ഡ്യയെയും കീറണ്‍ പൊള്ളാര്‍ഡിനെയും പോലുള്ള ഓള്‍ റൗണ്ടര്‍മാരും ഹര്‍ഭജനെ പോലുള്ള പരിചയസമ്പന്നരുമുണ്ട്.
മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കൊറി ആന്‍ഡേഴ്സണ്‍, ജസ്പ്രീത് ബുംറ, ജോസ് ബട്ലര്‍, ഉന്മുക്ത് ചന്ദ്, മര്‍ച്ചന്‍റ് ഡി ലാങ്ഗെ, ശ്രേയസ് ഗോപാല്‍, ഹര്‍ഭജന്‍ സിങ്, കിഷോര്‍ കാമത്ത്, സിദ്ധേഷ് ലാദ്, മിച്ചല്‍ മക്ലനാഗന്‍, ലസിത് മലിംഗ, ഹര്‍ദിക് പാണ്ഡ്യ, ക്രുനല്‍ പാണ്ഡ്യ, പാര്‍ഥിവ് പട്ടേല്‍, കീറണ്‍ പൊള്ളാര്‍ഡ്, ദീപക് പുന്‍ല, നിതീഷ് റാണ, ജിതേഷ് ശര്‍മ, അമ്പാട്ടി റായ്ഡു, നാഥു സിങ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ടിം സൗതി, ജഗദീശ് സുചിത്, വിനയ് കുമാര്‍, അക്ഷയ് വഖാരെ.
ധോണിച്ചിറകില്‍ പുണെ
ആറു തവണ ഐ.പി.എല്‍ ഫൈനല്‍ കളിച്ച ഒരേയൊരു ക്യാപ്റ്റനേയുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ നായകനായിരുന്ന സാക്ഷാല്‍ മഹേന്ദ്രസിങ് ധോണി. വാതുവെപ്പ് വിവാദത്തില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചെന്നൈയെയും സസ്പെന്‍ഡ് ചെയ്തപ്പോള്‍ ധോണിക്ക് പുതിയ ടീമിലേക്ക് ചേക്കേറേണ്ടിവന്നു. പുതിയ നിരയെ കെട്ടിപ്പടുക്കേണ്ട ഉത്തരവാദിത്തവുമായാണ് ധോണി ടീമിനെ നയിക്കാനിറങ്ങുന്നത്. ചെന്നൈ നിരയില്‍ കൂട്ടായിരുന്ന രവിചന്ദ്ര അശ്വിന്‍, ഫാഫ് ഡുപ്ളസിസ് എന്നിവരും ധോണിക്കൊപ്പമുണ്ട്. ഇംഗ്ളീഷ് താരം കെവിന്‍ പീറ്റേഴ്സന്‍െറ സാന്നിധ്യമാണ് പുണെയുടെ പ്രധാന കരുത്ത്. ഇര്‍ഫാന്‍ പത്താന്‍, ഇശാന്ത് ശര്‍മ, ആര്‍.പി. സിങ് എന്നീ പടക്കുതിരകളും അശ്വിനു പുറമെ ബൗളിങ് കരുത്തേകുന്നു. ചെന്നൈയുടെയും കോച്ചായിരുന്ന ന്യൂസിലന്‍ഡ് താരം സ്റ്റീഫന്‍ ഫ്ളമിങ്ങാണ് പരിശീലകന്‍.
റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ്
എം.എസ്. ധോണി (ക്യാപ്റ്റന്‍), അങ്കിത് ശര്‍മ, ബാബാ അപരാജിത്, രവിചന്ദ്ര അശ്വിന്‍, മുരുകന്‍ അശ്വിന്‍, അങ്കുഷ് ബാല്‍സ്, രജത് ഭാട്ട്യ, സ്കോട്ട് ബൊളാന്‍ഡ്, ദീപക് ചാഹര്‍, അശോക് ദിണ്ട, ഫാഫ് ഡുപ്ളസിസ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, അയാസ്കരന്‍ സിങ്, മിച്ചല്‍ മാര്‍ഷ്, അല്‍ബി മോര്‍ക്കല്‍, ഈശ്വര്‍ പാണ്ഡേ, ഇര്‍ഫാന്‍ പത്താന്‍, തിസര പെരേര, കെവിന്‍ പീറ്റേഴ്സണ്‍, അജിന്‍ക്യ രഹാനെ, ഇശാന്ത് ശര്‍മ, ആര്‍.പി. സിങ്, സ്റ്റീവ് സ്മിത്ത്, സൗരഭ് തിവാരി, ആദം സാംപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.